Archive for മേയ്, 2008 |Monthly archive page

റബ്ബര്‍ വില ഇടിക്കുവാനുള്ള തന്ത്രം മെനയാതിരുന്നാല്‍ മതി

റബറിന്‌ എല്ലാക്കാലത്തും മികച്ച വില പ്രതീക്ഷിക്കരുത്‌

രാജ്യാന്തര റബര്‍ സമ്മേളനം സമാപിച്ചു

കൊച്ചി: റബറന്‌ എല്ലാക്കാലത്തും മികച്ച വില പ്രതീക്ഷിക്കരുതെന്നും റബര്‍മേഖല ഭാവി മുന്നില്‍ കാണണമെന്നും കേന്ദ്ര വാണിജ്യസെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ടുദിവസമായി നടന്ന രാജ്യാന്തര റബര്‍ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏതാനും വര്‍ഷം മുമ്പ്‌ റബര്‍വില തകര്‍ന്നപ്പോള്‍ തറവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ റബര്‍ കര്‍ഷകര്‍ ഓടിനടന്നു. ആ സ്ഥിതിവിശേഷം ഇനിയുണ്ടാവാതെ നോക്കണം. വിയറ്റ്‌നാമില്‍ വന്‍തോതില്‍ റബര്‍ കൃഷിയിറക്കുകയാണ്‌. ഇത്‌ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന്‌ കണ്ടറിയണം. കാര്‍ഷികോത്‌പന്നങ്ങളുടെ വില എപ്പോഴും കയറിയിറങ്ങുന്നതാണ്‌ ചരിത്രം.

കാലാവസ്ഥാവ്യതിയാനം, ജൈവസാങ്കേതികവിദ്യ എന്നിവ റബര്‍ക്കൃഷി മേഖലയിലുണ്ടാക്കാവുന്ന വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച്‌ ഗവേഷണം നടത്തണമെന്നും ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.

റബര്‍ കയറ്റുമതി മികവിനുള്ള റബര്‍ ബോര്‍ഡിന്റെ അവാര്‍ഡ്‌ പാലാ മാര്‍ക്കറ്റിങ്‌ സൊസൈറ്റിക്ക്‌ അദ്ദേഹം സമ്മാനിച്ചു. സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ്‌ പ്രൊഫ. കെ.കെ. എബ്രഹാം അവാര്‍ഡ്‌ ഏറ്റുവാങ്ങി.

റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍മാരായ പി.എസ്‌. ഹബീബ്‌ മുഹമ്മദ്‌, പി.ജെ. തോമസ്‌, പി.സി. സിറിയക്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. വി.സി. മേഴ്‌സിക്കുട്ടി രചിച്ച ‘റബര്‍ നഴ്‌സറി: ഒരു പ്രായോഗിക ഗൈഡ്‌’ എന്ന ഗ്രന്ഥം കേന്ദ്രവാണിജ്യസെക്രട്ടറി പ്രകാശനം ചെയ്‌തു.

റബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. റബര്‍ ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ്‌ രാജ്യാന്തരസമ്മേളനം സംഘടിപ്പിച്ചത്‌. വിയറ്റ്‌നാം, തായ്‌ലാന്‍ഡ്‌, സിംഗപ്പൂര്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.
കടപ്പാട്-മാതൃഭൂമി 10-05-08

റബ്ബര്‍ കയറ്റുമതി മികവിനുള്ള അവാര്‍ഡ് പാലാമാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയത് വിലയിടിക്കുവാന്‍ ആഭ്യന്തര വിപണിയില്‍ ആര്‍എസ്എസ് 4 ന് 91.82 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.13 രൂപയ്ക്ക് കയറ്റുമതി ചെയ്തതിനാവും എന്നുവേണം മനസിലാക്കുവാന്‍. വാണിജ്യ സൊക്രട്ടറി എല്ലാക്കാലത്തും മികച്ച വില കിട്ടുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കരുത് എന്ന് സൂചന നല്‍കുന്നു. എന്നുവെച്ചാല്‍ റബ്ബര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ താണ വിലയ്ക്ക് കയറ്റുമതി ചെയ്യിച്ചും ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബറും മറ്റും ആഭ്യന്തര വിപണിയേക്കാള്‍ ഡി.ജി.എ.ഫ്.ടി യുടെ സഹായത്താല്‍ ആവശ്യമില്ലാത്ത ഇറക്കുമതി ചെയ്യിച്ചും കര്‍ഷകര്‍ക്ക് കിട്ടുന്ന വിലയില്‍ കുറവുണ്ടാക്കും എന്ന സൂചനയായി വേണം കണക്കാക്കുവാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം കാണുക. ജൈവസാങ്കേതികവിദ്യയുടെ ദോഷ ഫലം കര്‍ഷകരില്‍ എത്തിക്കുവാനാണല്ലോ ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി പുതുപ്പള്ളി റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വര്‍ദ്ധിക്കുന്ന ക്രൂഡ്ഓയില്‍ വില ഈ അടുത്ത കാലത്തൊന്നും താഴുവാന്‍ പോകുന്നില്ല. റബ്ബറിന്റെ ഉപഭോഗത്തെ സ്വാധീനിക്കുന്നതില്‍ സിന്തറ്റിക് റബ്ബറിന് നിര്‍ണായക പങ്കാണുള്ളത്. അതിനാല്‍ സ്വാഭാവിക റബ്ബറിന് വില കൂടുവാനാണ് സാധ്യത. വിലയിടിയുകയാണെങ്കില്‍ ഉല്പാദനം ക്രമാതീതമായി കുറയും. അതിനാല്‍ ന്യായ വില ലഭിക്കുകയാണെങ്കില്‍ ഒരു പരിധിവരെ വിലയിലെ ഏറ്റക്കുറച്ചില്‍ ഉണ്ടാകാതെ നിലനിറുത്താം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ പണപ്പെരുപ്പം എന്ന സാമ്പത്തിക ശാസ്ത്രം അമിതാബചന്റെ 2.3 കോടി ഷെയര്‍മാര്‍ക്കറ്റില്‍ രണ്ടു കൊല്ലം കൊണ്ട് 23 കോടിയാകുന്നത് പണപ്പെരുപ്പത്തിന് കാരണമാകുന്നത് കാണുന്നതേ ഇല്ല. കൃഷിക്കാരന്റെ കൈയില്‍ പൈസ എത്താന്‍ പാടില്ല. പൈസ ബാങ്കുകള്‍ക്കം കര്‍ഷകന് വായ്പയും ലക്ഷ്യം. ഈ നടപടി കാര്‍ഷിക മേഖലയെ തകര്‍ക്കും.