മാതൃഭൂമി ലേഖനം 16-05-2015

മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പര

‘റബ്ബര്‍ കര്‍ഷകന്‍ തൂങ്ങാതിരിക്കാന്‍’

റബ്ബര്‍കര്‍ഷകന് ഒരുകിലോ റബ്ബറിന് 150 രൂപയെങ്കിലും കിട്ടണം. അതിനുതക്ക വല്ല നയങ്ങളും നടപടികളും സര്‍ക്കാറിനുണ്ടോ? ഇല്ലെങ്കില്‍ ഉടനെവേണം. കയറില്‍ തൂങ്ങാന്‍ ഇനിയും കര്‍ഷകരെ വിടരുത്. റബ്ബറിനെ കൈവിടാന്‍ ഇനി കേരളത്തിനാവില്ല. വീണുപോയിടത്തുനിന്ന് വീണ്ടെടുപ്പ് വേണം. അത് ഉടനെ വേണം.

കഴുത്തില്‍ കയറിട്ട് റബ്ബര്‍ കര്‍ഷകര്‍

‘ഞാന്‍ കണ്ണൂര്‍ സ്വദേശിയാണ്. കുടുംബവും കുട്ടികളുമുണ്ട്. വീടുവിറ്റ് റബ്ബര്‍ തോട്ടം വാങ്ങി. ബാങ്കില്‍ നിന്ന് വായ്പയെടുത്തതും വ്യക്തികളില്‍ നിന്ന് കടംവാങ്ങിയ തുകയും തിരിച്ചു നല്‍കാന്‍ സാധിക്കാത്തതുമൂലമാണ് ആത്മഹത്യ ചെയ്യുന്നത്. ഇതിനായാണ് ധനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ എത്തിയത്. റബ്ബറിന് 150 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ എന്നെപ്പോലുള്ള ആയിരക്കണക്കിന് ചെറുകിട കര്‍ഷകര്‍ ഈ മാര്‍ഗം സ്വീകരിക്കേണ്ടി വരും.’

പത്തടിയോളം ഉയരത്തില്‍ റബ്ബര്‍ മരത്തില്‍ തൂങ്ങിനിന്ന മൃതദേഹത്തിന്റെ അരയില്‍ തിരുകിയ 200 പേജ് നോട്ടുപുസ്തകത്തിലെഴുതിയ ഒരു ആത്മഹത്യാക്കുറിപ്പ്. മൃതദേഹം കണ്ടത് പാലാ മൂന്നിലവിലെ റബ്ബര്‍ തോട്ടത്തില്‍. തൂങ്ങി മരിച്ചത് സ്വന്തം ഭൂമിയിലെ റബ്ബര്‍ തനിയെ വെട്ടി കുടുംബംപോറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ട പേരാവൂര്‍ കല്ലടി ചെറുമുട്ടത്ത് കൃഷ്ണന്‍കുട്ടി എന്ന സി.കെ. കൃഷ്ണന്‍നായര്‍ (57). തീയതി 2015 മാര്‍ച്ച് 24.ഈ തീയതിക്ക് കൃത്യം 100 ദിവസം മുമ്പായിരുന്നു റബ്ബറിന് നാലു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വിലത്തകര്‍ച്ച രേഖപ്പെടുത്തിയത്. കിലോയ്ക്ക് രൂപ 113.50. ഇപ്പോള്‍ ഒന്നര മാസം വീണ്ടും കടന്നുപോയിരിക്കുന്നു. പത്തുരൂപ വില കൂടി. എന്നിട്ടും കര്‍ഷകന് നഷ്ടം. ചിറ്റാര്‍ നീലിപിലാവ് കുളങ്ങരയ്ക്കല്‍ പ്രസന്നന്റെ ഭാര്യ ലേഖ (46) തൂങ്ങി മരിച്ചത് റബ്ബര്‍ പാട്ടത്തിനെടുത്ത് വെട്ടി ജീവിക്കാന്‍ ശ്രമിച്ച് തോറ്റുപോയപ്പോള്‍. പാട്ടത്തിനെടുത്ത മരങ്ങള്‍ മുറിച്ചു വിറ്റിട്ടായാലും പ്രതിസന്ധി മറികടക്കാന്‍ പ്രസന്നനും ലേഖയും ശ്രമിച്ചതാണ്. പക്ഷേ, തടിയുടെ വിലയിടിവുമൂലം അതും പാളിപ്പോയി. ലേഖ കയര്‍ തിരഞ്ഞ 2014 ആഗസ്ത് 27ന് റബ്ബറിന്റെ വില 129 രൂപ.

ശ്രീകണ്ഠപുരം ചുണ്ടപ്പറമ്പിലെ ഒറവക്കുഴി ജോസുകുട്ടി (50) കൂട്ടുംമുഖം സഹകരണബാങ്കില്‍ നിന്ന് തന്റെ പേരില്‍ മൂന്നു ലക്ഷവും ഭാര്യയുടെ പേരില്‍ രണ്ടു ലക്ഷവും രൂപ വായ്പയെടുത്തു. 60 സെന്റ് സ്ഥലത്തെ റബ്ബര്‍ കൃഷിയായിരുന്നു ജീവിതത്തിലെ ലക്ഷ്യവും മാര്‍ഗവും. രണ്ടും പാളിപ്പോയപ്പോള്‍ കയര്‍ത്തുമ്പില്‍ ജോസ് കുട്ടിയുടെ ജീവിതവും ആടിയൊടുങ്ങി.
കൃഷ്ണന്‍കുട്ടിയുടെ ആവശ്യം ന്യായമായിരുന്നു. റബ്ബറിന് കിലോയ്ക്ക് 150 രൂപയെങ്കിലും വില കിട്ടണം. അതില്‍കുറഞ്ഞാല്‍ ഈ കൃഷി കര്‍ഷകന് ഒരു ഗുണവും ചെയ്യില്ല. നാലുവര്‍ഷം മുമ്പ് വിലക്കുതിപ്പ് വന്നപ്പോള്‍ ‘റബ്ബര്‍ മുതലാളി’മാരെന്ന് വിളിക്കപ്പെട്ടവര്‍പോലും ഇപ്പോള്‍ ദരിദ്രരാണ്. അവരും പറയുന്നു 150 രൂപയെങ്കിലും കിട്ടിയാല്‍മതി. നിന്നുപിഴയ്ക്കണ്ടേ?
2013’14ല്‍ ഇന്ത്യയില്‍ 7,78,400 ഹെക്ടറില്‍ റബ്ബര്‍കൃഷിയുണ്ടെന്നാണ് റബ്ബര്‍ബോര്‍ഡ് കണക്ക്. കേരളത്തില്‍മാത്രം 5,48,225 ഹെക്ടറിലാണ് കൃഷി. രാജ്യത്ത് ആകെയുള്ള റബ്ബര്‍കര്‍ഷകരുടെ എണ്ണം 12.7 ലക്ഷം. അതില്‍ 10.5 ലക്ഷവും മലയാളികള്‍. 90 ശതമാനം പേരും ഒരേക്കറില്‍ത്താഴെ കൃഷിയുള്ളവര്‍. ഇതിനുപുറമേയാണ് ടാപ്പിങ് തൊഴിലാളികള്‍, റബ്ബര്‍വ്യാപാരികള്‍ തുടങ്ങി റബ്ബറുമായി നേരിട്ട് ബന്ധപ്പെട്ട് ജീവിതംനയിക്കുന്ന ലക്ഷക്കണക്കിനുപേര്‍. കേരളത്തിന് റബ്ബര്‍ എത്ര പ്രധാനമാണെന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകള്‍. അങ്ങനെയിരിക്കെ റബ്ബറിനെ കൈവിടാന്‍ ഇനി കേരളത്തിനാവില്ല.

തയ്യാറാക്കിയത്:
എസ്.ഡി. സതീശന്‍ നായര്‍
സഹായം: ഡി. അജിത് കുമാര്‍, ജോസഫ് മാത്യു, കെ.ആര്‍.പ്രഹ്ലാദന്‍, ഹരി ആര്‍.പിഷാരടി
പ്രതികരണങ്ങള്‍ http://www.mathrubhumi.com-ല്‍ രേഖപ്പെടുത്തുക

നാലുവര്‍ഷം മുമ്പ് വിലക്കുതിപ്പ് വന്നപ്പോള്‍ ‘റബ്ബര്‍ മുതലാളി’മാരെന്ന് വിളിക്കപ്പെട്ടവര്‍പോലും ഇപ്പോള്‍ ദരിദ്രരാണ്. അവരും പറയുന്നു 150 രൂപയെങ്കിലും കിട്ടിയാല്‍മതി. നിന്നുപിഴയ്ക്കണ്ടേ? ഇതൊക്കെ സര്‍ക്കാറുകള്‍ കേള്‍ക്കുന്നുണ്ടോ? നാട് ഉറക്കെത്തന്നെ ചോദിക്കുകയാണ്

അല്ലാതെ പറ്റില്ല

കൃഷ്ണന്‍കുട്ടിയും ലേഖയും ജോസുകുട്ടിയും തൂങ്ങിമരിച്ചത് ഭീരുത്വമല്ലേ? ഇന്നിങ്ങനെയായാലും നാളെ നല്ലകാലം വരുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നില്ലേ വേണ്ടത്? ചോദ്യങ്ങള്‍ നമുക്ക് ഏറെ ചോദിക്കാം. ഉത്തരം പറയാന്‍ അവരില്ല. പക്ഷേ, അവര്‍ക്കുവേണ്ടി പറയാന്‍ ലക്ഷക്കണക്കിന് റബ്ബര്‍കര്‍ഷകര്‍ കേരളത്തിലുണ്ട്. അവര്‍ ഒറ്റക്കെട്ടായി വിളിച്ചുപറയുന്നുണ്ട് ”പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. ഇനിയും ഇങ്ങനെ വയ്യ. കടുംകൈ ചെയ്യിക്കരുത്”

ഉറയില്‍നിന്ന് ഊരിയ കഠാര

ആത്മഹത്യ പരിഹാരമല്ലെന്നും ഭീരുത്വമാണെന്നും വാദമുള്ളവര്‍ക്ക് ഭീരുവല്ലാത്ത ഒരാളെ പരിചയപ്പെടാം. ഈരാറ്റുപേട്ട തിടനാട് ചക്കാലയില്‍ ആന്റണി (60). മരിക്കുകയല്ല, കൊല്ലുകയാണ് ഇദ്ദേഹം ചെയ്തത്. മൂന്നാംമൈല്‍ ഞാവള്ളില്‍ ജോസഫ് ജെ. മാത്യു (69) എന്ന കേരള കോണ്‍ഗ്രസ് നേതാവാണ് ആന്റണിയുടെ കഠാരയ്ക്ക് ഇരയായത്. ജോസഫ് ഞാവള്ളിയുടെ റബ്ബര്‍ മരങ്ങള്‍ പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തിവന്ന ആന്റണി വിലത്തകര്‍ച്ചയില്‍ കുരുങ്ങി. തുടര്‍ന്ന് പാട്ടക്കരാര്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ജോസഫിന്റെ ഭാര്യ, രണ്ടുമക്കള്‍, ജോലിക്കാരന്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

മഴുവെടുത്ത കൈകള്‍

കൊല്ലുന്നത് പാപമാണ്. കൊലപാതകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമല്ല. എങ്കില്‍ മറ്റുപരിഹാരങ്ങള്‍ തേടിയവരെ കാണാം. കോട്ടയം മണര്‍കാട് മാലം ഇളങ്കുളത്ത് രാധാകൃഷ്ണന്‍ സ്വന്തം പുരയിടത്തിലെ റബ്ബര്‍മരങ്ങള്‍ വെട്ടി നീക്കി, വിലത്തകര്‍ച്ചയും ടാപ്പിങ്ങിന് ആളെക്കിട്ടാത്തതും കാരണം. മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍കൂടിയായ രാധാകൃഷ്ണന്‍ ജാതികൃഷി നടത്താനാണ് റബ്ബര്‍ വെട്ടിയത്.
ഇടുക്കി മേലേചിന്നാറില്‍ തോപ്രാംകുടി റോഡിനുസമീപം ഒരേക്കര്‍ സ്ഥലത്തെ എട്ടുവര്‍ഷം പ്രായമായ റബ്ബര്‍മരങ്ങള്‍ മൂടോടെ പിഴുതുമാറ്റിയത് ബെന്നി വേഴമ്പശ്ശേരി എന്ന യുവകര്‍ഷകന്‍. വിലയിടവും തൊഴിലാളി ക്ഷാമവുമാണ് കാരണം. കുരുമുളകുകൃഷിയാണ് അടുത്ത ലക്ഷ്യം.
എത്ര വലിച്ചുപിടിച്ച് കൂട്ടിനോക്കിയിട്ടും പിടിവിടുന്നതോടെ നഷ്ടത്തിന്റെ കണക്കിലേക്കുതന്നെ പോകുന്നതറിഞ്ഞ കുറവിലങ്ങാട് നസ്രത്തുഹില്‍ തലച്ചിറക്കുഴിയില്‍ ജോമോന്‍ ഒടുവില്‍ തീരുമാനിച്ചു, ഒരേക്കറിലെ 200 റബ്ബര്‍മരങ്ങള്‍ വെട്ടിനീക്കാന്‍. തേക്കും ഇടവിളയായി പച്ചക്കറിയും കൃഷിചെയ്യാനാണിത്. ഉത്പാദനച്ചെലവ് കൂടി നഷ്ടം കുമിഞ്ഞതോടെയാണ് ജോമോന്‍ റബ്ബര്‍കൃഷി പൂര്‍ണമായും വിട്ടത്.

മുളയിലേ നുള്ളണം

നട്ടുനനച്ചുവളര്‍ത്തി നഷ്ടം കൊയ്യണോ? വേണ്ടെന്നാണ് പത്തനംതിട്ട വെട്ടൂര്‍ ശോഭനാലയത്തില്‍ വിനോദ് ടി. പിള്ള തീരുമാനിച്ചത്. 10 വര്‍ഷമായി നടത്തിയിരുന്ന റബ്ബര്‍ നഴ്‌സറിക്ക് അദ്ദേഹം ‘വെട്ടിക്കലാശം’ നടത്തി. റബ്ബര്‍ വിലയിടിവ് നഴ്‌സറി മേഖലയെയും ബാധിച്ചതോടെയാണ് നേന്ത്രവാഴകൃഷിയാണ് ഭേദമെന്ന് വിനോദ് നിശ്ചയിച്ചത്.
ഒരു കൂടത്തൈയ്ക്ക് 120 രൂപ വരെ കിട്ടിയിരുന്നിടത്തുനിന്ന് 40 രൂപ പോലുമില്ലാത്ത സ്ഥിതിവന്നു. ബഡ്ഡിങ് ജോലിക്ക് ഏഴുരൂപയും പ്ലാസ്റ്റിക് കവറിന് 20 രൂപയും ചെലവ്. തൊഴിലാളി ഒന്നിന് ദിവസക്കൂലി 600. വിനോദിനെ ആര് കുറ്റംപറയും…?

ഉച്ചിയില്‍വെച്ച കൈകൊണ്ട് ഉദകക്രിയ

മക്കളെ പോറ്റിവളര്‍ത്തുംപോലെയാണ് ഓരോ കര്‍ഷകനും റബ്ബര്‍മരത്തെ പരിപാലിച്ച് വളര്‍ത്തുന്നത്. മക്കളിലെന്നപോലെ അവന്റെ പ്രതീക്ഷകള്‍ മുഴുവനും ആ മരങ്ങളിലാണ്. മരങ്ങള്‍ക്കൊപ്പം വളര്‍ന്ന പ്രതീക്ഷകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം, വിവാഹം എല്ലാമാണ് റബ്ബര്‍ വിലയിടിവില്‍ തകര്‍ന്നുവീണത്. പിന്നെ പലരും ചെയ്തത് കൂട്ടക്കൊലയാണ്. പോറ്റി വളര്‍ത്തിയ മരങ്ങളുടെ കൂട്ടക്കൊല. അതല്ലാതെ അവര്‍ക്ക് മാര്‍ഗമുണ്ടായില്ല.
റബ്ബറിനെമാത്രം ആശ്രയിച്ച് തുടര്‍ന്നാല്‍ ഉടനെയൊന്നും രക്ഷപ്പെടുമെന്ന് ഒരു കര്‍ഷകനും പ്രതീക്ഷയില്ല.
വെട്ടുകാരനും കിട്ടി, തട്ട്ഒരുകിലോ ആര്‍.എസ്.എസ്. 4 റബ്ബറിന് കൃത്യം നാലുവര്‍ഷംമുമ്പ് 243 രൂപയായിരുന്നു വില. പിന്നെയൊരു വീഴ്ചയായിരുന്നു. ഇപ്പോള്‍ വില നേര്‍പകുതിമാത്രം. വിലത്തകര്‍ച്ച എവിടെച്ചെന്ന് അവസാനിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവുന്നില്ല.
കര്‍ഷകര്‍ക്ക് അടിസ്ഥാനവില ലഭ്യമാക്കുമെന്ന പ്രഖ്യാപനവും സംഭരണനീക്കവും സംസ്ഥാനസര്‍ക്കാര്‍ നടത്തി. ഒടുവില്‍ ഒരാഴ്ചമുമ്പ് കേന്ദ്രം ഇറക്കുമതിച്ചുങ്കം കൂട്ടി. ഒരു കിലോഗ്രാം റബ്ബറിന് 30 രൂപയോ വിലയുടെ 25 ശതമാനമോ ആയാണ് ചുങ്കം കൂട്ടിയത്. ഇതൊന്നും പക്ഷേ, വിപണിയില്‍ കാര്യമായ അനുകൂലചലനം ഉണ്ടാക്കുന്നില്ല. നാണ്യവിളയായ റബ്ബറിനെമാത്രം ആശ്രയിക്കുന്ന കര്‍ഷകര്‍ വലിയ ഗതികേടിലാണ്.

ഇപ്പോഴും ഒരു കിലോഗ്രാം റബ്ബറിന് 123 രൂപയില്ലേയെന്ന് ചോദിക്കുന്നവരുണ്ട്. തേങ്ങയ്ക്കും നെല്ലിനും വില കുറഞ്ഞപ്പോഴില്ലാത്ത ഭൂകമ്പം റബ്ബറിന്റെപേരിലുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. റബ്ബര്‍കൃഷിയെക്കുറിച്ച് അറിവില്ലാത്തവരാണ് ഇങ്ങനെ പറയുന്നവരിലേറെയുമെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.റബ്ബര്‍ ഉത്പാദനത്തിനുള്ള ചെലവുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് ആ കൃഷിയെ അപകടത്തിലാക്കിയിരിക്കുന്നത്. വളം, പരിപാലനം എന്നിവയ്ക്ക് ചെലവ് അടിക്കടി കൂടുന്നതേയുള്ളൂ.ഒരു മരം ടാപ്പുചെയ്യുന്നതിന് രണ്ടുരൂപവരെ കൂലിനല്‍കണം. ഷീറ്റാക്കണമെങ്കില്‍ ഇതിലും കൂടുതല്‍ കൊടുക്കണം. എന്നാലും ടാപ്പര്‍മാരെ കിട്ടുന്നില്ല. ഇപ്പോഴത്തെ തലമുറ കഴിഞ്ഞാല്‍ റബ്ബര്‍ടാപ്പിങ്ങിന് ആളെ കിട്ടാത്ത അവസ്ഥവരും.
റബ്ബര്‍പാല്‍ ഉത്പാദനം കുറവുള്ളപ്പോഴും നൂറുമരം ടാപ്പ്‌ചെയ്യണമെങ്കില്‍ 200 രൂപ നല്‍കണം. കൂടുതല്‍ ദിവസങ്ങളിലും ഇതിനുള്ള പാല്‍ ലഭിക്കില്ല. അതുകൊണ്ടുതന്നെ, പലതോട്ടങ്ങളും ടാപ്പുചെയ്യുന്നില്ല. വെട്ടിന്റെ എണ്ണം കുറച്ചവരുമുണ്ട്. മറ്റ് വരുമാനമാര്‍ഗമുള്ളവരും സ്വയം ടാപ്പ് ചെയ്യുന്നവരും മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്നത്.

തോട്ടമുടമകള്‍ ടാപ്പിങ് വേണ്ടെന്നുവെച്ചതോടെ വെട്ടുകാരുടെ സ്ഥിതി വളരെ പരിതാപകരമായി. മഹാഭൂരിപക്ഷവും മറ്റുതൊഴില്‍ തേടിപ്പോയി. ഈ സ്ഥിതി തുടര്‍ന്നാല്‍, റബ്ബര്‍ ടാപ്പിങ്ങിന് ആളില്ലാതെവരും. ഒരു ദിവസം ഓടിച്ചെന്ന് റബ്ബര്‍ ടാപ്പിങ് നടത്താനാകില്ല. വൈദഗ്ധ്യംവേണ്ട തൊഴിലാണിത്. തൊഴിലറിയാത്തവര്‍ വെട്ടിയാല്‍ പാല്‍ കിട്ടില്ല. തടിയില്‍ കത്തികൊണ്ടാല്‍ റബ്ബര്‍പ്പട്ട മരച്ചുപോകും. തടിയുടെ വളര്‍ച്ചയും നില്‍ക്കും. മരംതന്നെ ചുവടെ വെട്ടിക്കളയേണ്ടിവരും. കര്‍ഷകരക്ഷയ്ക്കുള്ള നടപടികള്‍പോലെ പ്രധാനമാണ് റബ്ബര്‍ ടാപ്പിങ് നടത്തുന്നവരെ സഹായിക്കുക എന്നതും. നിര്‍ഭാഗ്യവശാല്‍ ഇവരുടെ കാര്യം അധികമാരും പറയുന്നില്ല.
മാന്ദ്യകാലത്തെ മലനാട്ടുകാഴ്ചകള്‍
കേരളത്തിലെ റബ്ബര്‍ ഉത്പാദനമേഖലകളില്‍ ഈ വിലയിടിവുമൂലമുള്ള മാന്ദ്യം പ്രകടമാണ്. ഭൂമിവില കുറഞ്ഞു. സഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ വായ്പതിരിച്ചടവ് മുടങ്ങി. കടംകൂടി. കടം വീട്ടാന്‍ പലരും കിട്ടുന്നവിലയ്ക്ക് ഉള്ളതൊക്കെ വില്‍ക്കുന്നു. ഇത്രനാളും വസ്തുവും മറ്റും വില്‍ക്കാനുള്ളവര്‍ പറയുന്നവിലയ്ക്ക് വാങ്ങണമായിരുന്നു. ആ സ്ഥിതി മാറി. വാങ്ങുന്നവരാണ് ഇന്ന് വില നിശ്ചയിക്കുന്നത്. റബ്ബര്‍ തടിക്ക് വിലയില്ല. മറ്റുതടികള്‍ക്കും വില കുറഞ്ഞു.

ഒരു കാലത്ത് ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കാറുകളും മറ്റുവാഹനങ്ങളും വിറ്റിരുന്ന ചില പ്രദേശങ്ങള്‍ റബ്ബര്‍ ഉത്പാദനമേഖലകളിലുണ്ടായിരുന്നു. അത്തരം പട്ടണങ്ങളില്‍പ്പോലും വൈകുന്നേരങ്ങളില്‍ ആളില്ലാത്ത അവസ്ഥയായി. വ്യാപാരമേഖലകളെല്ലാം മാന്ദ്യത്തിന്റെ പിടിയിലാണ്. റബ്ബര്‍വില ഉയര്‍ന്നുനിന്നപ്പോഴുണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണ് പൊതുവിപണിയില്‍ എല്ലാ സാധനങ്ങളുടെയും വില. റബ്ബര്‍വില കുറഞ്ഞിട്ടും ടയറിനോ മറ്റ് റബ്ബര്‍ ഉത്പന്നങ്ങള്‍ക്കോ വില കുറയുന്നുമില്ല. നിര്‍മാണമേഖലയെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്. മുമ്പ് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ഈ രംഗത്തെത്തിയിരുന്നു. അതിനായി ഇവിടെ വന്നവരില്‍ ചിലര്‍ തിരിച്ചുപോയി. ഇവിടെത്തന്നെ തുടരുന്നവരില്‍ പലരും കാടുവെട്ട് ഉള്‍പ്പെടെ മറ്റുജോലികള്‍ ചെയ്യുന്നു. അനിയന്ത്രിതമായ ഇറക്കുമതിയാണ് വിലയിടിവിന് കാരണമെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കൃത്രിമ റബ്ബര്‍ ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃതവസ്തു ലഭിക്കുന്നത് ക്രൂഡ് ഓയിലില്‍നിന്നാണ്. ക്രൂഡ് ഓയില്‍വില കുറയുന്നതാണ് റബ്ബര്‍വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് റബ്ബര്‍ബോര്‍ഡും ചില വ്യവസായികളും ചൂണ്ടിക്കാട്ടുന്നു. അതില്‍ കുറച്ച് വാസ്തവമുണ്ട്. എന്നാല്‍, ആപത്തുകാലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോ റബ്ബര്‍ബോര്‍ഡോ ഫലപ്രദമായ യാതൊരു സഹായവും നല്‍കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ജലരേഖകളാകുന്ന പ്രഖ്യാപനങ്ങള്‍ അത് ശരിവെക്കുന്നു.

അണഞ്ഞ ഹെഡ്‌ലൈറ്റുകള്‍
റബ്ബര്‍ ഉത്പാദനം കുറഞ്ഞെന്ന് റബ്ബര്‍ബോര്‍ഡ്. കുറഞ്ഞവിലയും കാലാവസ്ഥാ വ്യതിയാനവുമാണ് കാരണം. 2012’13നേക്കാള്‍ 15.4 ശതമാനം ഉത്പാദനം 2013’14ല്‍ കുറഞ്ഞു.

ഈ കണക്കുകള്‍ കള്ളമെന്ന് റബ്ബര്‍ കര്‍ഷകസംഘടനകളുടെ ഐക്യവേദി. ഉത്പാദനം കുറഞ്ഞെന്നുപറഞ്ഞ് ഇറക്കുമതിയെ ന്യായീകരിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ആരോപണം. പക്ഷേ, ഒരു യാഥാര്‍ഥ്യം മധ്യകേരളം കാണുന്നുണ്ട്. പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും റബ്ബര്‍ തോട്ടങ്ങളില്‍ തെളിഞ്ഞുകണ്ടിരുന്ന ടാപ്പര്‍മാരുടെ ലൈറ്റുകള്‍ ഇന്നില്ല.
വീട്ടുമുറ്റങ്ങളില്‍ ഉണക്കാനിട്ട റബ്ബര്‍ ഷീറ്റുകളുടെ ഭാരംമൂലം അയഞ്ഞുതൂങ്ങിയ അയകളും കാണുന്നില്ല. ഉത്പാദനം കുറഞ്ഞതിന്റെ പ്രത്യക്ഷദൃശ്യങ്ങള്‍. ഈ ഹെഡ്‌ലൈറ്റുകളെ അണച്ചുകളഞ്ഞത് വരണ്ട തെക്കന്‍ കാറ്റല്ല. കാറ്റുവീഴ്ച ബാധിച്ച റബ്ബര്‍ വിലയാണ്. അയകളെ മുറുക്കിയെടുത്തത് മഞ്ഞുവീഴ്ചയല്ല, കര്‍ഷകന്റെ മനസ്സില്‍ ഉറഞ്ഞുകൂടിയ നിരാശയാണ്.
കണക്കും കാരണവും കണ്ടെത്തുന്ന റബ്ബര്‍ ബോര്‍ഡ് ഉറക്കെയൊന്ന് ഉപദേശിക്കാത്തതെന്താണ്, സര്‍ക്കാര്‍ നയങ്ങള്‍ കാലാനുസൃതമാക്കാന്‍. നയങ്ങള്‍ ഇരുമ്പുലക്ക പോലെയാവരുത്. കാലത്തിനനുസരിച്ച് മാറട്ടെ. തന്ത്രപരമായ ഇടപെടലുകള്‍ നിരന്തരം നടക്കട്ടെ.

മതിമറക്കുന്ന മഴ; ചുവടുമാറുന്ന ചൂട്കഴിഞ്ഞവര്‍ഷം റബ്ബര്‍ ഉത്പാദനത്തിലുണ്ടായ കുറവിന്റെ മുക്കാല്‍പങ്കിനും കാരണം വിലയിടിവുമൂലം കര്‍ഷകര്‍ വെട്ട് ഉപേക്ഷിച്ചതാണ്. ബാക്കിക്ക് കാരണം കാലാവസ്ഥാമാറ്റവും. തൊട്ടുമുമ്പത്തെ വര്‍ഷം 3.8 ശതമാനമായിരുന്നു റബ്ബര്‍ ഉത്പാദനത്തിലെ കുറവ്. അതിന് മുഖ്യകാരണം കാലാവസ്ഥതന്നെ. കൂടുതല്‍ ഉത്പാദനശേഷിയുള്ള റബ്ബറിനങ്ങള്‍ വരുമ്പോഴും കൃഷിഭൂമി വിസ്തൃതി കൂടുമ്പോഴും ഉത്പാദനം കുറയുന്നെങ്കില്‍ കാലാവസ്ഥ വില്ലനാകുന്നു എന്നതില്‍ തര്‍ക്കമില്ല. കോട്ടയത്ത് 2000ല്‍ ശരാശരി ഉയര്‍ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നത് 2010ല്‍ 35 ആയി. മഴയാകട്ടെ ചുരുക്കംചില വര്‍ഷമൊഴിച്ചാല്‍ കുറവില്ലതാനും. കഴിഞ്ഞവര്‍ഷം മഴ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. കേരളത്തിന്റെ പൊതുസ്ഥിതിയും വ്യത്യസ്തമല്ല. കനത്ത മഴയും കടുത്ത ചൂടും താപനിലയിലുണ്ടാക്കുന്ന വ്യതിയാനം റബ്ബറില്‍ പുതിയ കീടങ്ങളും ഫംഗസും ഉണ്ടാകാനിടയാക്കി. കോട്ടയം അരീപ്പറമ്പിലെ തോട്ടത്തില്‍ ഈ വിധം പുതിയ കീടം പ്രത്യക്ഷപ്പെട്ടിരുന്നു. മാറിയ കാലാവസ്ഥ റബ്ബര്‍മരങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്നു. മരങ്ങളുടെ ആയുസ്സ് കുറയാനും ഇടയാക്കുന്നു.

മണ്ണിന്റെ ഘടനയില്‍വന്ന മാറ്റവും കേരളത്തിന്റെ കൃഷിയെ പിന്നോട്ടടിക്കുന്നു. കാര്‍ഷികോത്പാദനത്തെയും.
റബ്ബര്‍ വെട്ടിനേക്കാള്‍ ഭേദം വിറകുവെട്ട്ആലപ്ര കരിമ്പില്‍ സുകുമാരന്‍ നായര്‍ മൂന്നരപ്പതിറ്റാണ്ടിലേറെയായി റബ്ബര്‍വെട്ട് രംഗത്തുണ്ട്. കഴിഞ്ഞ 20 വര്‍ഷമെങ്കിലുമായി ‘സ്ലോട്ടര്‍ വെട്ടാ’ണ്. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹത്തെ കാണുന്നത്, അയല്‍വാസിയായ കാവുങ്കല്‍ മണിയുടെ മുറ്റത്ത് വിറകുവെട്ടുകാരന്റെ റോളില്‍. വേഷംമാറാന്‍ കാരണവും അദ്ദേഹം പറഞ്ഞു. ‘125 മരം സ്ലോട്ടര്‍ വെട്ടണമെങ്കില്‍ രാവിലെ ആറുമുതല്‍ 10.30 വരെ ഏണിക്കുമേല്‍ കയറിയുള്ള കഠിനമായ ജോലിയാണ്. ഇതിനിടയില്‍ വെള്ളംപോലും കുടിക്കാന്‍ കഴിയാറില്ല. വെട്ടുകഴിഞ്ഞാല്‍ കറയെടുക്കണം, ഉറയൊഴിക്കണം, ഷീറ്റടിക്കണം. എല്ലാംകൂടി എട്ടുമണിക്കൂര്‍ തീര്‍ത്തും പണിയുണ്ട്. ഇത്രയും റബ്ബറില്‍നിന്ന് പരമാവധി കിട്ടുന്നത് നാലുകിലോ ഷീറ്റാണ്. രണ്ടുകിലോ ഉടമയ്ക്ക് നല്‍കണം. ബാക്കി രണ്ടുകിലോയ്ക്ക് ഇന്നത്തെ വിലപ്രകാരം കിട്ടുന്നത് 250 രൂപയില്‍ത്താഴെ. നേരത്തേ 750 രൂപവരെ ദിവസവരുമാനമുണ്ടായിരുന്നതാണ് മൂന്നിലൊന്നായി ചുരുങ്ങിയത്. വിറകുവെട്ടിന് ദിവസം 700 രൂപ കിട്ടും. അപ്പോള്‍പ്പിന്നെ റബ്ബര്‍വെട്ടിനേക്കാള്‍ നല്ലത് ഇതുതന്നെ’.

പാട്ടത്തിനെടുക്കണോ പട്ടിണി?

തടിയും കറയും ഉള്‍പ്പെടെ 120 മരം പാട്ടത്തിന് എടുത്തയാളുടെ കഥ കേള്‍ക്കുക: രണ്ടുവര്‍ഷം വെട്ടി കറയെടുത്ത് തടിയും മുറിച്ചുവില്‍ക്കാന്‍ 2.5 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. എന്നാല്‍, തടിക്ക് വിലകുറഞ്ഞതോടെ നഷ്ടത്തിലേക്കാണ് പോയത്. നേരത്തേ ടണ്ണിന് 7,000 രൂപവരെ റബ്ബര്‍തടിക്ക് വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 5,000 രൂപ കഷ്ടിയാണ്. റബ്ബറിന് വില കുറയുന്നതിനാല്‍ തടി വെട്ടിയിറക്കാനുള്ള സാധ്യത കൂടുന്നതുകണ്ട് പ്ലൈവുഡ് കമ്പനിക്കാരും തടി മൊത്തക്കച്ചവടക്കാരും വിലകുറച്ചു. ചെറുകിട കച്ചവടക്കാര്‍ക്കും അതിനനുസരിച്ചേ നില്‍ക്കാനാവൂ. ആത്യന്തികനഷ്ടം തടിയുടമയ്ക്ക്.

പ്രതികരണങ്ങള്‍
www.mathrubhumi.com -ല്‍ രേഖപ്പെടുത്തുക

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: