Archive for മാര്‍ച്ച്, 2011 |Monthly archive page

വ്യാജരേഖ ഹാജരാക്കി റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം

കൊച്ചി: റബ്ബര്‍ ബോര്‍ഡില്‍ വ്യാജരേഖകള്‍ ഹാജരാക്കി ലക്ഷങ്ങളുടെ സബ്‌സിഡി തുക തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി വാണിജ്യ നികുതി വകുപ്പിന്റെ ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തി. 2009-2010 കാലയളവിലെ ഒരപേക്ഷ പരിശോധിച്ചതില്‍ നിന്ന് മാത്രം 20,13,840 രൂപ തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കോടികള്‍ ഇങ്ങനെ റബ്ബര്‍ ബോര്‍ഡിന് നഷ്ടപ്പെട്ടതായും ബോര്‍ഡിലെ ഉന്നതരില്‍ ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്. 

തിരുവനന്തപുരത്തെ വാണിജ്യ നികുതി വകുപ്പ് ദക്ഷിണ മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ബ്ലോക്ക് റബ്ബര്‍ ഫാക്ടറികള്‍ ആധുനികീകരിക്കുന്നതിന് വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം റബ്ബര്‍ ബോര്‍ഡ് സബ്‌സിഡിയായി നല്‍കിവരുന്നുണ്ട്. ഇതിന്റെ മറവിലാണ് തട്ടിപ്പ് ശ്രമങ്ങള്‍ നടക്കുന്നത്. മലപ്പുറം കരുവാരക്കുണ്ടിലെ സില്‍വര്‍ സ്റ്റോണ്‍ സ്‌പെഷാലിറ്റി റബ്ബര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് റബ്ബര്‍ ബോര്‍ഡിന് സമര്‍പ്പിച്ച ബില്ലുകള്‍ വ്യാജമാണെന്നാണ് വാണിജ്യ നികുതി വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ പൂവരണി, കുമാരനല്ലൂര്‍, വടവാതൂര്‍ എന്നിവിടങ്ങളിലെ നാല് ഡീലര്‍മാരുടെ പേരില്‍ 80,55,360 രൂപയുടെ വ്യാജ ബില്ലുകളാണ് കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്ത് സമര്‍പ്പിച്ചത്. ഇവിടങ്ങളില്‍ നിന്ന് മെഷിനറികളും മറ്റും വാങ്ങിയതായി കാട്ടിയാണ് ബില്ലുണ്ടാക്കിയത്. ഈ ഇനത്തില്‍ 20,13,840 രൂപയാണ് സബ്‌സിഡി വരിക. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി വകുപ്പിന്റെ കോട്ടയം സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍റലിജന്‍സ് ഓഫീസര്‍ സുനില്‍ കുമാര്‍ എതാനും രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് ബാബു നടത്തിയ പരിശോധനയില്‍ തട്ടിപ്പ് ബോദ്ധ്യപ്പെട്ടതോടെ വിശദമായ അന്വേഷണത്തിന് കോട്ടയം സ്‌ക്വാഡിലെ ഇന്‍റലിജന്‍സ് ഓഫീസര്‍ മാത്യു ജോര്‍ജിനെ നിയോഗിക്കുകയായിരുന്നു. ഇദ്ദേഹം ഡീലര്‍മാരുടെ അക്കൗണ്ട് രജിസ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇങ്ങനെ ഒരു ഇടപാട് നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. രേഖകള്‍ തങ്ങളുടെ പേരില്‍ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് ഡീലര്‍മാര്‍ പറഞ്ഞത്. തങ്ങളുടെ പേരില്‍ വ്യാജ ബില്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് പൂവരണി പൈകയിലെ ഡീലര്‍ മലപ്പുറം കരുവാരക്കുണ്ടിലെ കമ്പനിക്കെതിരെ കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിനിടെ ഈ പദ്ധതിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന ഇടപാടുകള്‍ പരിശോധിക്കുന്നതിന്, ബ്ലോക്ക് റബ്ബര്‍ ഫാക്ടറികള്‍ സമര്‍പ്പിച്ച രേഖകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലായി രണ്ടുതവണ ഇന്‍റലിജന്‍സ് വിഭാഗം റബ്ബര്‍ ബോര്‍ഡിന് കത്തയച്ചുവെങ്കിലും അവര്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. വിവാദ ഫാക്ടറി ഉടമയുടെ അപേക്ഷ പരിഗണിക്കാന്‍ താമസിച്ചുവെന്നു പറഞ്ഞ് ഈ അപേക്ഷ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥയ്ക്ക് നേരത്തെ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി അറിയുന്നു. സംഭവത്തില്‍ റബ്ബര്‍ ബോര്‍ഡിലെ ആര്‍ക്കെങ്കിലും പങ്കുണ്ടായിരുന്നോ എന്നും ഇതോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. കരുവാരക്കുണ്ടിലെ ഫാക്ടറിക്ക് വേഗം സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് റബ്ബര്‍ ബോര്‍ഡില്‍ നേരത്തെ ഉണ്ടായിരുന്ന ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ അപേക്ഷയില്‍ ഫയല്‍ നോട്ട് എഴുതിയിരുന്നതായി അറിയുന്നു. പോലീസ് അന്വേഷണം വന്നാല്‍ ഇതു പുറത്താകുമെന്നുള്ളതിനാല്‍ കരുവാരക്കുണ്ട് പോലീസില്‍ നല്‍കിയ കേസ് പരാതിക്കാരനെക്കൊണ്ട് പിന്‍വലിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. എന്നാല്‍ വിവാദ കമ്പനിക്കെതിരെ പൈകയിലെ ഡീലറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കരുവാരക്കുണ്ട് എസ്.ഐ. പി.കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ഉടന്‍ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനവും പൈകയിലെ ഡീലറുടെ സ്ഥാപനവും സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്ലോക്ക് റബ്ബര്‍ ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് സബ്‌സിഡി നല്‍കുന്ന പദ്ധതി 2001 മുതല്‍ തന്നെ റബ്ബര്‍ ബോര്‍ഡിനുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജരേഖ ചമച്ച് കോടികള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ഇതിനുമുമ്പ് തട്ടിയെടുത്തിട്ടുണ്ടാകാമെന്ന് വാണിജ്യനികുതി വകുപ്പ് ബലമായി സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ രേഖകള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നാവശ്യപ്പെട്ടത്. എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നു കണ്ടുപിടിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇന്‍റലിജന്‍സ് വിഭാഗം.

കടപ്പാട് – മാതൃഭൂമി