Archive for ജൂലൈ, 2008 |Monthly archive page

റബ്ബര്‍ കൃഷിയിലൂടെ ഞാന്‍ പഠിച്ച പാഠങ്ങള്‍

റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ധാരാളം കളയും കുറ്റിച്ചെടികളും ഉണ്ടാകാം മണ്ണ് ജൈവ സമ്പുഷ്ടമാണെങ്കില്‍. ഇത്തരം കളകളെ തൂമ്പാ ഉപയോഗിച്ച് നീക്കം ചെയ്യലോ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ അല്ല വേണ്ടത്. ഇവയുടെ നിയന്ത്രണം വളരെ ചെലവ് കുറഞ്ഞ രീതിയില്‍ നടപ്പിലാക്കാം. ഒപ്പം നമ്മുടെ ആദായം വര്‍ദ്ധിപ്പിക്കുകയും മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് മുന്തിയ ഉല്പാദനവും റബ്ബര്‍ മരങ്ങള്‍ക്ക് ദീര്‍ഘായുസ്സും ഉറപ്പാക്കാം. ഇത്തരം പുല്‍‌ക്കൊടികളും കുറ്റിച്ചെടികളും നമ്മുടെ പ്രകൃതി പരിപാലനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. കാലാകാലങ്ങളിലെ ഇലപൊഴിഞ്ഞുലഭിക്കുന്ന ഉണങ്ങിയ റബ്ബറിലയും ഇത്തരം കളകളുടെയും കുറ്റിച്ചെയികളുടെയും ഉണങ്ങിപ്പൊഴിയുന്ന ഇലകളും കൂടെ അല്പം ചാണകവും കൂടി ആയാല്‍ മണ്ണിന് മരണമില്ല എന്ന് മാത്രമല്ല ഉപദ്രവകാരികളായ കളകളെയും ചെടികളെയും വേരോടെ പിഴുതെടുക്കാനും എളുപ്പമാണ്. കാരണം മണ്ണിനെ ഉഴുതുമറിക്കുന്ന മണ്ണിരകളും ജീവാണുക്കളും മേല്‍മണ്ണ്  ഉറപ്പില്ലാതാക്കിമാറ്റുന്നു അല്ലെങ്കില്‍ മണ്ണിളക്കം നിലനിറുത്തുന്നു. അതുമൂലം ജലം ആഗിരണം ചെയ്യുവാനുള്ള ശേഷി വര്‍ദ്ധിക്കുന്നു.

എന്നാല്‍ ചില കുറ്റിച്ചെടികള്‍ പിഴുതെടുക്കുവാന്‍ കഴിയാത്തവ ആകാം. അവയെമാത്രം മൂട് വെച്ച് വെട്ടിക്കളയാം. ഇവയുടെ മൂട് വെച്ച് മുറിച്ച് മാറ്റിയാല്‍ വീണ്ടും പൊടിച്ചെന്ന് വരാം. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന ഔഷധമൂല്യമുള്ള ഇലകള്‍ പല കീടങ്ങളെയും അകറ്റി നിറുത്തുവാന്‍ സഹായകമായിരിക്കാം. ഇവയെ വെട്ടിനശിപ്പിക്കുന്നതിലൂടെ മണ്ണില്‍ വളരുന്ന പുല്‍‌ക്കൊടികള്‍ക്ക് കൂടുതല്‍ ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ലഭിക്കുകയും അവ കാലികള്‍ക്ക് മേയുവാന്‍ ഉത്തമമായിരിക്കുകയും ചെയ്യും. പശുക്കള്‍ ഉണ്ടെങ്കില്‍ അത് ഒരു അധിക വരുമാനം മാത്രമല്ല പാലും ബയോഗ്യാസും സ്ലറിയും ലഭ്യമാക്കുകയും ചെയ്യും.

ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് സ്ലറി നിരത്തി ഒഴിക്കുന്നതിലൂടെ പുഷ്ടിയുള്ള കളയും കുറ്റിച്ചെടികളും ഉയരം കൂടിയഭാഗത്ത് കൂടുതലായി ഉണ്ടാകും. മഴപെയ്തശേഷം അവയെ പിഴുതെടുത്ത് നീക്കം ചെയ്യാന്‍ എളുപ്പമാണ്. മണ്ണും ഇലയും പരിശോധിച്ച് NPK രാസവളപ്രയോഗം റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുമ്പോള്‍ ഒരു നല്ല കര്‍ഷകന് മണ്ണും ഇലയും പരിശോധിക്കുമാന്‍ തന്റെ നഗ്നനേത്രങ്ങള്‍ ധാരാളം മതിയാകും. ഇത്തരത്തില്‍ രൂപപ്പെടുന്ന ജൈവ സമ്പുഷ്ടമായ മണ്ണ് അനേകം വര്‍ഷം നല്ല വിളവ് തരുകയും ചെയ്യും. എന്നാല്‍ റബ്ബര്‍ മരങ്ങള്‍ ലാറ്റെക്‌സ് ഉല്പാദിപ്പിക്കുന്നത് അന്നജത്തില്‍ നിന്നാകയാല്‍ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലായി ലഭ്യമാക്കേണ്ടിവരും. മഗ്നീഷ്യം നല്‍കുന്നതിന് മുന്‍പായി  വേനല്‍ മഴയിലൂടെ ലഭിക്കുന്ന അമ്ലമഴ മണ്ണിന്റെ pH താഴുവാന്‍ കാരണമാകുന്നത് തരണം ചെയ്യുവാന്‍ തദവസരത്തില്‍ കുമ്മായം വിതറിയാല്‍ മതി.

ബയോഗ്യാസ് സ്ലറി നല്‍കുന്നതിന് മണ്ണ് കുത്തിയിളക്കുകയോ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ട ആവശ്യം ഇല്ല. ടെറസിന്റെ ഉയരം കൂടിയഭാഗത്ത് നിരത്തി ഒഴിച്ചാല്‍ മതി. അപ്രകാരം ആ ഭാഗത്ത് കൂടുതല്‍ വേരുപടലം ഉണ്ടാകുകയും റബ്ബര്‍ മരം കാറ്റില്‍ കടപുഴകി വീഴാതെ സംരക്ഷിക്കുകയും ചെയ്യും. താഴ്ചയുള്ള ഭാഗത്ത് വളം നല്‍കേണ്ട ആവശ്യമേ ഇല്ല. മഴയിലൂടെ അലിഞ്ഞിറങ്ങുന്ന എക്കല്‍ മണ്ണ് താഴ്ചയുള്ളഭാഗം ജൈവസമ്പുഷ്ടമായി സംരക്ഷിക്കും. അപ്രകാരം മണ്ണില്‍ നിന്നും ഏറ്റവും കൂടുതല്‍ മൂലകങ്ങള്‍ ഓരോ റബ്ബര്‍ മരത്തിനും ജല ലഭ്യതയുള്ളപ്പോള്‍ വലിച്ചെടുക്കുവാന്‍ കഴിയുകയും ചെയ്യും. ജൈവകൃഷി ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ഇലകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ വളരെ കുറവായിരിക്കും. കീടനാശിനികളും, കുമിള്‍ നാശിനികളും, രാസവളങ്ങളും, കളനാശിനിയും നിര്‍‌ദ്ദേശിക്കുന്ന റബ്ബര്‍ ബോര്‍ഡ് മറ്റൊന്നുകൂടി പറയുന്നുണ്ട്. തോട്ടത്തില്‍ കാലികളെ മേയുവാന്‍ അനുവദിക്കരുത് എന്ന്. ആന്ധ്രയില്‍ ജിഎം പരുത്തികൃഷി ചെയ്ത സ്ഥലത്ത് മേഞ്ഞുനടന്ന കാലികളുടെ ഗതിയാവും ഇത്തരം തോട്ടങ്ങളിലും.

പ്രകൃതിയെ നശിപ്പിക്കലല്ല അവയുടെ പരിപാലനമാണ് കര്‍ഷകര്‍ ചെയ്യേണ്ടത്. ചിത്രങ്ങളില്‍ ഞെക്കിയാല്‍ പൂര്‍ണരൂപത്തില്‍ കാണാം.

റബ്ബര്‍ കര്‍ഷകര്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ കബളിപ്പിക്കപ്പെടുന്നു

2008 ജൂലൈ 12 ന് മാതൃഭൂമി ദിനപത്രത്തില്‍ ക്ലാസ്സിഫൈഡ്സ് വിഭാഗത്തില്‍ വന്ന ഒരു പരസ്യം ചുവടെ ചേര്‍ക്കുന്നു.

റബ്ബര്‍‌ത്തോട്ടം ആവശ്യമുണ്ട്

ഒറ്റശേഖരമംഗലത്ത് 2009 ഏപ്രിലില്‍ വണ്ണമെത്തുന്ന RRII 105 മരങ്ങളുള്ള റബ്ബര്‍‌ത്തോട്ടം ഐ.യു.ടി ടാപ്പിംഗിന്റെ പ്രദര്‍ശനത്തോട്ടമാക്കാന്‍ ആവശ്യമുണ്ട്. ഇന്‍ഡ്യാ ഗവണ്മെന്റിന്റെ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളുടെ ചെലവില്‍ വികസിപ്പിച്ച് കര്‍ഷകരിലെത്തിച്ചു തുടങ്ങിയ ഐ.യു.ടി സമ്പ്രദായം, നാല്പത്തിയഞ്ചു ശതമാനം ഉല്പാദന വര്‍ദ്ധന, പട്ടമരപ്പ് മൂന്നിലൊന്നായി കുറവ്, ഉല്പാദനകാലം ഇരട്ടിക്കല്‍ എന്നീ ഗുണവിശേഷങ്ങളുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 944460 59826, 0471 2559826 നമ്പരുകളില്‍ ബന്ധപ്പെടുക.

എല്‍. തങ്കമ്മ, മൈക്കോളജിസ്റ്റ് (റിട്ട), റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ, TC. 226/Vl, പ്രശാന്ത്നഗര്‍, തിരുവനന്തപുരം – 695011

ഒരു കര്‍ഷകന്റെ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.

ഒരു മൈക്കോളജിസ്റ്റായ എല്‍. തങ്കമ്മയോട് യോജിക്കുവാന്‍ കഴിയുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.

  1. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഐ.യു.ടി യുടെ ഗുണഫലങ്ങള്‍ കര്‍ഷകരിലെത്തിക്കുവാന്‍ ഇത്തരം പരീക്ഷണത്തോട്ടങ്ങളുടെ ആവശ്യം ഇല്ല. (അതിന് ദോഷ ഫലങ്ങള്‍ മാത്രമേ കാണൂ) മറിച്ച് കര്‍ഷകരെ പത്ത് മരങ്ങളില്‍ ഇപ്രകാരം ചെയ്യിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി.
  2. റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞ ആയിരുന്ന ഇവര്‍ക്ക് ഗവേഷണ വിഭാഗത്തിനെക്കൊണ്ടുപോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തുവാനും അംഗീകരിപ്പിക്കുവാനും കഴിഞ്ഞിട്ടില്ല.
  3. പട്ടമരപ്പിന്റെയും ഉല്പാദനവര്‍ദ്ധനവിന്റെയും കണക്കുകള്‍ പറഞ്ഞ് കര്‍ഷകരെ കബളിപ്പിക്കുന്നു. കാരണം ഇലയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ഉണ്ടാകുന്ന അന്നജം ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകുകയും കേമ്പിയം എന്ന ഭാഗം തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്. റബ്ബര്‍ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ താഴേയ്ക്കുള്ള ടാപ്പിംഗ് ആരംഭിച്ചശേഷം വെട്ടിത്തുടങ്ങുന്ന ഭാഗത്ത് ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നു. അത് ചുറ്റിനും റിംഗ് രൂപത്തില്‍ താഴേക്കുള്ള ഫ്ലോയത്തിലൂടെയുള്ള അന്നജത്തിന്റെ ഒഴുക്ക് തടയുന്നു. അത് കാലക്രമേണ താഴേയ്ക്ക കേമ്പിയം പ്രവര്‍ത്തന രഹിതമാവുകയും ലെന്റിസെല്‍സിലൂടെ നടക്കേണ്ട പ്രകാശസംശ്ലേഷണവും, ശ്വസനവും, ആഹാരസംഭരണവും നടക്കാതാവുകയും പട്ടമരപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇതിന് പരിഹാരം മണ്ണിന്റെ pH 6 ന് മുകളിലാണെന്ന് ഉറപ്പുവരുത്തുകയും രാസ നൈട്രജന്റെ പ്രയോഗം നടത്താതിരിക്കുകയും, സെക്കന്‍ഡറി ന്യൂട്രിയന്‍സിന്റെ ലഭ്യത ഉറപ്പാക്കുകയുമാണ് വേണ്ടത്. താഴേയ്ക്ക് ടാപ്പുചെയ്യുമ്പോള്‍ വെട്ടിത്തുടങ്ങിയ ഭാഗത്ത് ബാര്‍ക്ക് ഐലന്റ് രൂപപ്പെടുന്നുണ്ടോ എന്ന് കാലാകാലങ്ങളില്‍ പരിശോധിക്കുവാനും കഴിയും. ബാര്‍ക്ക് ഐലന്റ് രൂപപ്പെടുന്നതിനാലാണ് പിങ്കും പ്യാച്ച് ക്യാങ്കറും ഉണ്ടാകുന്നത്. പട്ടമരപ്പ് ഒഴിവാക്കാനായാല്‍ ഉല്പാദനം വര്‍ദ്ധിക്കകതന്നെ ചെയ്യും.
  4. ഐ.യു.ടി, സി.യു.ടി എന്നിവ ശരിയായ ടാപ്പിംഗ് രീതികളല്ല. കാരണം ഫ്ലോയം താഴേയ്ക്ക ഒഴുകുകയും കേമ്പിയം തടിയെയും തൊലിയെയും വളര്‍ത്തിക്കൊണ്ട് താഴേയ്ക്ക ഒഴുകുകയും ചെയ്യുമ്പോള്‍ ലന്റിസെല്ലുകളുടെ പ്രവര്‍ത്തനവും നടക്കുന്നു. എന്നവെച്ചാല്‍ ഒഴുകി എത്തുന്ന ദിശയിലേയ്ക്ക് മാത്രമേ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയുള്ളു. ഡോളാമൈറ്റ് നല്‍കി മണ്ണിന്റെ  pH ശരിയായ രീതിയില്‍ പരിപാലിക്കുകയും മരത്തിന്റെ ഇലപ്പടര്‍പ്പിന് ആനുപാതികമായി മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കുകയും ചെയ്താല്‍ പട്ടമരപ്പ് പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയുകയും ബാര്‍ക്ക് ഐലന്റ് എന്ന പ്രതിഭാസം ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യാം.
  5. പട്ടമരപ്പ് ദൃശ്യമാവുന്ന മരങ്ങള്‍ക്ക് അതിന്റെ കാഠിന്യത്തിനനുസരിച്ച് പൂര്‍ണ വിശ്രമം ആവശ്യമാണ്. വിശ്രമത്തിന് ശേഷം സെക്കന്‍ഡറി ന്യൂട്രിയന്‍സായ കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ നല്‍കി പാല്‍ക്കുഴലുകളില്ലാത്ത പട്ട സാധാരണ ടാപ്പ് ചെയ്യുന്ന രീതിയില്‍ താഴേയ്ക്ക് വെട്ടിയിറങ്ങിയാല്‍ പുതുപ്പട്ടയില്‍ ചുരണ്ടിനോക്കിയാല്‍ പച്ച നിറം കാണുവാന്‍ കഴിയും.

റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ

മന്ത്ലി റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 50 ദിവസം മുന്നെ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കണക്കുകളില്‍ പൊടിപ്പും തൊങ്ങലും വെച്ച് പിന്നീട് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നു.

07-07-08 ലെ മാതൃഭൂമി ധനകാര്യത്തില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ജൂണ്‍ മാസം വരെയുള്ള ഉത്പാദനം കൃത്യമായ കണക്കുകള്‍ സഹിതം പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് റബ്ബര്‍ ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മാതൃഭൂമി ധനകാര്യത്തില്‍ വരന്നതിന് നാലുദിവസം മുന്നെതന്നെ എക്കണോമിക് ടൈംസില്‍ ഇതേ വാര്‍ത്തവന്നിരുന്നു. തോട്ടങ്ങള്‍ തോറും ടാപ്പ് ചെയ്ത് ലഭിക്കുന്ന ഉണക്ക റബ്ബറിന്റെ അളവ് മൂന്ന് ദിവസത്തിന് ശേഷം പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ ബോര്‍ഡ് അപാരം തന്നെയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസാവസാനം കര്‍ഷകരുടെ പക്കല്‍ 22045 ടണ്‍ സ്റ്റോക്ക് കാട്ടിയത് ഈ വര്‍ഷം കൂട്ടിക്കാട്ടും എന്ന് വ്യക്തം. ശതമാനക്കണക്കുള്‍ നിരത്തി അന്താരാഷ്ട്ര വില ആഭ്യന്തരവിലയേക്കാള്‍  പത്തുരൂപ കൂടുകലാണെന്നും അതിനാലാണ് കയറ്റുമതി വര്‍ദ്ധിച്ചതെന്നും പറയുമ്പോള്‍ എപ്രകാരമാണ് 14875 ടണ്‍ കയറ്റുമതിയും 18826 ടണ്‍ ഇറക്കുമതിയും നടക്കുന്നത് എന്ന് അല്പം ചിന്തിക്കുന്നത് നല്ലതാണ്. താണ വിലയക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ ഒരു ടയര്‍ നിര്‍മാതാവിനും പരാതിയും ഇല്ല. അവര്‍ക്ക് പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞാല്‍ മതി. ഇന്‍ഡ്യയേക്കാള്‍ ലാഭമായതുകൊണ്ടല്ല ഇറക്കുമതി ചെയ്യുന്നത്. കയറ്റുമതി ഇറക്കുമതികളിലൂടെ അന്താരാഷ്ട്ര വില ഇടിക്കുകതന്നെയാണ് ഇതിന് ഗൂഢലക്ഷ്യം.

എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് കണ്ടെത്തുവാന്‍ കഴിയുന്ന മറ്റൊരു കണക്കാണ് പ്രതിമാസ കര്‍ഷകരുടെ വില്പനയും ഉല്പന്ന നിര്‍മാതാക്കളുടെ വാങ്ങലും. ഇത്തരത്തിലൊരു കണക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാറെ ഇല്ല. 2007-08 ലെ വില്‍ക്കലും വാങ്ങലും താഴെ കാണാം.

ഇത് കൃത്യമായ കണക്കല്ല. കാരണം അന്യസംസ്ഥാനങ്ങളിലേയ്ക്ക് കള്ളക്കടത്ത് നടത്തുന്നതും, ത്രെഡ് റബ്ബറായി കൊണ്ടുപോകുന്നതില്‍ പലതും യഥാര്‍ത്ഥ കണക്കുകള്‍ക്ക് പുറത്താണ്. സംസ്ഥാന സര്‍ക്കാരിന് പരാതിയും ഇല്ല.

യഥാര്‍ത്ഥില്‍ കേരള സര്‍ക്കാര്‍ ചെയ്യേണ്ടത് ഭക്ഷ്യ വിളകള്‍ വളരേണ്ട സ്ഥാനത്ത് വ്യാവസായിക ഉല്പന്നമായ റബ്ബര്‍ ഉത്പാദിപ്പിക്കുന്നതിന് മരമൊന്നിന് അഗ്രിക്കള്‍ച്ചറല്‍ സെസ് ആണ് ഏര്‍പ്പെടുത്തേണ്ടത്. ഇന്നത്തെ രീതിയിലുള്ള വാറ്റ് (Value added tax) വെട്ടിക്കുവാനുള്ള അവസരം ഉണ്ടാക്കാതെ മരമൊന്നിന് നികുതി ചുമത്തിയാല്‍ കര്‍ഷകര്‍ തന്റെ മരം പാഴാകാതെ കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായും. ഇന്ന് നടക്കുന്നത് റബ്ബര്‍ ബോര്‍ഡിന്റെ പരിരക്ഷയില്‍ ഗ്രേഡിംങ് വെട്ടിപ്പും, ടാക്സ് വെട്ടിപ്പും, കള്ളക്കടത്തും, തെറ്റായ കൃഷിരീതിയും ഉത്പാദനവര്‍ദ്ധനവും, ഡീലര്‍ ലൈസന്‍സ് ഫീ സെസ് തുടങ്ങിയ പണപ്പിരിവും മറ്റുമാണ്.