Archive for ഓഗസ്റ്റ്, 2010 |Monthly archive page

ചുങ്കം കുറച്ചുള്ള റബ്ബര്‍ ഇറക്കുമതി: പുനഃപരിശോധന തത്കാലമില്ല

രണ്ടാഴ്ച കൂടുമ്പോള്‍ വിലയിരുത്തും  കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ചുങ്കം കുറച്ച് ഒരു ലക്ഷം ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തത്കാലം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
എന്നാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്താരാഷ്ട്ര വിലയുമായി ആഭ്യന്തര വില താരതമ്യം ചെയ്യുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക താത്പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോഴുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിച്ചുങ്കം കുറച്ചത് ആവശ്യമെങ്കില്‍ പുനഃപരിശോധിക്കും. യു.ഡി.എഫ്. എം.പി.മാരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രി ആനന്ദ്ശര്‍മ ഇക്കാര്യം അറിയിച്ചത്. റബ്ബര്‍ ഇറക്കുമതി തീരുമാനം പുനഃപരിശോധിക്കണമെന്നും ഇറക്കുമതിച്ചുങ്കം കുറച്ചത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. എം.പി.മാരായ ജോസ് കെ. മാണി, പി.ടി. തോമസ്, ആന്‍റോ ആന്റണി, കെ.പി. ധനപാലന്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്.
രാജ്യത്ത് ആവശ്യത്തിനു സ്വാഭാവിക റബ്ബര്‍ കിട്ടാനില്ലെന്ന് മന്ത്രി ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. ടയര്‍ വ്യവസായ മേഖലയും പ്രതിസന്ധിയിലാണ്. ടയര്‍ വ്യാപാരികളും ഇറക്കുമതി ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ വിലക്കൂടുതലും ആഗോള വിപണിയില്‍ വിലക്കുറവുമാണ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇറക്കുമതി തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി ശര്‍മ പറഞ്ഞു. റബ്ബര്‍ വിപണിയിലെ സമ്മര്‍ദം ഒഴിവാക്കാന്‍ വ്യാപാരികള്‍ സംഭരിച്ച റബ്ബര്‍ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. ആഭ്യന്തര വിപണിയിലെ റബ്ബര്‍ വില തകരാന്‍ അനുവദിക്കില്ല”-മന്ത്രി പറഞ്ഞു.
ആസിയാന്‍ കരാറില്‍ ദുര്‍ബല പട്ടികയില്‍ ഉള്‍പ്പെടുത്തിയ റബ്ബറിന് ഇറക്കുമതിച്ചുങ്കം കുറച്ചത് അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.
വിഷയം വെള്ളിയാഴ്ച ലോക്‌സഭയില്‍ ഉന്നയിക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ബഹളത്താല്‍ സഭ പിരിഞ്ഞതിനെത്തുടര്‍ന്ന് അതിനു സാധിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
മഴക്കാലത്ത് റബ്ബര്‍ ഉത്പാദനം കുറയുന്നതും മഴ കഴിയുമ്പോള്‍ ഉത്പാദനം വര്‍ധിക്കുന്നതും പതിവാണെന്ന് ആന്‍റോ ആന്റണി പറഞ്ഞു.
ഉത്പാദനം കുറയുമ്പോള്‍ കുറച്ചുകാലം വിലവര്‍ധന സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടപ്പാട് – മാതൃഭൂമി
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാസാവസാന സ്റ്റോക്കാണ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നത്. ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയുള്ള പ്രസിദ്ധീകരണത്തിന് റബ്ബര്‍ വല ഇടിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇപ്പോള്‍ ഇടിയുന്നതെന്തുകൊണ്ടാണ്? മൊത്തക്കച്ചവടക്കാരും, റബ്ബര്‍ബോര്‍ഡും, വന്‍കിട ഉല്പന്ന നിര്‍മ്മാതാക്കളും ചേര്‍ന്നുള്ള ഒരു കളിയുടെ ഭാഗമാണിത്. ഉയര്‍ന്ന വില ലഭ്യമാക്കി നഷ്ടം നേരിടുന്ന ഭക്ഷ്യോത്പന്ന കൃഷിയില്‍ നിന്ന് മാറി റബ്ബര്‍ പുതു കൃഷിയുടെ വ്യാപനമാണ് പ്രാവര്‍ത്തികമാക്കിയത്. വരാന്‍ പോകുന്ന പീക്ക് ഉല്പാദന സീസണ്‍ ആയ നവംബര്‍ മുതല്‍ ജനുവരി വരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഇടിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ചുങ്കം കുറച്ചുള്ള ഇറക്കുമതി. മനോരമയുടെ വ്യാപാരിവിലയേക്കാള്‍ വളരെ താണതാണ് ലോക്കല്‍ ഡീലര്‍മാര്‍ കര്‍ഷകര്‍ക്ക് നല്കുന്നത്. ഇതില്‍ എറിയപങ്കും നാലും, അഞ്ചും തരത്തില്‍പ്പെട്ട റബ്ബര്‍ ഷീറ്റുകളാണ്.
ഒരുലക്ഷം ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതിന്റെ സൂചന വന്നതേയുള്ളു അന്താരാഷ്ട്ര വില ഉയരുവാന്‍ തുടങ്ങി. താമസിയാതെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയിലും താഴേയ്ക്ക് പോകും എന്നതാണ് സത്യം. റബ്ബര്‍ ബോര്‍ഡിന്റെ തെറ്റായ വളപ്രയോഗം, ഉത്തേജക ഔഷധ പ്രയോഗം, തെറ്റായ ടാപ്പിംഗ് രീതി മുതലായവയാണ് ഉല്പാദനം കുറയുവാനുണ്ടായകാരണം.  അന്താരാഷ്ട്ര വിലയേക്കാള്‍ താണവിലയ്ക്ക് കര്‍ഷകര്‍ വില്കരുത് എന്നതാവണം കര്‍ഷകരുടെ ഭാഗത്തുനിന്ന് അടുത്ത നടപടി.

മാതൃഭൂമിയ്ക്ക് ഒരു തുറന്ന കത്ത്

വ്യാപാരികള്‍ വിട്ടുനിന്നു; റബ്ബര്‍വില കുറഞ്ഞു

കോട്ടയം: റബ്ബര്‍ ഇറക്കുമതിച്ചുങ്കം ഏഴരശതമാനമാക്കി കുറയ്ക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചതോടെ വ്യാപാരികള്‍ പൊടുന്നനെ വിപണിയില്‍ നിന്ന് പിന്മാറി, ഇതോടെ ഒറ്റ ദിവസംകൊണ്ട് ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബ്ബറിന് കോട്ടയത്ത് കിലോയ്ക്ക് നാല്‌രൂപ കുറഞ്ഞു. ബുധനാഴ്ചവരെ ആര്‍.എസ്.എസ് നാലിന് കിലോയ്ക്ക് 184 രൂപയായിരുന്നു വില. 17-ാംതീയതിയിലെ കോടതിവിധിയെ തുടര്‍ന്ന് വില കുറയുമെന്ന പ്രതീക്ഷയില്‍ ടയര്‍ കമ്പനികളും വിപണിയില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ മൊത്ത വ്യാപാരികള്‍ക്ക് ആഭ്യന്തര റബ്ബര്‍ വിലകുറച്ച് എടുക്കുന്നതിന് നിര്‍ബന്ധിതരായി.

അന്താരാഷ്ട്രവില ആഭ്യന്തര വിലയേക്കാള്‍ താഴ്ന്ന് നിന്നതുകൊണ്ട് ടയര്‍ കമ്പനികള്‍ ഈ സാമ്പത്തികവര്‍ഷം 60000ടണ്‍ റബ്ബറാണ് 20ശതമാനം ഡ്യൂട്ടി അടച്ച് ഇറക്കുമതി ചെയ്തത്. ഇതുപോലും ആഭ്യന്തര വിലവച്ചുനോക്കുമ്പോള്‍ കമ്പനികള്‍ക്ക് ലാഭകരമായിരുന്നു.

ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുവെന്ന പ്രചാരണമല്ലാതെ ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭ്യമായിട്ടില്ലെന്ന് റബ്ബര്‍ ബോര്‍ഡ് അധികൃതരും റബ്ബര്‍ വ്യാപാരികളുടെ സംഘടനകളുടെ പ്രതിനിധികളും വ്യക്തമാക്കി.

ഒരു തുറന്ന കത്ത്

ഈ സാമ്പത്തിക വര്‍ഷം 60000 ടണ്‍ സ്വാഭാവിക റബ്ബര്‍ 20% ഡ്യൂട്ടി അടച്ച് ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തു എന്ന് പറയുന്നത് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം നാളിതുവരെ നടന്നിട്ടുള്ള വാര്‍ഷിക ഇറക്കുമതികളെല്ലാം തന്നെ 98% വും പൂജ്യം ശതമാനം ഡ്യൂട്ടിയിലാണ് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നത് എന്നത് പല സൈറ്റുകളിലും ലഭ്യമായ വിഷയമാണ്. ഫിനിഷ്‌ഡ് പ്രോഡക്ടിന്റെ കയറ്റുമതിക്ക് ആനുപാതികമായി  കയറ്റുമതി ചെയ്ത തൂക്കത്തിന്റെ 19% അസംസ്കൃത സ്വാഭാവിക റബ്ബര്‍ പൂജ്യം ശതമാനം ഇറക്കുമതിച്ചുങ്കത്തില്‍ ഇറക്കുമതി ചെയ്യുവാനുള്ള അവകാശം കയറ്റുമതി ചെയ്യുന്നവര്‍ക്കുണ്ട്. അന്താരാഷ്ട്രവിലയും ആഭ്യന്തരവിലയും തമ്മിലുണ്ടായിരുന്ന അന്തരം 20% ഡ്യൂട്ടി അടച്ച് ഇറക്കുമതി ചെയ്താലും ആര്‍എസ്എസ് നാലാംതരമായി 4% വാറ്റ് അടച്ച് വാങ്ങുന്നതിനേക്കാള്‍ ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ വില താണിരിക്കുവാനുള്ള അവസരം കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു എന്നുവേണം കരുതുവാന്‍. മാധ്യമങ്ങളിലൂടെ ഇത്രയും ഉയര്‍ന്ന വിലയിലും കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചുവെയ്ക്കുന്നു എന്ന പ്രചരണവും റബ്ബര്‍ ബോര്‍ഡ് നടത്തുന്നുണ്ട്. ആര്‍എസ്എസ് നാലാം തരവും മനോരമയുടെ വ്യാപാരി വിലയും തമ്മിലുള്ള അന്തരവും കണ്‍മതി സമ്പ്രദായത്തില്‍ ഗ്രേഡിംഗ് തിരിമറി നടത്തുവാനുള്ള സൌകര്യവും ഇതിനായി വഴിയൊരുക്കി. അതോടൊപ്പം റബ്ബര്‍ ബോര്‍ഡിന്റെ സ്ഥിതിവിവര കണക്കുളില്‍ വര്‍ഷങ്ങളായി ഇല്ലാത്ത ഉല്പാദനവും ഉയര്‍ത്തിക്കാട്ടുന്നു. ഇതിന്റെ പിന്നില്‍ ഇറക്കുമതി തീരുവ 7.5% ആയി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇനി വരാന്‍ പോകുന്ന ഉല്പാദന വര്‍ദ്ധനവിന്റെ കാലത്ത്  കയറ്റുമതിയാവും ലക്ഷ്യമിടുന്നത്.