Archive for സെപ്റ്റംബര്‍, 2011 |Monthly archive page

റബ്ബര്‍ ചര്‍ച്ച ഭാഗം 1

തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍ കണ്‍മതി സമ്പ്രദായമാണ്. കാലം പുരോഗമിച്ചിട്ടും അതിനൊരു മാറ്റം വന്നില്ല. തോന്നുന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്‍ക്കുവാന്‍ അതിലൂടെ അവസരമൊരുക്കുന്നു. ലോകമെമ്പാടും ഗ്രേഡിംഗ് നിര്‍ണയിക്കുന്നത് ഗ്രീന്‍ബുക്ക് എന്ന ആര്‍ക്കും കാണാന്‍ കഴിയാത്ത ഗ്രേഡിംഗ് മാനദണ്ഡപ്രകാരമാണ്. അത് ഓരോ ഡീലറും പ്രദര്‍ശിപ്പിക്കണം എന്നാണ് എന്റെ അറിവ്. അപ്രകാപ‌രമായാല്‍ എങ്ങിനെയാണ് റബ്ബര്‍ ബോര്‍ഡുകാര്‍ക്ക് പറയാന്‍ കഴിയുക ഇന്ത്യന്‍ ആര്‍എസ്എസ് 4 അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന് തുല്യമാണെന്ന്? ഇപ്പോള്‍ അത് പറഞ്ഞ് കേള്‍ക്കാറില്ല എങ്കിലും വില പ്രസിദ്ധീകരിക്കുന്നതില്‍ അത് പ്രതിഫലിച്ച് കാണാറുണ്ട്. (പരിഹാരം കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റമാണ്. അത് നടപ്പിലായാല്‍ വാങ്ങല്‍ വില്‍ക്കല്‍ ഗ്രേഡില്‍ മാറ്റം വരുത്താന്‍ കഴിയില്ല). ഡീലര്‍ ലൈസന്‍ലസ് കൊടുക്കുന്നതും വിപണി നിയന്ത്രിക്കുന്നതും റബ്ബര്‍ ബോര്‍ഡ് നേരിട്ടാണ്. മനോരമ പത്രത്തില്‍ വരുന്ന വ്യാപാരിവില കേരളത്തിലെ ചെറുകിട കച്ചവടക്കാരെ നിയന്ത്രിക്കുവാനും അവരില്‍ നിന്ന് പല ഏജന്റുമാരിലൂടെയും സംഭരിക്കപ്പെടുവാനും കാരണമാകുന്നു അപ്രകാരം സംഭരിക്കപ്പെടുന്ന ഷീറ്റുകള്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ലഭിക്കില്ല. ഈ വ്യാപാരിവില ഇവിടെ ഒഴിച്ച് റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലോ ആംഗലേയത്തിലോ ലഭ്യമല്ല. ഓരോ ഡീലറും റബ്ബര്‍ ബോര്‍ഡിന് ഈ മാസത്തെ വാങ്ങല്‍ വില്‍ക്കല്‍ കണക്കുകള്‍ അടുത്തമാസം 20 ന് മുമ്പായി ഫോം H, L എന്നിവയിലൂടെ റബ്ബര്‍ബോര്‍ഡ് സെക്രട്ടറിക്ക് കിട്ടത്തക്കവണ്ണം അയച്ചിരിക്കണം. ഈ ഫോം ഗ്രേഡ് മാറ്റം അനുവദിക്കുന്നില്ല. കേരളത്തില്‍ ലൈസന്‍സില്ലാത്ത ഡീലര്‍മാര്‍ അനേകം ഉണ്ട്. അവരെ നിയന്ത്രിക്കുാനും റബ്ബര്‍ ബോര്‍ഡ് ഒന്നും ചെയ്യുന്നില്ല. റബ്ബറിന്റെ വിലയിലെ ഏറ്റക്കുറച്ചില്‍, നികുതി എന്നിവ അവരെ ബാധിക്കുന്നില്ല. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത് ബള്‍ക്ക് ഡീലേഴ്സിനാണ്. ഓരോ ലോഡ് നീക്കത്തിനും റബ്ബര്‍ ബോര്‍ഡില്‍ നിന്നും ഫോം N ലഭ്യമാക്കേണ്ടതുണ്ട്.  ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ലോഡ് അയക്കുന്നത്. വില ഫിക്സ് ചെയ്തശേഷം വിലയിടിച്ചാല്‍ അവര്‍ക്ക് വന്‍ ലാഭം കൊയ്യാം. പുതിയ ഒരു ഡീലര്‍ രംഗപ്രവേശം ചെയ്താല്‍ ആ ഡീലറെ കുത്തുപാള എടുപ്പിക്കാനും ഇവര്‍ക്ക് കഴിയും. കയ്യില്‍ ആവശ്യത്തിന് സ്റ്റോക്കില്ലാതെ ഓര്‍ഡര്‍ ലഭിച്ചശേഷം  ശേഷം  വിപണിയില്‍ വില വര്‍ദ്ധനയുണ്ടായാല്‍ നഷ്ടക്കച്ചവടമായി മാറും.  കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ RSS 1x കഴിഞ്ഞാല്‍ 4, 5, ISS ആയാണ് റബ്ബര്‍ വാങ്ങുന്നത്. RSS 1, 2, 3 എന്ന ഗ്രേഡില്‍ അവര്‍ വാങ്ങാറില്ല. RSS 1x വാങ്ങുന്നത് ആരുടെയൊക്കെ കൈകളില്‍ നിന്നാണ് എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഉറ്റവരുടെയും ഉടയവരുടെയും കള്ളപ്പേരിലും ബില്ലിടുന്നത് കാണാം.
വാങ്ങുന്ന റബ്ബര്‍ ഷീറ്റുകള്‍  തമിഴ്നാട് ബോര്‍ഡറിലൂടെ കള്ളക്കടത്ത് നടത്തിയും ലാഭം കൊയ്യുന്നു. വാറ്റ് വെട്ടിച്ച് നിര്‍മ്മാണ യൂണിറ്റിലെത്തിക്കുന്നു എന്നാണ് കേട്ടുകേള്‍വി. (ഇതിന് പരിഹാരം റബ്ബര്‍ കര്‍ഷകരില്‍ നിന്ന് നികുതി പിരിക്കുക എന്നതാണ്.) റബ്ബര്‍ കര്‍ഷകരില്‍ നിന്ന്  അഗ്രിക്കള്‍ച്ചറല്‍ സെസ്സും സംസ്ഥാന സര്‍ക്കാരിന് പിരിക്കാന്‍ കഴിയും. അപ്രകാരം മലയാളം പ്ലാന്റേഷന്‍ ഹരിസണ്‍ എസ്റ്റേറ്റ് എന്നിവയെയും നികുതിയുടെ പരിധിയില്‍ കൊണ്ടുവരാം.  ലാറ്റെക്സ് സംഭരിക്കുന്നത് ലാറ്റെക്സിലെ 100% ഉണക്കറബ്ബര്‍ കണക്കാക്കിയാണ്. പ്രതിദിന വില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്  പ്രതിമാസ ശരാശരി വില റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ കാണാം, എന്നാല്‍ ആ വിലയല്ല 60% ഡിആര്‍സി ലാറ്റെക്സിന്  പ്രതിമാസ ശരാശരി വിലയായി പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളില്‍ പ്രസിദ്ധീകരിക്കുന്നത്. കയറ്റുമതി ചെയ്യുമ്പോള്‍ റബ്ബറല്ലാത്ത 40% റബ്ബറേതര വസ്തുക്കളും കൂടി റബ്ബറായി കണക്കാക്കി ഉയര്‍ന്ന വിലയാണ് നേടിയെടുക്കുന്നത്. (2006-07 ല്‍ കയറ്റുമതി ചെയ്ത 56545 ടണില്‍ 16056 ടണ്‍ ലാറ്റെക്സില്‍  60% ഉണക്ക റബ്ബര്‍ 9634 ടണ്‍ മാത്രമാണ് ആകെ കയറ്റുമതിമൂല്യമായ 514 കോടിയില്‍ 40% റബ്ബറേതര വസ്തുവും അടങ്ങിയിരിക്കുന്നു. അക്കങ്ങള്‍ റൌണ്ട് ഫിഗര്‍ ആക്കിയതാണ്.) ഇല്ലാത്ത ഉല്പാദനം ഉയര്‍ത്തിക്കാട്ടാനും ലാറ്റെക്സിന് കഴിയുന്നു എന്നുവേണം കരുതുവാന്‍. കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന ത്രെഡ് റബ്ബറും, ലാറ്റെക്സും മറ്റും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ് എന്റെ അറിവ്.

ഒരു കര്‍ഷകന്റെ പരിമിതമായ അറിവുവെച്ചുകൊണ്ട് എഴുതിയതാണിത്രയും. തെറ്റുകളുണ്ടാവാം. തിരുത്തുവാന്‍ കഴിവുള്ളവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി ഇതിന്റെ പ്രതികണം കണ്ടിട്ട് ആകുന്നതല്ലെ നല്ലത്? അപ്പോഴപ്പോള്‍ സംശയം തീര്‍ത്ത് മുന്നോട്ട് പോകാം.