Archive for ജൂലൈ, 2010 |Monthly archive page

ശാസ്ത്രീയ സമീപനം റബറിനു നേട്ടം

സാജന്‍ പീറ്റര്‍ ഒരു പ്രവാചനകനല്ല. പക്ഷേ, 2008 ഡിസംബറില്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാനായ സാജന്‍ ഇങ്ങനെയൊരു പ്രവചനം നടത്തി: 2010 റബറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രത്യാശാഭരിതമായ വര്‍ഷമായിരിക്കും. അച്ചട്ടായിരുന്നു പ്രവചനം. ഇൌ വര്‍ഷം റബറിന്റെ വില 180 രൂപയ്ക്കു മുകളില്‍. വാര്‍ഷിക ശരാശരിയെടുത്താല്‍ രാജ്യാന്തര വിലയെക്കാള്‍ നാലു രൂപയ്ക്കടുത്തു കൂടുതല്‍.

അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഇൌ ’നല്ല വര്‍ഷത്തില്‍ സാജന്‍ പീറ്റര്‍ റബര്‍ ബോര്‍ഡിന്റെ പടിയിറങ്ങുകയാണ്. തിരികെ സംസ്ഥാന സര്‍വീസിലേക്ക്. അവിടെ ഇനി മൂന്നു വര്‍ഷം കൂടി ബാക്കിയുണ്ട്. 1991 ല്‍ കോട്ടയം കലക്ടറായിരിക്കെ ജില്ലയ്ക്കു ലാന്‍ഡ് ഒാഫ് ലെറ്റേഴ്സ്, ലേക്സ് ആന്‍ഡ് ലാറ്റക്സ് എന്ന പഞ്ച്ലൈന്‍ സമ്മാനിച്ചതു സാജന്‍ പീറ്ററായിരുന്നു. കേരളത്തില്‍ മറ്റൊരു ജില്ലയ്ക്കുമില്ലാത്ത ഒൌദ്യോഗിക മുദ്രാവാക്യം. ലോകമെങ്ങും കോട്ടയം ഇന്ന് അക്ഷരങ്ങളുടെയും തടാകങ്ങളുടെയും റബറിന്റെയും നാട് എന്ന സ്ലോഗനിലൂടെ അറിയപ്പെടുന്നു.

സാജന്‍ പീറ്ററുടെ ഒൌദ്യോഗിക ജീവിതത്തെക്കൂടി പ്രതിനിധീകരിക്കുന്നുണ്ട്, കോട്ടയത്തിന്റെ ഇൌ മുദ്രാവാക്യം. അക്ഷരങ്ങളു (ലെറ്റേഴ്സ്) മായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പിലും കായലു (ലേക്സ്) കളുമായി ബന്ധമുള്ള ടൂറിസം വകുപ്പിലും സെക്രട്ടറിയായിരുന്നു സാജന്‍. ഒടുവില്‍ റബറു (ലാറ്റക്സ്) മായി ബന്ധപ്പെട്ട ഏറ്റവും വലിയ സ്ഥാപനത്തിന്റെ ചെയര്‍മാനും. നേട്ടങ്ങളുടെ അഞ്ചു വര്‍ഷത്തിനാണു റബര്‍ ബോര്‍ഡില്‍ സാജന്‍ പീറ്റര്‍ നേതൃത്വം നല്‍കിയത്. റബര്‍വിലയ്ക്കു പുറമെ ഗുണമേന്‍മയും ഉല്‍പാദനക്ഷമതയും കൃഷിവിസ്തൃതിയും വര്‍ധിച്ചു. ഗവേഷണം, രാജ്യാന്തര വിപണിയിലെ സാന്നിധ്യം, റബറുല്‍പാദക സംഘങ്ങളുടെ പ്രവര്‍ത്തനം എന്നിവയിലെല്ലാം ഗുണപരമായ നേട്ടങ്ങളുണ്ടായി. റബര്‍ ക്ളിനിക്, ലേബര്‍ ബാങ്ക്, ലോകമാര്‍ക്കറ്റിലെ ഇന്ത്യന്‍ റബറിനു ലോഗോയും ബ്രാന്‍ഡിങ്ങും അടക്കം ഒട്ടേറെ പുതുമകളും ഇൌ കാലത്ത് റബര്‍ ബോര്‍ഡ് ആവിഷ്കരിച്ചു. അടുത്ത ആഴ്ച വിരമിക്കാനിരിക്കെ റബര്‍ ബോര്‍ഡിലെ  അഞ്ചു വര്‍ഷങ്ങളെക്കുറിച്ചു സാജന്‍ മനോരമയോടു സംസാരിച്ചു:

. അഞ്ചു വര്‍ഷവും റബറിനു നല്ല വിലയുണ്ടായിരുന്നല്ലോ?
അതെ. 2005 ബോര്‍ഡില്‍ ചുമതലയേല്‍ക്കുമ്പോള്‍ റബര്‍ വില 61 രൂപയായിരുന്നു. രാജ്യാന്തര വിലയെക്കാള്‍ 7.33 രൂപ കുറവ്. രാജ്യാന്തര വിലയ്ക്കൊപ്പം ആഭ്യന്തരവില എത്തിയാലേ നമ്മുടെ കര്‍ഷകര്‍ക്കു പ്രയോജനമുള്ളൂ. നമ്മുടെ റബറിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുക, വിപണിയിലെ ബുദ്ധിപൂര്‍വമായി ഇടപെടുക, കയറ്റുമതി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു പോംവഴി. കര്‍ഷകരും റബറുല്‍പാദക സംഘങ്ങളും വ്യവസായ മേഖലയും റബര്‍ ബോര്‍ഡും ഒരുമിച്ചു കൈകോര്‍ത്തപ്പോള്‍ ഇൌ പ്രവര്‍ത്തനങ്ങള്‍ ഗുണം കണ്ടു. ഇപ്പോള്‍ ഇന്ത്യയിലെ റബര്‍ വില രാജ്യാന്തര വിലയെക്കാള്‍ 3.85 രൂപ കൂടുതലാണ്.

. നല്ല വിലയുള്ളതു കൊണ്ടു കര്‍ഷകര്‍ സ്വാഭാവികമായും സന്തുഷ്ടരായിരിക്കുമല്ലോ?
എവിടെ ചെന്നാലും കര്‍ഷകര്‍ സന്തോഷത്തോടെ പെരുമാറുന്നു. അത് തൃപ്തി തരുന്ന കാര്യമാണ്. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരെ പങ്കാളികളാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ അറിവുകളും ആശയങ്ങളും പ്രയോജനപ്പെടുത്താന്‍ റബര്‍ ഗവേഷണകേന്ദ്രം ശ്രമിച്ചു. 22 കര്‍ഷകര്‍ റബര്‍ ബോര്‍ഡ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂവായിരത്തിലേറെ ചെറു കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവയില്‍ നിന്നാണ് ഇൌ പ്രബന്ധങ്ങള്‍ കണ്ടെത്തിയത്. ഇതു വലിയൊരു വിജ്ഞാന സമാഹരണമായിരുന്നു.

. റബര്‍ ഉല്‍പാദക സംഘങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്തത്?
റബറുല്‍പാദകസംഘങ്ങള്‍ വളരെ പ്രധാനമാണ്. അവയെ ശാക്തീകരിക്കുക എന്നതു പ്രത്യേക ലക്ഷ്യമായിത്തന്നെ കണ്ടു. 11 ലക്ഷത്തോളം കര്‍ഷകരുടെ അയ്യായിരത്തോളം ആര്‍പിഎസുകളുണ്ട്. അവയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായി ഒട്ടേറെ കമ്പനികള്‍ തുടങ്ങി. 18 കമ്പനികള്‍ക്കു പ്രവര്‍ത്തന മൂലധനവും ഒട്ടേറെ സഹകരണ സംഘങ്ങള്‍ക്കു വായ്പയും  നല്‍കാനായി. ഗുണമേന്‍മ വര്‍ധിപ്പിക്കാനും ഫലപ്രദമായ മാര്‍ക്കറ്റിങ്ങിനും ആര്‍പിഎസുകള്‍ ശക്തിപ്പെട്ടേ മതിയാവൂ. ആര്‍പിഎസുകളുടെ സംസ്കരണശാലകളും ചെറുകിട കര്‍ഷകര്‍ക്കു റബര്‍ സംഭരിച്ചു സൂക്ഷിക്കാനുള്ള ഗോഡൌണുകളുമൊക്കെ ഇൌ ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. തിരഞ്ഞെടുത്ത ഉല്‍പാദക സംഘങ്ങള്‍ക്കു കംപ്യൂട്ടര്‍ നല്‍കി. ആര്‍എപിസുകള്‍ക്കായി വെബ്സൈറ്റും രൂപപ്പെടുത്തി.

എസ്എംഎസിലൂടെയും ഫോണിലൂടെയും റബര്‍ വില അറിയാനുള്ള സംവിധാനം ഇപ്പോള്‍ ബോര്‍ഡിലുണ്ട്. അതതു ദിവസം വൈകിട്ട് കര്‍ഷകര്‍ക്കു വില അറിയാം. ആര്‍പിഎസുകളില്‍ ലേബര്‍ ബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വൈദഗ്ധ്യമുള്ള ടാപ്പര്‍മാരും തൊഴിലാളികളും ലേബര്‍ ബാങ്കിലുണ്ടാവും. ഇവരുടെ സേവനം കര്‍ഷകര്‍ക്കു ലഭിക്കുന്നതോടൊപ്പം തൊഴിലാളികളുടെ ജീവിതനിലവാരവും മാന്യതയും ഉയര്‍ത്താനും ഇതു സഹായിക്കും.

. ബോര്‍ഡിന്റെ കീഴിലുള്ള റബര്‍ ഗവേഷണ കേന്ദ്രത്തില്‍ എന്തൊക്കെ മാറ്റങ്ങളാണു കൊണ്ടുവന്നത്?
ഇന്ത്യയിലാണ് ഇന്ന് ഏറ്റവും ഫലപ്രദവും ഗൌരവമേറിയതുമായ റബര്‍ ഗവേഷണം നടക്കുന്നത്. മുന്‍പു മലേഷ്യയ്ക്കായിരുന്നു ഇൌ സ്ഥാനം. രണ്ടു പുതിയ റബറിനങ്ങള്‍ കൂടി  -ആര്‍ആര്‍ഐഐ 417, ആര്‍ആര്‍ഐഐ 422 – റബര്‍ ഗവേഷണ കേന്ദ്രം പുറത്തിറക്കി. ഇതു കര്‍ഷകര്‍ ഇന്നുപയോഗിക്കുന്നു. 147 പുതിയ ഇനം ക്ളോണുകള്‍ ഇപ്പോള്‍ ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റബറിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും മറ്റും കര്‍ഷകര്‍ക്കു സംശയങ്ങള്‍ വിദഗ്ധരോട് ഒാണ്‍ലൈനായി ചോദിക്കാവുന്ന റബര്‍ ക്ളിനിക്കും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ ആര്‍പിഎസുകള്‍ക്കു കംപ്യൂട്ടര്‍ സംവിധാനമുണ്ടാകുന്നതോടെ ഇതിന്റെ സാധ്യതകള്‍ വര്‍ധിക്കും. റബര്‍ വ്യവസായ മേഖലയെ സഹായിക്കാന്‍ ആരംഭിച്ച അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബര്‍ ടെക്നോളജി  വലിയ മുതല്‍ക്കൂട്ടാണ്. ഐഎസ്ആര്‍ഒ യ്ക്കും ഇന്ത്യന്‍ റയില്‍വേയ്ക്കും റബര്‍ ബോര്‍ഡ് സാങ്കേതിക വിദ്യ നല്‍കുന്നുണ്ട്.

. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമാണുള്ളത്?
ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തെ ഏറ്റവും ഗൌരവത്തോടെ സമീപിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് റബര്‍ ഗവേഷണ കേന്ദ്രം. മലേഷ്യയില്‍ നടന്ന അസോസിയേഷന്‍ ഒാഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിങ്സ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) കോണ്‍ഫറന്‍സില്‍ ഇൌ വിഷയം അവതരിപ്പിച്ചതു ഞാനായിരുന്നു. എഎന്‍ആര്‍പിസി അംഗരാജ്യങ്ങളെല്ലാം അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. കാലാവസ്ഥാവ്യതിയാനം മൂലം റബറിന്റെ സ്വഭാവത്തിലും ഉല്‍പാദനത്തിലുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഇന്നു നമ്മള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഒാരോ കാലാവസ്ഥാ മേഖലയ്ക്കും പറ്റിയ രീതിയിലുള്ള റബര്‍ ഇനങ്ങള്‍ വികസിപ്പിക്കാന്‍ പരീക്ഷണം നടക്കുന്നു.

. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൊഴിഞ്ഞുപോക്ക് കുറച്ചു കാലം മുന്‍പു വരെ വലിയൊരു വെല്ലുവിളിയായിരുന്നല്ലോ?
റബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞു. പത്തു പതിനഞ്ചു വര്‍ഷത്തിനിടെ നാല്‍പതോളം സയന്റിസ്റ്റുകള്‍ വിട്ടുപോയ അവസ്ഥയായിരുന്നു. ശമ്പളപാക്കേജും മറ്റും ആകര്‍ഷണീയമല്ലാത്തതായിരുന്നു കാരണം. റബര്‍ ബോര്‍ഡ് അടക്കമുള്ള കമ്മോഡിറ്റി ബോര്‍ഡുകളിലെ ശാസ്ത്രജ്ഞര്‍ക്കു വേണ്ടി ഫ്ലെക്സിബിള്‍ കോംപ്ളിമെന്റിങ് സ്കീം നടപ്പാക്കാന്‍ മുന്‍കയ്യെടുത്തു. സര്‍ക്കാര്‍ അംഗീകരിച്ചതോടെ ദേശീയ സ്ഥാപനങ്ങളിലെ ശമ്പളനിലവാരം വിവിധ ബോര്‍ഡുകളിലെ ശാസ്ത്രകാരന്മാര്‍ക്കും നിലവില്‍ വന്നു. മറ്റു ബോര്‍ഡുകളിലെ ശാസ്ത്രജ്ഞരും സന്തുഷ്ടരാണ്.

. ലോകമാര്‍ക്കറ്റില്‍ ഇന്ത്യന്‍ റബറിന്റെ സ്ഥാനമെന്താണ് ഇപ്പോള്‍?
രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ന് ഇന്ത്യന്‍ റബറിന്റെ സ്ഥിര സാന്നിധ്യമുണ്ട്. ഇന്ത്യന്‍ റബര്‍ പ്രഫഷനലായി മാര്‍ക്കറ്റ് ചെയ്യാനാണു പ്രത്യേക ലോഗോ ഡിസൈന്‍ ചെയ്തു ബ്രാന്‍ഡിങ് നടത്തിയത്. ഇതു വലിയൊരു നേട്ടമാണ്. വിപണി സ്ഥിരത ഉറപ്പാക്കുന്ന വിധത്തില്‍ കയറ്റുമതിക്കു  പ്രോല്‍സാഹനം നല്‍കാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രത്യേകം കമ്മിറ്റിക്കും രൂപം നല്‍കി. കയറ്റുമതിക്കു മാത്രമായി വെബ്സൈറ്റ് തുടങ്ങി. ഇന്റര്‍നാഷനല്‍ റബര്‍ സ്്റ്റഡി ഗ്രൂപ്പ്, അസോസിയേഷന്‍ ഒാഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസ്, ഇന്റര്‍നാഷണല്‍ റബര്‍ റിസര്‍ച്ച് ഡവലപ്മെന്റ് ബോര്‍ഡ് എന്നിവയിലൊക്കെ ഇന്ത്യ ഇന്നു സജീവവും പ്രധാനപ്പെട്ട അംഗവുമാണ്. സ്റ്റഡി ഗ്രൂപ്പ് ഇക്കോണമിക് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനുമാണു ഞാന്‍.

. ഉല്‍പാദനക്ഷമതയും ഗുണമേന്‍മയും ഉറപ്പാക്കാന്‍ എന്തൊക്കെയാണു ചെയ്തത്?
പതിനൊന്നാം പദ്ധതിയുടെ ആലോചനകള്‍ നടക്കുന്ന ഘട്ടത്തിലാണ് ഞാന്‍ ബോര്‍ഡിലെത്തുന്നത്. റബര്‍ വില ഉയര്‍ന്നുനിന്ന കാലമായതു കൊണ്ടു മറ്റു വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. പതിനൊന്നാം പദ്ധതിയില്‍ പുതുക്കൃഷിക്കും ആവര്‍ത്തനക്കൃഷിക്കുമുള്ള ധനസഹായനിരക്കില്‍ വര്‍ധന ഉണ്ടായി. പരമ്പരാഗതമേഖലയില്‍ റബര്‍ കൃഷിക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുമാണ്.

അഞ്ചു വര്‍ഷത്തിനിടെ കൃഷിവിസ്തൃതി 15 ശതമാനം വര്‍ധിച്ചു. ഉല്‍പാദനക്ഷമതയില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തു തുടരുന്നു –   ഹെക്ടറില്‍ 1784 കിലോ. ആഭ്യന്തര വിപണിയിലും റബറിന്റെ ഗുണമേന്മ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ടാണു ബോര്‍ഡ് പ്രവര്‍ത്തിച്ചത്.  2010 ലെ തീവ്രപ്രചാരണ പരിപാടിയുടെ മുഖ്യവിഷയവും ഗുണമേന്മ വര്‍ധിപ്പിക്കലാണ്.

. കേരളം പോലുള്ള പരമ്പരാഗത റബര്‍ മേഖലകളില്‍ കൃഷി പരമാവധി സ്ഥലത്ത് ആയിക്കഴിഞ്ഞു. പുതിയ മേഖലകളില്‍ റബര്‍ കൃഷി നടത്താന്‍ എന്തൊക്കെയാണു നടപടികള്‍?
ഇന്ത്യയില്‍ കൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിക്കു റബര്‍ ബോര്‍ഡ് രൂപം കൊടുത്തത് 1957 ലായിരുന്നു. അതിന്റെ സുവര്‍ണജൂബിലി കാലത്തു ബോര്‍ഡിനു നേതൃത്വം കൊടുക്കാന്‍ എനിക്കു കഴിഞ്ഞു. പരമ്പരാഗതമല്ലാത്ത മേഖലകളിലേക്കു കൃഷി വ്യാപിപ്പിക്കാനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണു റബറിന് ഏറ്റവും യോജിച്ച മേഖല. ഇൌ മേഖലയില്‍ കൃഷി വ്യാപിപ്പിക്കാന്‍ ഒട്ടേറെ നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചു. ഇവിടേയ്ക്കായി അഡീഷനല്‍ റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണറെ നിയമിച്ചു. പുതിയതായി മൂന്നു റീജനല്‍ ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

. റബര്‍ ആക്ടില്‍ ഭേദഗതി നിര്‍ദേശിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചല്ലോ. ഭേദഗതികളുടെ ഉൌന്നല്‍ എന്തായിരുന്നു?
റബര്‍നിയമ ഭേദഗതിയുടെ ആലോചനാ ഘട്ടം മുതല്‍ പങ്കാളിയാകാന്‍ കഴിഞ്ഞു. 1947 ല്‍ നിലവില്‍ വന്ന റബര്‍ ആക്ടിന്റെ ഏറ്റവും സമഗ്രമായ ഭേദഗതിയാണ് ഇത്തവണ വന്നിട്ടുള്ളത്. ഭേദഗതി ചര്‍ച്ചയ്ക്കു വന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നേരിട്ടു പങ്കെടുക്കുകയും ചെയ്തു. പുതിയ കാലത്തിന് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ നിയമത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. റബര്‍ നിയമങ്ങളുടെ സമഗ്ര പരിഷ്കരണവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.

. ഇന്ത്യയില്‍ റബറിന്റെ ഭാവി വഴി എങ്ങനെയാവണം?
ഇന്ത്യയിലെ റബറിന്റെ ആഭ്യന്തര ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടയര്‍, ടയര്‍ ഇതര മേഖലകളിലെല്ലാം ആവശ്യം വര്‍ധിക്കുന്നു. വാഹനവിപണി വളരുന്നതോടൊപ്പം ട്രക്കുകളും റേഡിയല്‍ ടയറുകളിലേക്കു മാറുകയാണ്. ഗുണനിലവാരമുള്ള റബറിന്റെ ഡിമാന്‍ഡ് വന്‍തോതില്‍ കൂടുമെന്നര്‍ഥം. ഇൌ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താന്‍ നമ്മുടെ കര്‍ഷകര്‍ക്കു കഴിയണം. രാജ്യത്തിനകത്തെ ആവശ്യം തൃപ്തിപ്പെടുത്താനും രാജ്യാന്തര വിപണിയിലെ സാധ്യതകള്‍ ചൂഷണം ചെയ്യാനും ഉല്‍പാദനത്തോടൊപ്പം ഗുണനിലവാരവും ഉയര്‍ത്തണം. ആവര്‍ത്തനകൃഷിയും പുതിയ മേഖലകളിലെ കൃഷിയും ഉറപ്പാക്കണം. ആര്‍പിഎസുകളെ ശക്തിപ്പെടുത്തണം.

കടപ്പാട് – മനോരമ

മനോരമക്ക് കാണാന്‍ കഴിയാതെപോയത്

ഇതേപോലുള്ള വിശേഷങ്ങള്‍ മനോരമക്ക് പ്രസിദ്ധീകരിക്കാന്‍ കഴിയില്ല കാരണം വ്യാപാരിവിലയിലൂടെ ആര്‍എസ്എസ് 4 നേക്കാള്‍ 15.25 രൂപ താഴ്ത്തി പ്രസിദ്ധീകരിച്ച് ഡീലേഴ്സിനെ നിയന്ത്രിക്കുകയും  ഗ്രേഡിംഗ് എന്ന മാനദണ്ഡം “ഗ്രീന്‍ബുക്ക് ” കാറ്റില്‍ പറത്തി ഗ്രേഡിംഗ് തിരിമറികള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമ്പോള്‍ റബ്ബര്‍ ബോര്‍ഡ് പ്രസ്തുത വിഷയത്തില്‍ കണ്ണടക്കുകയും ചെയ്യുന്നതിനാല്‍ നമുക്ക് പ്രതീക്ഷിക്കാവുന്ന വാര്‍ത്ത തന്നെയാണ് മനോരമ പ്രസിദ്ധീകരിച്ചത്.

എത്രേല്‍ അപകടകാരിയായ വിഷമല്ല


2010 ജൂലൈ 19 ന് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഡോ. എല്‍. തങ്കമ്മയുടെ ലേഖനമാണ് മുകളില്‍ കാണുന്നത്. റബ്ബര്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ നടത്തുന്ന വിഷരാസിക പ്രയോഗം അപകടകരം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. ദീര്‍ഘകാല വിളയായ റബ്ബര്‍ വന്‍കിടതോട്ടങ്ങളെക്കാള്‍ ലാഭകരമായി ജൈവകൃഷിരീതിയില്‍ പരിപാലിക്കാന്‍ കഴിയുന്നത് ചെറുകിട തോട്ടങ്ങളിലാണ്. അക്കാര്യത്തില്‍  ഡോ. തങ്കമ്മയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.

എഥിഫോണ്‍ എന്ന ഉത്തേജക ഔഷധം ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് പൈനാപ്പിള്‍ ഒരേ സമയത്ത് പൂക്കാനും കായ്ക്കുവാനും വേണ്ടിആണ്.   Classification of selected pesticides എന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം എഥിഫോണ്‍  “നോണ്‍ ഹസാര്‍ഡസ് ” എന്ന വര്‍ഗത്തില്‍പ്പെടുന്നതാണ്. എത്രേല്‍ അല്ലെങ്കില്‍ എഥിഫോണ്‍  (രണ്ടിലും ഉള്ള ഘടകങ്ങള്‍ ഒന്നുതന്നെയാണ്) അതിനാല്‍ അപകടകാരിയായ വിഷമല്ല എന്ന് മനസിലാക്കാം. ഇവപ്രയോഗിക്കുമ്പോള്‍ അതില്‍ നിന്ന് എത്തിലീന്‍ എന്ന വാതകം ഉണ്ടാകുകയും അതിലെ ബെയിസ് കമ്പോണന്റുകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. അത് ഒട്ടുംതന്നെ അപകടകാരിയേ അല്ല. ഡോ. എല്‍. തങ്കമ്മ പറയുന്നരീതിയില്‍ ഇത് വിഘടിക്കാതെ മണ്ണില്‍ക്കിടക്കുകയും ഭക്ഷ്യ വസ്തുക്കളിലൂടെ മനുഷ്യശരീരത്തില്‍ എത്തുകയും ചെയ്യും എന്നത് ശുദ്ധമായ ഒരു നുണ പ്രചരണമാണ്. എന്നാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി റബ്ബര്‍ മരങ്ങളില്‍ എഫിഫോണ്‍ പ്രയോഗിക്കുന്നതിലൂടെ അമിതമായ ഉല്പാദന വര്‍ദ്ധനയുണ്ടാകുകയും മരത്തിന്റെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമുള്ള ജലവും മൂലകങ്ങളും നഷ്ടപ്പെടുകയും ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡര്‍ കാരണം ധാരാളം മരങ്ങള്‍ക്ക് പട്ടമരപ്പ് വരുകയും ചെയ്യും.  അതേസമയം ചിതലിനെയും മറ്റ് കീടങ്ങളേയും നശിപ്പിക്കുവാന്‍ പ്രയോഗിക്കുന്ന മാരകമായ വിഷവസ്തുക്കളും റൗണ്ടപ് പോലുള്ള കളനാശിനികളും രാസവളങ്ങളും റബ്ബര്‍ മരങ്ങള്‍ക്കും, മണ്ണിനും, മണ്ണിരകള്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരം തന്നെയാണ്.

Ethephon the red marked stimulant is not Hazardous (n/h) under normal conditions of use.

Ref: WHO recommended classification of selected pesticides according to hazards (1994)

റബ്ബറിന്റെ ഇറക്കുമതി തീരുവ പരിഷ്‌കരിക്കണം

കൊച്ചി: പ്രകൃതിദത്ത റബ്ബറിന്റെ ഇറക്കുമതി തീരുവ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ആവശ്യപ്പെട്ടു.

2009 ജൂണിനെ അപേക്ഷിച്ച് റബ്ബര്‍ വിലയില്‍ 80 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റബ്ബറിന് ആവശ്യം വര്‍ധിക്കുന്നതും ലഭ്യത കുറയുന്നതുമാണ് വില വര്‍ധനയ്ക്ക് അടിസ്ഥാനം. വില കുറയുന്ന സൂചനകളൊന്നും നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തില്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ പരിഷ്‌കരിക്കാത്ത സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്ന് ആത്മ ഡയറക്ടര്‍ ജനറല്‍ രാജീവ് ബുധ്‌രാജ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയില്‍ ഷീറ്റ് റബ്ബറിന് അന്താരാഷ്ട്ര വിലയെക്കാള്‍ എട്ടുരൂപയും ബ്ലോക്ക് റബ്ബറിന് 20-25 രൂപയും അധികമാണ്. നിലവിലുള്ള ഇറക്കുമതി നികുതി സമ്പ്രദായ പ്രകാരം ഇറക്കുമതിയും ലാഭകരമല്ല – അദ്ദേഹം പറഞ്ഞു.

പ്രകൃതിദത്ത റബ്ബറിന്റെ ലഭ്യതയിലും വിലയിലും നിലനില്‍ക്കുന്ന അനിശ്ചിതത്വം ടയര്‍ ഉത്പാദന മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ആത്മ റോ മെറ്റീരിയല്‍സ് ഗ്രൂപ്പ് കണ്‍വീനര്‍ കൗശിക് റോയ് പറഞ്ഞു. പുതിയ സ്റ്റോക്കാണ് ഇപ്പോള്‍ വിപണിയിലുള്ളത്. റബ്ബര്‍ ബോര്‍ഡിന്റെ അവകാശവാദം പോലെ രണ്ടു ലക്ഷം ടണ്ണിന്റെ ബഫര്‍ സ്റ്റോക്കുണ്ടെന്ന് കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപയോഗവും ഉത്പാദനവും തമ്മില്‍ 2009-10 വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്ണിന്റെ വ്യത്യാസം നിലനിന്നിരുന്നു. 2010-11 ല്‍ ഇത് 1.76 ലക്ഷം ടണ്ണാകുമെന്നാണ് കരുതുന്നത്. റബ്ബര്‍ വില പ്രത്യേകം പരിധിക്കപ്പുറം പോയാല്‍ ചൈന മാതൃകയില്‍ കസ്റ്റംസ് തീരുവ നിശ്ചിതമാക്കണമെന്നും രാജീവ് ബുധ്‌രാജ് ആവശ്യപ്പെട്ടു.

ട്രക്ക്-ബസ് റേഡിയല്‍ ടയറുകളുടെ നിര്‍മാണത്തിനായി 12,000 കോടി രൂപയുടെ നിക്ഷേപത്തിന് ടയര്‍ കമ്പനികള്‍ ഒരുങ്ങുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈ പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട് – മാതൃഭൂമി