കാണാച്ചരടുകളുടെ നീളം 17-05-2015

അല്ലാതെ പറ്റില്ല

1990വരെ മൂടിക്കെട്ടിയ സാമ്പത്തികനയത്തിന്മേല്‍ അടയിരുന്ന ഇന്ത്യയെ ഉദാരീകരണ സാമ്പത്തികശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നതുപോലെ ‘1991ലെ സുവര്‍ണഗ്രീഷ്മ’ത്തിന് നരസിംഹറാവുവും മന്‍മോഹന്‍സിങ്ങും ചേര്‍ന്ന് തുറന്നുകൊടുത്തു. ഉദാരവത്കരണനയങ്ങളുടെ തുടര്‍യായി 1995ലെ പുതുവര്‍ഷപ്പുലരിയില്‍ റാവുവും സിങ്ങും ചേര്‍ന്ന് രാജ്യത്തെ ഗാട്ട് കരാറില്‍ കൂട്ടിക്കെട്ടി. അതോടെ ഉത്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാമെന്നായി. 
തീരുവയെ തീര്‍ത്തുകളഞ്ഞ ഗാട്ട്

ഗാട്ടിന്റെ ആര്‍ട്ടിക്കിള്‍ രണ്ട് ആണ് ഇറക്കുമതിക്ക് പരമാവധി ചുമത്താവുന്ന നികുതി (ബൗണ്ട് ടാക്‌സ്) നിശ്ചയിച്ചത്. കരാര്‍ നിലവില്‍വരുന്ന സമയത്ത് ഏതെങ്കിലും ഉത്പന്നത്തിന് ഇറക്കുമതിത്തീരുവ 40 ശതമാനമോ അതിന് മേലെയോ ആണെങ്കില്‍ 40 ശതമാനം എന്ന് നിശ്ചയിക്കാമായിരുന്നു. അന്നുവരെ റബ്ബറിന് 85 ശതമാനമായിരുന്നു ഇറക്കുമതിത്തീരുവ. അതനുസരിച്ച് ഇന്ത്യക്കു വേണമെങ്കില്‍ റബ്ബറിന്റെ ബൗണ്ട് ടാക്‌സ് 40 ശതമാനമായി നിജപ്പെടുത്താമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇറക്കുമതി പിടിച്ചുനിര്‍ത്തി ആഭ്യന്തരവിപണിയെ ഒരുപരിധിവരെ സംരക്ഷിക്കാമായിരുന്നു. എന്നാല്‍, രാഷ്ട്രീയനേതൃത്വം വ്യവസായലോബികളുടെ സമ്മര്‍ദത്തിനു വഴങ്ങി. റബ്ബറിന് ബൗണ്ട് ടാക്‌സ് 25 ശതമാനം മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. റബ്ബര്‍ കര്‍ഷകന്റെ നടുവിനേറ്റ ആദ്യ അടിയായിരുന്നു അത്. ഇന്‍ഡൊനീഷ്യ റബ്ബറിന്റെ ബൗണ്ട് ടാക്‌സ് 40 ശതമാനമായി തീരുമാനിച്ചപ്പോഴാണ് ഇന്ത്യ 25ല്‍ ഒതുക്കാന്‍ തീരുമാനിച്ചതെന്നോര്‍ക്കണം.

ഇഷ്ടംപോലെയാവാം ഇറക്കുമതി

ഇതിനും പുറമെ 2001 ഏപ്രിലില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇറക്കുതിക്കുള്ള അളവുനിയന്ത്രണം പൂര്‍ണമായി നീക്കുകയും ചെയ്തതോടെ റബ്ബര്‍ ഇറക്കുമതിയുടെ തോത് ക്രമാനുഗതമായി കൂടാനുള്ള വഴിയൊരുങ്ങി.
2009ലാണ് മറ്റ് തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ആസിയാന്‍ കരാറില്‍ പങ്കാളിയാകുന്നത്. ഈ കരാറില്‍ റബ്ബര്‍ നേരിട്ട് വരുന്നില്ല. റബ്ബറുത്പന്നങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് റബ്ബറുത്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഘട്ടംഘട്ടംമായി കുറഞ്ഞു. 2013 ഡിസംബര്‍ മുതല്‍ ഇറക്കുമതിത്തീരുവ ഇല്ലാതായി. തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് ഗ്ലൗസ്, റബ്ബര്‍ ബാന്‍ഡ്, ബുഷ്, ലാറ്റക്‌സ് എന്നിവയുടെ ഇറക്കുമതി വര്‍ധിച്ചു. ഇത് ‘നോണ്‍ ടയര്‍’ മേഖലയെ സാരമായി ബാധിച്ചു. നേരിട്ടല്ലെങ്കിലും ആഭ്യന്തര റബ്ബര്‍വിലയെ ഇത് സ്വാധീനിച്ചു.
2001ല്‍ റബ്ബര്‍വില കുറഞ്ഞപ്പോള്‍ ഡബ്‌ള്യു.ടി.ഒ.യുടെ കാര്‍ഷികക്കരാറില്‍ റബ്ബറിനെയും ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതാണ്. പക്ഷേ, മലേഷ്യ, തായ്‌ലന്‍ഡ് പോലുള്ള പ്രമുഖ റബ്ബര്‍ കയറ്റുമതി രാഷ്ട്രങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഉത്പാദിപ്പിക്കുന്ന റബ്ബറിന്റെ നല്ലൊരു ശതമാനവും കയറ്റുമതിചെയ്യുന്ന രാജ്യങ്ങളാണ് മലേഷ്യയും തായ്‌ലന്‍ഡും.

ചിദംബരപ്രഭാവം

2010ല്‍ റബ്ബര്‍വില ആഭ്യന്തരമാര്‍ക്കറ്റില്‍ ഉയര്‍ന്നുനില്‍ക്കുന്നകാലത്ത് ടയര്‍ വ്യവസായികള്‍ തങ്ങള്‍ക്കു നഷ്ടംവരുന്നെന്നു കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി ഈ വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റബ്ബര്‍ ബോര്‍ഡിനോടാവശ്യപ്പെട്ടു. റബ്ബര്‍ ബോര്‍ഡ് ഇതിനായി ഒരു വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു.
ഇറക്കുമതിയുടെ 20 ശതമാനം അല്ലെങ്കില്‍ 20 രൂപ ഇതിലേതാണോ കുറവ് അത് ഇറക്കുമതിത്തീരുവയായി നിശ്ചയിച്ചു. ഓരോ വര്‍ഷവും ഇത് പുനരവലോകനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പിന്നീട് 2013 ഫിബ്രവരിയിലാണ് ഇത് പുനഃപരിശോധിച്ചത്. ഇറക്കുമതിയുടെ 20 ശതമാനം അല്ലെങ്കില്‍ 34 രൂപ ഇതിലേതാണോ കുറവ് അത് ഇറക്കുമതിത്തീരുവയായി നിശ്ചയിക്കാനായിരുന്നു തീരുമാനം. പക്ഷേ, അന്നത്തെ കേന്ദ്രധനമന്ത്രി ചിദംബരം ഈ തീരുമാനം നടപ്പാക്കുന്നത് വൈകിപ്പിച്ചു.
2013 ഡിസംബറിലാണ് ഈ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഇറക്കുമതിയുടെ 20 ശതമാനം അല്ലെങ്കില്‍ 30 രൂപ ഇതിലേതാണോ കുറവ് അത് ഇറക്കുമതിത്തീരുവയായി കണക്കാക്കാമെന്നായിരുന്നു തീരുമാനം. അവിടെയും നാലുരൂപ കുറച്ചു. ഈ പത്തുമാസക്കാലംകൊണ്ട് ടയര്‍ വ്യവസായികള്‍ 3.6 ലക്ഷം ടണ്‍ റബ്ബറാണ് ഇറക്കുമതിചെയ്തത്. ഇത് ആഭ്യന്തര റബ്ബര്‍വിപണിയെ വല്ലാതെ തളര്‍ത്തി. പിന്നീടങ്ങോട്ട് വില ഇടിയുകയായിരുന്നു.

വിമ്മിട്ടമുണ്ട്, മിണ്ടാന്‍ വയ്യ

ലോക വാണിജ്യസംഘടനയിലെ അംഗമെന്നനിലയിലും ഗാട്ട് ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യമെന്നനിലയിലും റബ്ബറിന്റെ ഇറക്കുമതി നിരോധിക്കാനോ അളവുപരമായി നിയന്ത്രിക്കാനോ കഴിയില്ല. നിലവിലെ സാഹചര്യത്തില്‍ റബ്ബര്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായികള്‍ക്ക് ലോകത്തെവിടെനിന്നും റബ്ബര്‍ സ്വതന്ത്രമായി ഇറക്കുമതി ചെയ്യാനാവും. ഗാട്ട് ഉടമ്പടിപ്രകാരം ഏതെങ്കിലും ഉത്പന്നത്തിന്റെ ഇറക്കുമതിക്കുമേല്‍ ചുമത്താവുന്ന പരമാവധി കസ്റ്റംസ് തീരുവ ആ ഉത്പന്നത്തിന് ലോക വ്യാപാരസംഘടനയ്ക്ക് ഇന്ത്യ ഉറപ്പുനല്‍കിയിരിക്കുന്ന ബൗണ്ട് റേറ്റിനുമേല്‍ ഉയര്‍ത്താന്‍ പാടില്ല. സ്വാഭാവികറബ്ബറിന് ഇന്ത്യ ഉറപ്പുനല്‍കിയിരിക്കുന്ന പരമാവധി തീരുവ 25 ശതമാനമാണ്. സാധാരണ സാഹചര്യങ്ങളിലൊന്നും ഇന്ത്യക്ക് ഇതുയര്‍ത്താനാവില്ല. കേന്ദ്രസര്‍ക്കാര്‍ ഈ മാസം ഒന്നിനു നിശ്ചയിച്ച 25 ശതമാനമെന്നത് കസ്റ്റംസ് തീരുവയുടെ പരമാവധിയാണെന്നു സാരം. ഗാട്ട് ഉടമ്പടിയിലെ അങ്ങേയറ്റം സവിശേഷസാഹചര്യങ്ങളായി പരിഗണിക്കപ്പെടുന്ന ആര്‍ട്ടിക്കിള്‍ 12, ആര്‍ട്ടിക്കിള്‍ 20, 21 എന്നിവയനുസരിച്ച് മനുഷ്യനാശം, ജൈവനാശം, ദേശീയസുരക്ഷാ പ്രതിസന്ധി എന്നീ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാറിനധികാരമുള്ളൂ.

അവധിവെച്ചും കൊല്ലാം

2003ലാണ് റബ്ബര്‍ അവധിവ്യാപാരത്തിന്റെ പരിധിയില്‍ വരുന്നത്. ഉത്പന്നമല്ല, കരാറുകളുടെ കച്ചവടമാണ് അവധിവ്യാപാരം അഥവാ ഫ്യൂച്ചേഴ്‌സ് ട്രേഡിങ്. കരാര്‍ ഉറപ്പിച്ചാലും നിശ്ചിത അവധിക്കുശേഷം മാത്രം ഉത്പന്നവും പണവും കൈമാറിയാല്‍ മതി. വാങ്ങുന്നവരും വില്‍ക്കുന്നവരും പരസ്പരം കാണുന്നില്ല.
ഇപ്പോഴത്തെ നിയമമനുസരിച്ച് ആറുമാസക്കാലാവധിവരെ അവധിവ്യാപാരം നടത്താം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തുന്ന ഇത്തരം ഇടപാടുകള്‍ ലാഭം കിട്ടിയാല്‍ ഇടയ്ക്കവസാനിപ്പിച്ച് പണമെടുക്കാമെന്നതാണ് വിപണിയിലെ സാധ്യതയും അപകടവും. പ്രധാന പ്രശ്‌നം ഇന്ത്യയില്‍ അതത് മാസവും വ്യാപാരം നടത്താനാവുമെന്നതാണ്. വിദേശരാജ്യങ്ങളില്‍ തന്മാസത്തെ വ്യാപാരത്തിന് നിയന്ത്രണമുണ്ട്.
ഈ രംഗം ഊഹക്കച്ചവടത്തിലേക്കു വഴിമാറിയതാണ് പ്രതിസന്ധികളുണ്ടാക്കുന്നത്. ചെറിയ തുക മാര്‍ജിന്‍ പണമായി എക്‌സ്‌ചേഞ്ചിലടച്ചാല്‍ ആര്‍ക്കും ബിസിനസ് ചെയ്യാം. യഥാര്‍ഥത്തില്‍ ആവശ്യക്കാരല്ലാത്തവരും ഒരുത്പന്നം വില്‍ക്കാന്‍ സ്‌റ്റോക്കോ ഉത്പാദനമോ ഇല്ലാത്തവരും വിപണിയിലെത്തി. വിപണിയില്‍ കൃത്രിമമായി ചലനങ്ങളുണ്ടാക്കി നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഓപ്പറേറ്റര്‍മാരും വന്നു. ശക്തരായ ഇക്കൂട്ടര്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിശ്ചയിക്കുന്നു. നടക്കുന്ന വ്യാപാരത്തിന്റെ അരശതമാനം ഉത്പന്നംപോലും യഥാര്‍ഥത്തില്‍ കൈമാറപ്പെടുന്നില്ല.
തത്കാലം വിലകളുയര്‍ത്തേണ്ടതില്ല എന്ന് വന്‍കിട ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചാല്‍ എക്‌സ്‌ചേഞ്ചില്‍ വന്‍ തുക മാര്‍ജിന്‍കെട്ടി കുറഞ്ഞവിലയില്‍ ഉത്പന്നങ്ങള്‍ അവധിയില്‍ വില്‍ക്കും. ഇതു വാങ്ങുന്ന ചെറുകിട കച്ചവടക്കാരും ട്രേഡര്‍മാരും വിലകള്‍ വീണ്ടും താഴുമ്പോള്‍ മാര്‍ജിന്‍ തുക കെട്ടാനാകാതെ കുറഞ്ഞവിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇവര്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ തിരികെവാങ്ങി മേല്‍പ്പറഞ്ഞ വന്‍കിട ട്രേഡര്‍മാര്‍ ലാഭംകൊയ്യുകയും ചെയ്യും.
റബ്ബറിന്റെ അന്താരാഷ്ട്രവില (ബാങ്കോക്ക്) 117, 118ല്‍ നിന്നിട്ടും മെയ് ആദ്യവാരം അഞ്ചുദിവസത്തിനുള്ളില്‍ ആഭ്യന്തരവിപണിയില്‍ വന്ന ഏറ്റക്കുറച്ചില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി ഇക്കാര്യം മനസ്സിലാകാന്‍. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിത്തീരുവ 25 ശതമാനമാക്കി പ്രഖ്യാപനം വന്നതോടെ വില 122ല്‍നിന്ന് 130വരെ എത്തി. മെയ് അവധി 127.80 വരെ വന്നു. മെയ് എട്ടിന് ഇത് യഥാക്രമം 125ഉം 123.25ഉം ആയി. തീരുവ കൂട്ടിയതാണ് വില ഉയരാന്‍ കാരണമെങ്കില്‍ മൂന്നുദിവസത്തിനകം വില കുറയില്ല. വിലകുറയാവുന്നവിധമുള്ള ഉത്പാദനവര്‍ധനയും ഇക്കാലയളവിലുണ്ടായിട്ടില്ല. ഓപ്പറേറ്റര്‍മാരുടെ ഇടപെടലും കൃത്രിമവിലയിടിക്കലുമാണ് നടന്നത്. തീരുവകൂട്ടിയതിനാല്‍ വില നന്നാകാന്‍പോകുന്നുവെന്ന തോന്നലുണ്ടാക്കി ഇക്കൂട്ടര്‍ വില പെട്ടെന്ന് കൂട്ടി വില്പനക്കാരെയും വാങ്ങല്‍കാരെയും രംഗത്തെത്തിച്ചു. ഇവര്‍ക്കാവശ്യമുള്ളത്ര വിറ്റുതീര്‍ന്നപ്പോള്‍ പിന്‍വാങ്ങി. വിലകുറച്ച് വീണ്ടും വാങ്ങി പിന്നീട് വിലകൂടുമ്പോള്‍ വില്‍ക്കും.
ടയര്‍ ലോബിയുടെ താത്പര്യത്തിനനുസരിച്ച് വിലനിയന്ത്രിക്കുന്ന ഊഹക്കച്ചവടക്കാരുണ്ട്. കൃത്രിമമായി അവധിവില ഉയര്‍ത്തിയശേഷം പൊടുന്നനെ താഴ്ത്തുമ്പോള്‍ ടയര്‍ ലോബിക്കും വന്‍ലാഭം കൊയ്യാനാകും. യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷന്‍ റബ്ബര്‍ അവധിവ്യാപാരത്തെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മീഷനെ വെച്ചിരുന്നു. കമ്മീഷന്റെ പ്രധാന നിര്‍ദേശം അതതു മാസത്തെ ഊഹക്കച്ചവടം (രൗൃൃലി ോീിവേ ുെലരൗഹമശേീി) ഒഴിവാക്കണമെന്നായിരുന്നു. പക്ഷേ, റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല.

ഇറക്കുമതി പിടിച്ചുനിര്‍ത്തി ആഭ്യന്തരവിപണിയെ ഒരുപരിധിവരെ സംരക്ഷിക്കാമായിരുന്നു. എന്നാല്‍, രാഷ്ട്രീയനേതൃത്വം വ്യവസായലോബികളുടെ സമ്മര്‍ദത്തിനു വഴങ്ങി. റബ്ബറിന് ബൗണ്ട് ടാക്‌സ് 25 ശതമാനം മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം

തലയില്ലാത്ത റബ്ബര്‍ ബോര്‍ഡ്

റബ്ബര്‍ ബോര്‍ഡ് നിലവിലില്ലാതായിട്ട് ഒരുവര്‍ഷവും മൂന്നുമാസവും പിന്നിട്ടു. 2014 ഫിബ്രവരി 28നാണ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞത്. ബോര്‍ഡ് പുനഃസംഘടിപ്പിക്കാത്തതുമൂലം നയപരമായ കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ട്.
റബ്ബര്‍ ആക്ടില്‍ പറയുന്ന ചെയര്‍മാന്‍, റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, സെക്രട്ടറി എന്നീ മൂന്ന് സ്റ്റാറ്റിയൂട്ടറി പദവികളിലും ഇപ്പോള്‍ ആളില്ല. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലകിന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്റെ അധികച്ചുമതലയാണ്.
റബ്ബര്‍ ബോര്‍ഡിലെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ട സെക്രട്ടറിതസ്തിക അഞ്ചുവര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഡെപ്യൂട്ടേഷന്‍ നിയമനവും അധികച്ചുമതലയും തുടരുന്നതിനുപിന്നില്‍ താത്പര്യങ്ങളേറെയാണ്. അഞ്ചുമാസമായി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമില്ല. കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രൊഡക്ഷന്‍ വിഭാഗത്തില്‍ മേധാവിയില്ലാത്തത് കൃഷിവികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. റബ്ബര്‍ ബോര്‍ഡ് നടത്തുന്ന നിയമനങ്ങളെപ്പറ്റിയും ആക്ഷേപങ്ങളുണ്ടാവുന്നു. സ്ഥാപനം അതിലെ ചില ഉദ്യോഗസ്ഥര്‍ക്കുവേണ്ടി എന്ന സ്ഥിതി മതിയോ എന്ന ചോദ്യമാണിപ്പോളുയരുന്നത്.
ബോര്‍ഡില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനു നല്‍കുന്ന ഉപദേശം തെറ്റിപ്പോകുന്നെന്നു ചൂണ്ടിക്കാണിക്കുന്നവരില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനുമുണ്ട്. വാറ്റ് ഇളവുചെയ്തുനല്‍കി വ്യവസായികളെക്കൊണ്ട് കൂടുതല്‍ റബ്ബര്‍ വാങ്ങിപ്പിച്ച് വിലയുയര്‍ത്താമെന്ന പാളിപ്പോയ പദ്ധതി സംസ്ഥാനസര്‍ക്കാറിന് ഉപദേശിച്ചുകൊടുത്തതും ബോര്‍ഡിലെ ഉദ്യോഗസ്ഥരാണ്.
ചോദിക്കാനും പറയാനും ആളില്ലാത്തത് ഗവേഷണത്തിനും കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുമുള്ള ഫണ്ടിന്റെ കാര്യത്തിലാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. റബ്ബര്‍ ബോര്‍ഡിന് ഒരുവര്‍ഷത്തെ ചെലവിന് ഏകദേശം 230 കോടി രൂപ വേണ്ടിവരുമെന്നാണു കണക്ക്. യു.പി.എ. സര്‍ക്കാറിന്റെ അവസാനബജറ്റില്‍ ധനമന്ത്രി പി. ചിദംബരം 190 കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും അനുവദിച്ചത് 150 കോടി മാത്രമാണ്. പിന്നീട് എന്‍.ഡി.എ. സര്‍ക്കാറിന്റെ ബജറ്റിലും ഇതേ തുകതന്നെ ആവര്‍ത്തിക്കുകയായിരുന്നു. കര്‍ഷകര്‍ക്കുള്ള സബ്‌സിഡിത്തുക രണ്ടര ഏക്കറിന് 19,500 രൂപ മാത്രമാണ് റബ്ബര്‍ ബോര്‍ഡ് ഇപ്പോള്‍ നല്‍കുന്നത്. അതുതന്നെ ഏഴു തവണയായാണ് വിതരണം. കഴിഞ്ഞ വര്‍ഷത്തെ സബ്‌സിഡിത്തുകയാണ് ഇത്തവണ നല്‍കുന്നത്. പുനഃസംഘടന നീളുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തികപ്രതിസന്ധിയിലേക്കു തള്ളിവിടും.
തയ്യാറാക്കിയത്:
എസ്.ഡി. സതീശന്‍ നായര്‍
സഹായം: ഡി. അജിത് കുമാര്‍, ജോസഫ് മാത്യു,
കെ.ആര്‍. പ്രഹ്ലാദന്‍, ഹരി ആര്‍. പിഷാരടി

പ്രതികരണങ്ങള്‍
www.mathrubhumi.comല്‍ രേഖപ്പെടുത്തുക

Advertisements

4 comments so far

 1. കേരളഫാര്‍മര്‍ on

  നഗ്നസത്യങ്ങള്‍ വിളിച്ചു പറയുന്ന ഒരു കര്‍ഷകന്റെ കാഴ്ചപ്പാട്. http://bit.ly/nrirregularities
  ഇതിലെ സത്യങ്ങളൊന്നും മാതൃഭൂമി പ്രസിദ്ധീകരിക്കില്ല എന്നറിയാം. പക്ഷെ എത്ര നാള്‍? വര്‍ഷങ്ങളായുള്ള സ്ഥിതിവിവര കണക്കിലെ തിരിമറികളെക്കുറിച്ചുള്ള പോരാട്ടം അവസാനം റബ്ബര്‍ ബോര്‍ഡ് തന്നെ പറയേണ്ടി വന്നു കണക്കില്‍ തെറ്റുണ്ടെന്ന്. റബ്ബര്‍ ബോര്‍ഡ് തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും രണ്ടംഗ കമ്മീഷനെവെച്ച് തെറ്റ് തിരുത്തുകയും ചെയ്യുന്ന വിരോധഭാസം.

 2. കേരളഫാര്‍മര്‍ on

  കുറെ കക്ഷി രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാത്തതുകൊണ്ടാണ് റബ്ബര്‍ വില ഇടിഞ്ഞതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തും. സത്യം എത്രയോ അകലെയാണ്. സ്ഥിരം റബ്ബര്‍ ബോര്‍ഡ് മെമ്പറായിരുന്ന ശ്രീ സിബി ജെ മോനിപ്പള്ളി ഫെയിസ് ബുക്കിലെ സൗഹൃദം ഉപേക്ഷിച്ചു. കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്പട
  റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത കണക്കുകള്‍ പല ഭാഷകളിലും പ്രസിദ്ധീകരിക്കും. വര്‍ഷങ്ങളായി തുടരുന്ന കണക്കിലെ തിരിമറിയും, നികുതി രഹിത ഇറക്കുമതിയും, താണവിലയ്ക്കുള്ള ഇറക്കുമതിക്ക് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ഒഴിവാക്കലും, ടയര്‍ മൊതലാളിയുടെ കുടുംബപത്രം നിയന്ത്രിക്കുന്ന വിപണിവിലയും, കണ്‍മതി സമ്പ്രദായത്തിലൂടെ താണവിലയ്ക്ക് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ലാഭം പങ്കിടുന്ന വിപണിയും, നാണയപ്പെരുപ്പത്തിന്റെ ചുവട് പിടിച്ചുള്ള തൊഴിലാളി വേതന വര്‍ദ്ധനയും, മറ്റ് രാജ്യങ്ങളുമായി ഒപ്പിട്ടിട്ടുള്ള നികുതി രഹിത ഇറക്കുമതികളും, താണവിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതികളും, വിവരാവകാശത്തെ അട്ടിമറിക്കുന്ന റബ്ബര്‍ ബോര്‍ഡിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും, പബ്ലിക് ഗ്രിവന്‍സ് പോര്‍ട്ടലില്‍ പരാതിപ്പെട്ടാല്‍ വായില്‍ പ്ലാസ്റ്ററൊട്ടിക്കുന്ന സംവിധാനവും, സ്വന്തം കയ്യില്‍ ഇറക്കുമതി നിയന്ത്രിക്കുന്ന ഡി.ജി.എഫ്.റ്റിയും കയറ്റുമതി നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡും ഉള്ളപ്പോള്‍ വ്യവസായ മന്ത്രി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫോറില്‍ ട്രെയിഡില്‍ പോയി സഹായം ആവശ്യപ്പെടുകയും മറ്റും ……………………………….. ഇങ്ങിനെ നീളുന്ന പട്ടിക.
  ഇത്തരം കള്ളത്തരങ്ങള്‍ അറിയുന്ന മാധ്യമങ്ങളും,, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, ടയര്‍ മൊതലാളിയെക്കാണുമ്പോള്‍ മുട്ടിടിക്കുന്ന ബോര്‍ഡ് ചെയര്‍മാനും കര്‍ഷകര്‍ക്കെതിരാണ്.

 3. കേരളഫാര്‍മര്‍ on

  ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചില കണക്കുകളുണ്ട്.
  ഇറക്കുമതി നിയന്ത്രിക്കുന്ന ഡി.ജി.എഫ്.റ്റിയും കയറ്റുമതി നിയന്ത്രിക്കുന്ന റബ്ബര്‍ബോര്‍ഡും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ല എന്ന് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രിതന്നെ പറയുമ്പോള്‍ സത്യം എത്രയോ അകലെയാണെന്നതാണ് വാസ്തവം. 2010-11, 2011-12, 2012-13, 2013-14, 2014-15 വര്‍ഷങ്ങളില്‍ 51451, 167898, 111040, 185272, 80804 (2015 ജനുവരി വരെ) ടണ്‍ എന്ന ക്രമത്തില്‍ ആണ് സ്റ്റോക്കില്‍ കുറച്ചുകാട്ടിയത്. അപ്രകാരം 2010-11 മുതല്‍ 2015 ജനുവരി വരെ ആകെ 596465 ടണിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതിന്റെ പരിണിതഫലമായി 2014-15 ല്‍ വിലയിടിക്കുവാന്‍ കഴിഞ്ഞു. അധിക സ്റ്റോക്കള്ളപ്പോഴും ആഭ്യന്തരവിലയേക്കാള്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്താല്‍ ആഭ്യന്തരവിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം ആന്റിഡമ്പിംങ് ഡ്യൂട്ടി ആയി ചുമത്തുവാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവിന്റെ പ്രയോജനം ടയര്‍ നിര്‍മ്മാതാക്കള്‍ക്കും ഗ്രേഡിംഗ് തിരിമറിയിലൂടെ ഇറക്കുമതി തീരുവയുടെ പേരിലുള്ള വില വര്‍ദ്ധനയുടെ പ്രയോജനം മൊത്തക്കച്ചവടക്കാര്‍ക്കും ലഭിക്കും. വാറ്റ് വേണ്ടെന്ന് വെച്ച് സര്‍ക്കാരിന് വന്ന നഷ്ടത്തിന്റെ പ്ിരയോജനം കര്‍ഷകര്‍ക്ക് ലഭിച്ചതുമില്ല.
  ഭക്ഷ്യ വിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തുമ്പോഴാണ് ദീര്‍ഘകാല വിളയായ റബ്ബര്‍ വിലയിലെ ഉയര്‍ച്ച കണ്ട് പ്രസ്തുത കൃഷിയിലേയ്ക്ക് ചേക്കേറുന്നത്. വില വര്‍ദ്ധനയുണ്ടായ വര്‍ഷങ്ങള്‍ പുതുകൃഷിക്ക് പ്രചോതനമായതായി കാണാം. ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ടാപ്പ് ചെയ്യാറായപ്പേഴേയ്ക്കും വിലയിടിയുന്നു. ടാപ്പ് ചെയ്യുകയല്ലാതെ അത്തരം കര്‍ഷകര്‍ക്ക് മറ്റ് പോംവഴികളില്ല. ഇത് കൂടാതെ റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത തോട്ടങ്ങളും നിലവിലുണ്ട്. നാണയപ്പെരുപ്പം കണക്കാക്കുന്നതിലെ പാളിച്ചകള്‍ കര്‍ഷകരെ മാത്രമെ
  ദോഷകരമായി ബാധിക്കുന്നുള്ളു. ദീര്‍ഘകാല വിളകളില്‍ നിന്ന് ഭക്ഷ്യ വിളകളിലേയ്ക്കുള്ള തിരിച്ചുപോക്ക് വലിയ നഷ്ടം വരുത്തിവെയ്ക്കുന്നതാണ്.
  ലോകവ്യാപാര ഉടമ്പടിയും, സാഫ്ത്ത കരാറും, ആസിയാന്‍ കരാറും മറ്റും കയറ്റുമതി ഇറക്കുമതികളില്‍ കൃത്രിമം കാട്ടുവാന്‍ അവസരമൊരുക്കി. സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്താല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കിലെ തിരിമതി വില ഉയരാതിരിക്കുവാനും, വിലയിടിക്കുവാനും കാരണമാകുന്നതായി കാണാം. http://bit.ly/nr-sr-missing

 4. കേരളഫാര്‍മര്‍ on

  ഇറക്കുമതിയെ ന്യായീകരിക്കാന്‍ പറയുന്നത് പ്രതിവര്‍ഷ ഉത്പാദനത്തേക്കാള്‍ കൂടുതലാണ് ഉപഭോഗം എന്നാണ്. ഒറ്റനോട്ടത്തില്‍ തികയാത്ത റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതില്‍ തെറ്റില്ല എന്നു തോന്നാം. എന്നാല്‍ സത്യം ഇതാണ്. 2014 ഏപ്രില്‍ 1 ന് ഡീലര്‍മാരുടെ പക്കല്‍ 110000 ടണ്‍ സ്റ്റോക്കും, ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 60205 ടണ്‍ സ്റ്റോക്കും, മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 18795 ടണ്‍ സ്റ്റോക്കും കൂട്ടി ആകെ 189000 ടണ്‍ സ്റ്റോക്കുണ്ടായിരുന്നു. ഏപ്രില്‍ മാസത്തെ ഉത്പാദനം 51000 ടണും കര്‍ഷകര്‍ വിറ്റത് 50000 ടണും നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത് 54860 ടണും ഇറകണക്കാക്കിയാല്‍ ഉല്പന്ന നിര്‍മ്മാതാക്കളുടെ പക്കല്‍ മാത്രം ഏപ്രിലില്‍ 133860 ടണ്‍ ലഭ്യമായിരുന്നപ്പോഴാണ് ഉപഭോഗം ടയര്‍ നിര്‍മ്മാതാക്കള്‍ 54566 ടണും മറ്റ് നിര്‍മ്മാതാക്കള്‍ 26934 ടണും കൂടിീ 81500 ടണ്‍ ആയത്. എന്നാല്‍ പ്രചരിപ്പിക്കുന്നതോ ഉത്പാദനം 51000 ടണും ഉപഭോഗം 81500 ടണും ആണെന്നാവും. 30500 ടണിന്റെ കുറവ് എന്നത് തെറ്റായ കണക്കുകൂട്ടലാണ്. തദവസരത്തിലാണ് ഏപ്രിലില്‍ 29140 ടണ്‍ ഇറക്കുമതി ചെയ്യുന്നത്. കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് വേറെയും.

  2014 ഏപ്രില്‍ ഒന്നിന് 250000 സ്റ്റോക്കും 2015 ജനുവരി 31 വരെ ഉത്പാദനം 568000 ടണും, ഇറക്കുമതി 359857 ടണും കൂട്ടിയാല്‍ ആകെ ലഭ്യത 1177857 ടണ്‍ ആണ്. എന്നാല്‍ അതില്‍ നിന്ന് ഉപഭോഗം 848535 ടണും, കയറ്റുമതി 518 ടണും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്കായ 248000 ടണ്‍ ലഭിക്കണമെങ്കില്‍ 80804 ടണ്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടിവരും.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: