Archive for സെപ്റ്റംബര്‍, 2010 |Monthly archive page
റബ്ബര്‍ ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കൊരു മാതൃക
ഏപ്രില്‍ മാസം മുതല്‍ അന്താരാഷ്ടവിലയേക്കാള്‍ 36 രൂപവരെ ഉയര്‍ത്തിനിറുത്തി ടയറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഒരു നിര്‍മ്മാതാവിന് കയറ്റുമതിക്ക് ആനുപാതികമായി സ്വാഭാവിക റബ്ബര്‍ 0% തീരുവയില്‍ മറ്റ് ഉത്പന്ന നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സ്വന്തം ആവശ്യത്തിന് മുപ്പതു രൂപയില്‍ക്കൂടുതല്‍ താഴ്ന്ന വിലയ്ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. അതോടൊപ്പം ആര്‍എസ്എസ് 4 ഉം വ്യാപാരിവിലയും തമ്മിലുള്ള അന്തരം കുറച്ചുനിറുത്തി വിപണിയില്‍ നിന്ന് വിട്ടുനിന്ന് തങ്ങളുടെ ആവശ്യം നിറവേറ്റുവാനും അവസരമൊരുക്കാം. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്റ്റോക്ക് ബാലന്‍സ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുകയും റബ്ബര്‍ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ഒരുലക്ഷം ടണ്‍ 7.5 % തീരുവയില്‍ ഇറക്കുമതി ഭീഷണി മാത്രമല്ല അതിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിയുടെ മാറിമറിയുന്ന പ്രഖ്യാപനവും വിപണിവില അന്താരാഷ്ടവിലക്കൊപ്പം എത്തിക്കുന്നു. തദവസരത്തില്‍ നാലാംതരവും വ്യാപാരി വിലയും തമ്മിലുള്ള അന്തരം 21 രൂപയായി ഉയര്‍ത്തി കണ്മതി സമ്പ്രദായത്തിലുള്ള ഗ്രേഡിംഗ് വെട്ടിപ്പിന്റെ മറവില്‍ ആവശ്യത്തിന് റബ്ബര്‍ വാങ്ങിക്കൂട്ടാം മറ്റാര്‍ക്കും കിട്ടാത്ത മുന്തിയ തരം റബ്ബര്‍. അതും പോരാഞ്ഞ് ഇറക്കുമതി ചെയ്ത റബ്ബര്‍ ഭാരതത്തില്‍ 92% ഉല്പാദനം നടക്കുന്ന കേരളത്തിലേക്ക് ഉപ്പ് ലോറിയില്‍ കള്ളക്കടത്ത് നടത്തിയാലോ? മലയാളത്തിലെ വമ്പന്‍ റേഡിയോ, ടിവി, പത്രം തുടങ്ങിയ മാധ്യമവും എണ്ണിയാലൊടുങ്ങാത്ത റിപ്പോര്‍ട്ടര്‍മാരും കയ്യിലുള്ളപ്പോള്‍ വളരാനാണോ പ്രയാസം.
റബ്ബര്‍ ബോര്‍ഡ് ശേഖരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ആട്ടോ ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനില്‍ നിന്നും കൂടി ആകുമ്പോള്‍ കണക്ക് പൂര്‍ത്തിയാകും. എംആര്എഫിനെക്കാണുമ്പോള് കവാത്ത് മറക്കുന്ന റബ്ബര്‍ ബോര്‍ഡ് വെറും നോക്കുകുത്തി മാത്രം. കര്‍ഷകരോട് ഇവര്‍ (മനോരമയും, റബ്ബര്‍ ബോര്‍ഡും) കാണിക്കുന്ന കപട സ്നേഹം ഇനിയെങ്കിലും കര്‍ഷകര്‍ തിരിച്ചറിയണം. ഉയര്‍ന്ന വിലയില്‍ നിന്ന് ഇടിയാന്‍ തുടങ്ങുമ്പോള്‍ ബള്‍ക്ക് ഡീലേഴ്സിന് കിട്ടുന്ന വന്‍ ലാഭത്തിന് കാരണം റബ്ബര്‍ വില ഉറപ്പിച്ചുകൊണ്ട് കിട്ടുന്ന അന്തര്‍ സംസ്ഥാന ഓര്‍ഡറുകള്‍ ഒരാഴ്ചയ്ക്ക് ഉള്ളില്‍ കയറ്റി അയച്ചാല്‍ മതി എന്ന ഇവര്‍ ഉണ്ടാക്കിയിട്ടുള്ള നിയമം വില ഇടിയുംതോറും ലാഭം കൂടുന്ന ഒന്നാണ്. റബ്ബര്‍ ബോര്‍ഡും, വന്‍കിട നിര്‍മ്മാതാക്കളും, ബള്‍ക്ക് ഡീലേഴ്സും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളി കര്‍ഷകര്‍ക്കും, ചെറുകിട ഡീലര്‍മാര്‍ക്കും, മറ്റ് നിര്‍മ്മാതാക്കള്‍ക്കും ഹാനികരമാണ്.
ഒരു ടയര്‍ നിര്‍മ്മാതാവ് സ്വാഭാവിക റബ്ബറിന്റെ വില നിയന്ത്രിക്കുന്നത് ഉചിതമാണോ?
തെറ്റായ മാധ്യമ പ്രചാരണം
ഉപഭോഗം 3.4 ആയി ചുരുങ്ങുക എന്നാല്‍ 377600 ടണ്ണില്‍ നിന്ന് 390350 ടണ്ണായി മാറുക എന്നതാണോ?
മേയ് അവസാനം വരെ മാത്രമേ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളു. ആ ചുറ്റുപാടിലാണ് 03-09-2010 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആഗസ്റ്റ് മാസം 31 -ാം തീയതിവരെയുള്ള സ്ഥിതിവിവര കണക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. ദിനപത്രങ്ങളിലൂടെയാണ് റബ്ബര്‍ ബോര്‍ഡ് ഒളിഞ്ഞിരുന്ന് പ്രസിദ്ധീകരിക്കുന്നത്. ലക്ഷക്കണക്കിന് വായനക്കാരെ കബളിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്നത് റബ്ബര്‍ വില ഇടിക്കുക എന്ന നയമാണ്. ഇക്കഴിഞ്ഞ 2010 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ഉള്ള ഉല്പാദനം 2009 ലെ ഉത്പാദനത്തെക്കാള്‍ കുറവായിരുന്നു എന്നതാണ് സത്യം. അതിനുണ്ടായ സാഹചര്യം ടാപ്പിംഗ് തടസ്സപ്പെടുത്തുന്ന തുടര്‍ച്ചയായ മഴയായിരുന്നു. ടാപ്പിംഗ് തടസ്സപ്പെടുത്തുന്ന മഴ പെയ്തപ്പോഴും പകല്‍ സമയങ്ങളില്‍ സ്വയം ടാപ്പ് ചെയ്തിട്ടുപോലും എനിക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞ ഉല്പാദനമാണ് ലഭിച്ചത്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ ഏതെങ്കിലുമൊക്കെ റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ അനുഭവങ്ങളും കൂടെ തെരക്കുന്നത് നല്ലതായിരിക്കും. എനിക്ക് കിട്ടുന്ന ഉല്പാദനവും ലഭിച്ച വിലയും അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നിരുന്നതിനാല്‍ അല്പം ഭേദപ്പെട്ടതായിരുന്നു. ഏപ്രിലില്‍ ആര്‍എസ്എസ് നാലും വ്യാപാരിവിലയും തമ്മിലുള്ള അന്തരം മൂന്ന് രൂപയ്ക്ക് അടുത്തായിരുന്നത് ആഗസ്റ്റില്‍ ഇരുപത്തി ഒന്നായി ഉയര്‍ത്തിയ മനോരമ മേല്‍ക്കാണുന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിലയിടിക്കുവാനുള്ള ശ്രമമാണ് നടത്തിയത്. റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകളില്‍ കര്‍ഷകര്‍ പിടിച്ചുവെച്ചിരിക്കുന്നത് വിലയിടിയാന്‍ തുടങ്ങുമ്പോള്‍ വിപണിയില്‍ എത്തേണ്ടതാണല്ലോ. സ്റ്റോക്ക് എത്തിയിരുന്നു എങ്കില്‍ മനോരമയ്ക്ക് താഴേയ്ക് താണവില തിര്കെ ഉയര്‍ത്തേണ്ടി വരില്ലായിരുന്നു. താണ വില ഉയരുന്നത് വിപണിയിലേയ്ക്ക് കര്‍ഷകര്‍ സ്റ്റോക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ്. എന്നാല്‍ വരാന്‍പോകുന്ന പീക്ക് സീസണില്‍ ചെറിയ സ്റ്റോക്ക് വര്‍ദ്ധന വിപണിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ വില വീണ്ടും ഇടിയാം. ഡിമാന്‍ഡിനനുസരിച്ച് കര്‍ഷകര്‍ സപ്ലൈ നിയന്ത്രിച്ചാല്‍ വന്‍ വിലയിടിവില്‍ നിന്ന് റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാം.
ആഗസ്റ്റ് മാസത്തെ സ്ഥിതിവിവര കണക്കുകള്‍ ഇപ്രകാരം പത്രങ്ങളിലൂടെ പ്രചരിപ്പിക്കുമ്പോള്‍ ഒരു മാസത്തിന് ശേഷമെങ്കിലും റബ്ബര്‍ ബോര്‍ഡിന് അത് ആധികാരികമായി പ്രസിദ്ധീകരിക്കാന്‍ കഴിയണം. ഇത്തരം പത്രമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലും പ്രത്യക്ഷപ്പെടേണ്ടതല്ലെ? കഴിഞ്ഞ വര്‍ഷം ഉല്പന്ന നിര്‍മ്മാണത്തില്‍ ഉണ്ടായ വര്‍ദ്ധനയും ഉല്പന്ന കയറ്റുമതിയും 176756 ടണില്‍ ഏറിയ പങ്കും പൂജ്യം ശതമാനത്തിലെ ഇറക്കുമതിയും റബ്ബര്‍ വില ഉയര്‍ന്നിരിക്കാന്‍ കാരണമായി. അത് തെങ്ങും, നെല്ലും, മരച്ചീനിയും, വാഴയും മാറ്റി റബ്ബര്‍ കൃഷിചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. നമുക്ക് ഭക്ഷണത്തിന് കേന്ദ്രത്തേയും അന്യ സംസ്ഥാനങ്ങളെയും ആശ്രയിക്കാം. തിന്നുന്ന വിഷങ്ങള്‍ ക്യാന്‍സറായി മാറുമ്പോള്‍ ആര്‍സിസിയില്‍ അഭയം തേടാം. ജി.ഡി.പി ഉയരും അതല്ലെ രാജ്യ പുരോഗതിയുടെ തെളിവ്.
ഏഴര ശതമാനത്തിലെ കുറഞ്ഞതീരുവയോടെയുള്ള ഇറക്കുമതി ഭീഷണിയും അതിനെതിരെയുള്ള വിമര്‍ശനങ്ങളും എല്ലാം കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണ്. അമിതമായി വിലയിടിഞ്ഞാല്‍ കര്‍ഷകര്‍ പതിനഞ്ചാം തീയതി മുതല്‍ അടുത്തമാസം അഞ്ചാം തീയതിവരെ റബ്ബര്‍ വില്‍ക്കാതെ സ്റ്റോക്ക് ചെയ്താല്‍ വിലയിടിവ് തടയാന്‍ കഴിയും. റബ്ബര്‍ ബോര്‍ഡിന്റെ കള്ളക്കണക്കുകള്‍ക്ക് വിലനിലവാരം പിടിച്ചുനിറുത്താന്‍ കഴിയില്ല എന്നതിന് തെളിവാണ് റബ്ബര്‍ ചരിത്രത്തിലെ ഉയര്‍ന്ന വില.