Archive for ജൂണ്‍, 2008 |Monthly archive page

റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി കര്‍ഷകര്‍ തിരിച്ചറിയണം

കര്‍ഷകരോട് അമിത സ്നേഹം കാണിക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ തനിനിറം കാണണമെങ്കില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന് ഇടയാകുന്ന കാരണങ്ങള്‍ കര്‍ഷകര്‍ അറിയണം. റബ്ബര്‍ ബോര്‍ഡ് ആണ് റബ്ബര്‍ കൃഷിയുടെയും വിപണനത്തിന്റെയും നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന രൂപപ്പെട്ട റബ്ബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികളില്‍ പലതും റബ്ബര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരവാഹികളാണ്. പ്രധാനമായും റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നത് അവരിലൂടെയാണ്. ആദ്യകാലങ്ങളില്‍ സബ്സിഡി നിരക്കില്‍ വളവും കീടനാശിനികളും മറ്റും നല്‍കി കര്‍ഷകരെ അവര്‍ക്കനുകൂലമായി മാറ്റുകയായിരുന്നു. എന്നാല്‍ ആ അവസ്ഥ മാറിയത് റബ്ബര്‍ ബോര്‍ഡിന്റെ ഓഹരി പങ്കാളിത്തത്തോടെ കമ്പനികള്‍ രൂപപ്പെടുത്തിക്കൊണ്ടായിരുന്നു. റബ്ബറിന്റെ ഉല്പാദനം ആവശ്യത്തിലധികമായപ്പോള്‍ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ കമ്പനികളുടെ എം.ഡി മാരായി നിയമിച്ചുകൊണ്ട് അവര്‍ക്ക് കൊടുക്കേണ്ട ശമ്പളം കര്‍ഷകരില്‍ നിന്ന് ഈടാക്കുവാനുള്ള കുറുക്ക് വഴിയായി മാറ്റി. ജനറല്‍ ബോഡി മീറ്റിംഗുകളില്‍ എം.ഡിമാര്‍ക്കുള്ള ശമ്പളവര്‍ദ്ധനവിനുള്ള തീരുമാനങ്ങള്‍ അനായാസം പാസാക്കി എടുക്കുവാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. കര്‍ഷകര്‍ക്കുവേണ്ടി സന്നിഹിതരായിരുന്നത് ആര്‍പിഎസ് കളിലൂടെ കര്‍ഷകരില്‍ നിന്ന് പണപ്പിരിവ് നടത്തി ഇത്തരം കമ്പനികളില്‍ ആര്‍പിഎസിന്റെ പേരില്‍ നിക്ഷേപം നടത്തിയ ആര്‍പിഎസ് പ്രസിഡന്റുമാരാണ്.  അവരില്‍ നിന്ന് ചിലരെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നാമ നിര്‍ദ്ദേശം ചെയ്ത് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരാക്കുകയും സിറ്റിംഗ് ഫീസ് ഇനത്തില്‍ അവര്‍ക്ക് ചില നക്ക പിച്ച കൊടുക്കുകയും ചെയ്യുന്നു. നാളിതുവരെ ഒരു കര്‍ഷകനും അഞ്ചു പൈസപോലും ഡിവിഡന്റോ ലാഭവിഹിതമോ നല്‍കിയിട്ടില്ല. 49% കര്‍ഷകരുടെ ഷയറും 51% റബ്ബര്‍ബോര്‍ഡിന്റെ ഷയറുമായാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍പിഎസ് കളിലൂടെ പൈസ നല്‍കാത്തവരെ ഇന്‍ഡിവിഡുവല്‍ ഷയര്‍ ഹോള്‍ഡറായും അവസരം നല്‍കിയിട്ടുണ്ട്. അത്തരക്കാരുടെ അഭിപ്രായങ്ങള്‍ക്ക് ആരും വില കല്‍പിക്കാറില്ല. കമ്പനികളിലെ തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തതും ഇത്തരം ആര്‍പിഎസ് കള്‍ മുഖാന്തിരമാണ്.

ആര്‍പിഎസ് കളിലൂടെ ഒട്ടുകറയും ഒട്ടുപാലും മറ്റും സംഭരിക്കുന്ന കമ്പനികള്‍ ഒരുകിലോ ക്രമ്പ് റബ്ബര്‍ നിര്‍മാണത്തിന് ആറ് രൂപ ശരാശരി ചെലവ് വരുമ്പോള്‍ മുപ്പത് രൂപയോളം താണവിലയ്ക്ക് ഒട്ടുകറ ലഭിച്ചാലും ഇത്തരം കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പല കമ്പനികളും ഉല്‍പന്ന നിര്‍മാതാക്കള്‍ക്ക് ഗുണനിലവാരമുള്ള അസംസ്കൃത റബ്ബര്‍ ലഭ്യമാക്കുന്നതിനു പകരം കയറ്റുമതിയിലാണ് താല്പര്യം കാണിക്കുന്നത്. അതുപോലെ തന്നെ കയറ്റുമതിക്കാരില്‍ ഏറിയ പങ്കും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ്. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന രൂപപ്പെട്ടിട്ടുള്ള ഇത്തരം രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളാണ് കൂടുതലായും താണവിലയ്ക്ക് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാനാണല്ലോ ഇവരുടെ നഷ്ടം സഹിച്ചുള്ള കയറ്റുമതി. ഇത്തരം കയറ്റുമതിയിലൂടെ ഇവര്‍ക്ക് കിട്ടുന്ന നേട്ടം മനസിലാവണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടിവരും. ഇവരുടെ താണവിലയ്ക്കുള്ള കയറ്റുമതിയില്‍ ഉല്പന്ന നിര്‍മാതാക്കള്‍ക്ക് പരാതി ഒട്ടില്ലതാനും. കയറ്റുമതി ചെയ്യുന്ന റബ്ബറിന് റബ്ബര്‍ ബോര്‍ഡിന് നല്‍കേണ്ട സെസോ, സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റോ (VAT) നല്‍കേണ്ടതില്ല. 2007-08 ല്‍ കയറ്റുമതി ചെയ്ത 60,280 ടണ്‍ റബ്ബറിന് RSS 4 ന് ശരാശരി 90.85 രൂപ പ്രതി കിലോഗ്രാം വിലയുള്ളപ്പോള്‍ 4% വാറ്റ് എത്രയാണെന്ന് കണക്ക് കൂട്ടാവുന്നതേ ഉള്ളു. എന്നാല്‍ സെസ് ഒഴിവാക്കി ചെയ്ത കയറ്റുമതിക്ക് പകരം ഇറക്കുമതി ചെയ്ത 89,295 ടണ്‍ റബ്ബറിന് കിലോയ്ക്ക് 1.50 രൂപ സെസ് ഈടാക്കുന്നും ഉണ്ട്. 60% ഡിആര്‍സിയുള്ള ലാറ്റെക്സ് കയറ്റുമതി ചെയ്യുകയും തൂക്കത്തില്‍ 40% റബ്ബറേതര വസ്തുക്കളും റബ്ബറായി കണക്ക് കൂട്ടി ആഭ്യന്തര ഉല്‍പാദനത്തിലും ഉയര്‍ത്തിക്കാട്ടുന്നു.

മുന്‍വര്‍ഷ മിച്ച സ്റ്റോക്കും തനത് വര്‍ഷത്തെ ഉല്പാദനവും ഇറക്കുമതിയും ചേര്‍ന്നതാണല്ലോ ആകെ ലഭ്യത. അതില്‍ നിന്ന് കയറ്റുമതിയും ഉപഭോഗവും കുറവ് ചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ നല്ലൊരക്കം കൂടി കൂട്ടിച്ചേര്‍ക്കേണ്ടിവരും. ഉദാ. 2001-02 ല്‍ മുന്‍വര്‍ഷ മിച്ചം 1,83,900 ടണ്ണും ഉല്പാദനം 6,31,400 ടണ്ണും ഇറക്കുമതി 49,769 ടണ്ണും കൂട്ടിയാല്‍ ആകെ ലഭ്യത 8,65,069 ടണ്ണുകള്‍ ആയിരുന്നു. അതേവര്‍ഷത്തെ ഉപഭോഗം 6,38,210 ടണ്ണും കയറ്റുമതി 6,995 ടണ്ണും കുറവ് ചെയ്താല്‍ ശരിയായ കണക്കിന് ബാലന്‍സ് സ്റ്റോക്കായ 1,93,070 ടണ്ണുകള്‍ക്കൊപ്പം 26,794 ടണ്ണും കൂടെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കണക്കില്‍ തിരിമറി നടത്തി വിപണിയില്‍ അമിത ലഭ്യത വിലയിടിവിനും ലഭ്യത കുറച്ച് കാട്ടി അമിത പ്രൊഡക്ടിവിറ്റി കുറച്ചുകാട്ടുവാനും സാധിച്ചു. ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമായത് അശാസ്ത്രീയമായ ടാപ്പിംഗ് പരിഷ്കരണം ആയിരുന്നു. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധപ്രയോഗം ക്രമാതീതമായ ഉല്‍പാദനത്തിന് വഴിയൊരുക്കി എന്നതാണ് വാസ്തവം. തദവസരത്തില്‍ ഞാനൊരു ഭാവി പ്രവചനം നടത്തിയിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉല്‍പാദനം കുറയും എന്നും അതിന് കാരണം എഥിഫോണിന്റെ ഉപയോഗം ആണ് എന്നും. അത് ഞാന്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. 2007-08 ല്‍ മുന്നിരിപ്പ് 1,65,190 ടണ്ണും ഉല്‍പാദനം 8,25,345 ടണ്ണും ഇറക്കുമതി 89,295 ടണ്ണും കൂട്ടിയാല്‍ ആകെ ലഭ്യതയായ 10,79,830 ടണ്ണില്‍ നിന്ന് ഉപഭോഗം 8,61,455 ടണ്ണും കയറ്റുമതി 60,280 ടണ്ണും കുറവ് ചെയ്താല്‍ കിട്ടുന്ന സംഖ്യയേക്കാള്‍ 9,025 ടണ്‍ കൂട്ടിച്ചേര്‍ത്ത് 1,67,120 ടണ്ണായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്രകാരം 2002-03 മുതല്‍ എല്ലാവര്‍ഷവും ഉല്‍പാദനം ഉയര്‍ത്തിക്കാട്ടുകയാണ്.  എഥിഫോണ്‍ പുരട്ടി അതിന്റെ ദോഷവശങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കുവാന്‍ കഴിഞ്ഞ എനിക്ക് മറ്റ് കര്‍ഷകര്‍ക്ക് അത്തരത്തിലൊരു ദുരവസ്ഥ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. എഥിഫോണിലൂടെ വരുന്ന പട്ടമരപ്പ് മാറ്റിയെടുക്കുവാന്‍ കഠിനമായ തയ്യാരെടുപ്പും ശാസ്ത്രീയമായ വളപ്രയോഗവും വിശ്രമവും ആവശ്യമാണ്.

അതേപോലെ തന്നെ സിന്തറ്റിക് റബ്ബര്‍ ഇറക്കുമതി ചെയ്തും ഇറക്കുമതി ചെയ്ത ക്രൂഡ്ഓയിലില്‍ നിന്ന് ഉല്പാദിപ്പിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമാക്കേണ്ടത് 2002-03 -ല്‍ 24548 ടണ്ണും 2004-05 -ല്‍  40209 ടണ്ണും കണക്കുകളിലൂടെ തിരിമറി നടത്തിയിരിക്കുന്നതായും കാണാം.

അന്താരാഷ്ട്ര നിലവാരമുള്ള ‘ഗ്രീന്‍ബുക്ക്’ ആണ് ഗ്രേഡിംഗ് മാനദണ്ഡമെന്ന് പറയുകയും ഡീലര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കി ഗ്രേഡിംഗ് വെട്ടിപ്പിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. ഒരു ടെക്നിക്കല്‍ ഗ്രേഡിംഗ് സിസ്റ്റം നടപ്പിലാക്കുവന്‍ കഴിഞ്ഞാല്‍ വാങ്ങുന്ന ഗ്രേഡില്‍ത്തന്നെ വില്‍ക്കുവാനുള്ള സംവിധാനം നടപ്പില്‍ വന്നേനെ. ഒരുകാലത്ത് പറഞ്ഞിരുന്ന അന്താരാഷ്ട്ര നിലവാരമുള്ള ആര്‍എസ്എസ് 3 ആഭ്യന്തര ആര്‍എസ്എസ് 4  ന് തുല്യമാണെന്ന് പ്രചരണം നടത്തിയിരുന്നത് അവസാനിപ്പിക്കുവാന്‍ കഴിഞ്ഞു. ഉല്പന്ന നിര്‍മാതാക്കളുടെ പ്രതിമാസ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന് നേരിട്ട് നല്‍കാറില്ല പകരം ആത്മ (ATMA) വഴിയാണ് നല്‍കുന്നത്. അപ്രകാരം അവരുടെ മാസാവസാന സ്റ്റോക്കിലും മറ്റും രഹസ്യ സ്വഭാവമുള്ളതായി മാറ്റുവാന്‍ കഴിയും.

ജൂണ്‍ 20 മുതല്‍ 27 വരെ ആഭ്യന്തര വിലയില്‍ ദൃശ്യമാവുന്ന മാറ്റം മാസവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ്. വന്‍കിട ഉല്പന്ന നിര്‍മാതാക്കളും വിപണിയില്‍ സജീവമല്ല. കാരണം ഒന്നേയുള്ളു വിലയിടിച്ച് നിറുത്തുവാനുള്ള ശ്രമം മാത്രമാണ്. 2008-09 ലെ സ്ഥിതിവിവര കണക്കുകള്‍ ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക – ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് || എക്സല്‍ വര്‍ക്ക് ഷീറ്റ് (ഇത് 1996 ഏപ്രില്‍ മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനമാണ്)

രാധാകൃഷ്ണന്‍ നരിപ്പറ്റയക്ക് കാണുവാന്‍ കഴിയാതെപോയത്

വളരെ നാളുകളായി റബ്ബര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍ നരിപ്പറ്റ. വളരെ കുറച്ച് വര്‍ഷങ്ങളെ ആകുന്നുള്ളു സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ ഞാന്‍ വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ചില തെറ്റുകള്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ടാല്‍ വളരെവേഗം തിരിച്ചറിയുവാന്‍ കഴിയുന്നു. മാതൃഭൂമി ധനകാര്യം 09-06-08 ല്‍ പ്രസിദ്ധീകരിച്ച കേരളം – അടുത്ത വര്‍ഷം റബ്ബറില്‍ നിന്നുള്ള വരുമാനം 10,000 കോടിയാകും എന്ന ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. കാരണം ഇത്തരം വിശകലനങ്ങളും പഠനങ്ങളും പലരും പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നു എന്നതാണ്. മാത്രവുമല്ല കമ്പോളവിലയില്‍ ഇത്തരം ലേഖനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവും ഉണ്ട്. രാധാകൃഷ്ണന്‍ നരിപ്പറ്റയുടെ ലേഖനം മാതൃഭൂമിയുടെ 09-06-08 ലെ ധനകാര്യത്തില്‍ പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.

ചില യാഥാര്‍ത്ഥ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ മായാവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭ്യമാക്കി മാസാവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ മേയ് മാസം അവസാനത്തിന് തൊട്ടുമുന്‍പ് അന്താരാഷ്ട്ര വിലയക്ക് തുല്യമായ വില ചില വന്‍കിട ഡീലേഴ്സിന് മാത്രം ലഭ്യമാക്കി അതിനടുത്ത നാള്‍ മുതല്‍ വന്‍ വിലയിടിവിന് വഴിയൊരുക്കി. ചില ഉല്പന്ന നിര്‍മാതാക്കളും വന്‍കിട കച്ചവടക്കാരും ഒത്തുകളിക്കുന്നതിന്റെ തെളിവാണിത്. കൂടിയ വിലയ്ക്ക് വാങ്ങി താണവിലയ്ക്ക് വില്‍ക്കേണ്ടിവരുന്ന ചെറുകിട ഡീലേഴ്സ് സ്വാഭാവികമായും പ്രസ്തുത നഷ്ടം കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ താണവില ലഭ്യമാക്കി വന്‍ വിലയിടിവിന് ആക്കം കൂട്ടുവാന്‍ വഴിയൊരുക്കുകയേ ഉള്ളു. 2008 മേയ് 26 മുതല്‍ അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന്റെയും ആഭ്യന്തര ആര്‍എസ്എസ് 4 ന്റെയും വിലയിലുണ്ടായ ഏറ്റക്കുറച്ചിലിന്റെ ഗ്രാഫാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ഇന്‍ഡ്യന്‍ വിപണിയിലുണ്ടായ വന്‍ ചലനത്തിന്റെ ഫലം അന്താരാഷ്ട്ര വിലയിലും ചെറുതായി പ്രതിഫലിച്ചുവെങ്കിലും അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധന 139 ഡോളര്‍ പ്രതി ബാരല്‍ എന്ന നിലയിലെത്തിയപ്പോള്‍ അന്താരാഷ്ട്ര വില വീണ്ടും ഉയരങ്ങളിലെത്തുകയാണ് ചെയ്തത്. രാധാകൃഷ്ണന്‍ നരിപ്പറ്റ പറയുന്ന രീതിയില്‍ ക്രൂഡോയില്‍ വില ഇനി ബാരലിന് 100-125 ഡോളറിനിടയ്ക്ക് വിലയിരുത്തുന്നതില്‍ വല്ല കഴമ്പും ഉണ്ടോ? ലോക വിപണിയിലെ ഏറ്റവും താണവിലയായ ബാങ്കോക്ക് വിലയേക്കാള്‍ പത്തുരൂപയില്‍ക്കൂടുതല്‍ ആഭ്യന്തര വില താഴ്ത്തി നിറുത്തുന്നത് ഇന്‍ഡ്യന്‍ വിപണിയിലെ വന്‍കിട ഡീലേഴ്സും ഉല്പന്ന നിര്‍മാതാക്കളുടെയും അവിശുദ്ധ കൂട്ടുകെട്ടുതന്നെയാണ്.