Archive for ഡിസംബര്‍, 2010 |Monthly archive page

മാതൃഭൂമി വാര്‍ത്ത ആരെ സഹായിക്കാന്‍?

ഒരു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും പരിഹരിച്ച് ഒരു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം. മുഖ്യമായും ടയര്‍ വ്യവസായമേഖലയുടെ ആവശ്യം പരിഗണിച്ചാണ് ഇറക്കുമതി. റബ്ബര്‍ ഇറക്കുമതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ റബ്ബര്‍ വിലയില്‍ പ്രത്യാഘാതമുണ്ടാവും. സ്വാഭാവിക റബ്ബറിന്റെ 92 ശതമാനവും ഉല്പാദിപ്പിക്കുന്നത് കേരളത്തിലായതിനാല്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകും ഈ നടപടി.

പാര്‍ലമെന്‍റിന്റെ നടപ്പുസമ്മേളനം ഡിസംബര്‍ 13ന് അവസാനിച്ചാല്‍ റബ്ബര്‍ ഇറക്കുമതി സംബന്ധിച്ച് ധനകാര്യമന്ത്രാലയം തീരുമാനമെടുക്കുമെന്ന് വാണിജ്യസെക്രട്ടറി രാഹുല്‍ ഖുല്ലര്‍ ബുധനാഴ്ച ഒരു വിദേശവാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. നിലവിലുള്ള 20 ശതമാനം തീരുവയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്താനാണ് ശ്രമം. പരമാവധി ഒരുലക്ഷം ടണ്‍ റബ്ബര്‍ വരെ ഇറക്കുമതി ചെയ്യാന്‍ വാണിജ്യമന്ത്രാലയം ശുപാര്‍ശ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റബ്ബര്‍ ഉല്പാദകരാണ് ഇന്ത്യ. എന്നാല്‍ രാജ്യത്ത് യാത്രാവാഹനവില്പന വന്‍തോതില്‍ ഉയരുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുപ്രകാരം നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലത്ത് 14 ലക്ഷം യാത്രാവാഹനങ്ങളുടെ വില്പനയാണ് നടന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ മൊത്തം വില്പന 15.3 ലക്ഷം മാത്രമായിരുന്നു. രാജ്യത്ത് വാഹനവില്പനയിലുണ്ടാവുന്ന കുതിച്ചുചാട്ടത്തിനനുസൃതമായി ടയര്‍ വില്പനയും ഉയരുകയാണ്. അപ്പോളോ ടയേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം വന്‍ വികസനത്തിന്റെ പാതയിലും. ടയര്‍ ഉല്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ മൊത്തം ചെലവില്‍ 42 ശതമാനവും സ്വാഭാവിക റബ്ബറിന്‍േറതാണെന്ന് ടയര്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്ത് ഇന്ത്യയിലേക്ക് 1,43,468 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്തതായാണ് വിവരം. ഇതാകട്ടെ, മുന്‍ വര്‍ഷം ഇതേ സമയത്തെ 1,39,321 ടണ്ണിനേക്കാള്‍ അധികവുമാണ്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ റബ്ബര്‍വില കിലോയ്ക്ക് 188 രൂപയിലെത്തിയപ്പോഴാണ് ഇറക്കുമതി വര്‍ധിച്ചത്. ഇതേത്തുടര്‍ന്ന് വില കിലോയ്ക്ക് 20 രൂപയോളം കുറയുകയുണ്ടായി.

അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് നവംബറില്‍ രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തില്‍ 5.4 ശതമാനം കുറവുണ്ടായി. മുന്‍വര്‍ഷം ഒക്ടോബറില്‍ 93,500 ടണ്‍ ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ 88,500 ടണ്‍ മാത്രമേ ലഭിച്ചുള്ളൂ. അതായത് 5,000 ടണ്ണിന്റെ കുറവ്. തൊഴിലാളികളുടെ ക്ഷാമവും ഉത്പാദനക്കുറവിന് കാരണമായി. എന്നാല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മൊത്തം ഉത്പാദനം 5,46,150 ടണ്ണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ സമയത്തെ 5,30,900 ടണ്ണിനെ അപേക്ഷിച്ച് രണ്ടുശതമാനം കൂടുതലാണിത്. അതേസമയം ഉപഭോഗത്തിലുണ്ടായ വര്‍ധന 2.9 ശതമാനം വരും. 2009-10ന്റെ ആദ്യ എട്ടുമാസക്കാലത്ത് 6,14,815 ടണ്ണിന്റെ ഉപഭോഗം നടന്ന സ്ഥാനത്ത് ഇത്തവണ 6,32,550 ടണ്‍ റബ്ബര്‍ വ്യവസായികള്‍ പ്രയോജനപ്പെടുത്തിയതായി റബ്ബര്‍ ബോര്‍ഡ് വിലയിരുത്തി.

അതേസമയം, ഉപഭോഗം ഉയര്‍ന്നതുകാരണം ഇന്ത്യയില്‍ നിന്നുള്ള റബ്ബര്‍ കയറ്റുമതിയില്‍ വന്‍ ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലത്ത് 8030 ടണ്‍ കയറ്റി അയയ്ക്കാനായപ്പോള്‍ ഇത്തവണയത് 4,734 ടണ്ണിലേക്ക് താഴ്ന്നു. ആഭ്യന്തരമായി ലഭിച്ച ഉയര്‍ന്ന വിലയും കയറ്റുമതിക്ക് തടസ്സമായി.

നവംബര്‍ ഒടുവിലെ കണക്കുപ്രകാരം രാജ്യത്ത് 2,65,304 ടണ്‍ റബ്ബര്‍ സ്റ്റോക്കുള്ളതായി റബ്ബര്‍ബോര്‍ഡ് വെളിപ്പെടുത്തുന്നു. 2009 നവംബര്‍ ഒടുവില്‍ ഇത് 2,44,870 ടണ്‍ മാത്രമായിരുന്നു. ഉയര്‍ന്ന സ്റ്റോക്കുള്ളതായി കണക്കുകള്‍ സമര്‍ഥിക്കുന്നുണ്ടെങ്കിലും വിപണിയിലേക്ക് റബ്ബര്‍വരവ് കുറവാണ്.