Archive for മേയ് 19th, 2015|Daily archive page

പൊറോട്ട ഒരു സൂചകം 19-05-2015

നൂറുകിലോ റബ്ബര്‍ഷീറ്റ് കൊടുത്താല്‍ ഒരു നല്ല മൊബൈല്‍ഫോണ്‍ വാങ്ങാവുന്ന കാലം പോയി

”മുമ്പൊക്കെ ദിവസം 600700 പൊറോട്ട വിറ്റുപോയിരുന്നു. ഇപ്പോള്‍ 200 എണ്ണം പോയെങ്കിലായി. കഴിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ്” പറയുന്നത് ആലക്കോട്ടെ ഹോട്ടലുടമ കെ.എസ്. തുളസീധരന്‍. കണ്ണൂരിലെ മലയോരപട്ടണമായ ആലക്കോട്ടെ പാരമ്പര്യമുള്ള ഹോട്ടലാണ് ഇവരുടേത്. റബ്ബറിന്റെ വിലയിടിവ് ബാധിച്ചോ എന്ന ചോദ്യത്തിന് തുളസിയുടെ മറുപടി ”വളരെ കഷ്ടം” എന്നായിരുന്നു.

ഈ പൊറോട്ട ഒരു സൂചകമാണ്. കേരളത്തിലെ ജനകീയമായ ആഹാരമാണ് പൊറോട്ട. അതു കഴിക്കാന്‍വരുന്നവര്‍ ബീഫോ മീനോ കടലയോ ഒക്കെ ഒപ്പം വാങ്ങും. ചായകുടിക്കും. അതൊന്നും ഇപ്പോള്‍ പഴയപോലെയല്ല. ജനം ആവശ്യങ്ങള്‍ പരിമിതപ്പെടുത്തി. പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു. പല ഹോട്ടലുകളും പേരില്‍മാത്രമാണു പഴയത്. ഉടമകള്‍ പലവട്ടം മാറിയിരിക്കുന്നു. നഷ്ടംവരുമ്പോള്‍ മറ്റൊരാള്‍ക്കു വില്‍ക്കുന്നു. അവര്‍ കൈപൊള്ളുമ്പോള്‍ മറ്റൊരാള്‍ക്കു മറിക്കുന്നു. ഇതാണിപ്പോഴത്തെ രീതി.
എല്ലാറ്റിനും കാരണം റബ്ബറിന്റെ വീഴ്ച. ആലക്കോട്ടുംമറ്റും അന്യനാട്ടുകാരായ ടാപ്പിങ് തൊഴിലാളികള്‍ സ്ഥലംവിട്ടുകഴിഞ്ഞു. റബ്ബറിന്റെ സ്വന്തംനാടുകളായ റാന്നിയിലും വെച്ചൂച്ചിറയിലും കൊടുമണ്ണിലും മുത്തോലിയിലുമൊക്കെ കഥയൊന്നുതന്നെ. അന്തിച്ചന്തകളും ഒപ്പമുള്ള മറ്റു വ്യാപാരങ്ങളുമൊക്കെ നിലച്ചിരിക്കുന്നു. ഇരുട്ടുവീഴുംമുമ്പ് കടകളടയ്ക്കുന്നു. ഭക്ഷണം മാത്രമല്ല എല്ലാ ആവശ്യങ്ങളും ഇവിടത്തുകാര്‍ പരിമിതപ്പെടുത്തുന്നു, മുണ്ടു മുറുക്കിയുടുക്കാന്‍ പഠിച്ചിരിക്കുന്നു.

മൊബൈല്‍ഫോണുകളും റീച്ചാര്‍ജ് കൂപ്പണുകളും വില്‍പ്പനനടത്തുന്ന റാന്നിയിലെ കുരുവിള എന്ന വ്യാപാരി ഇതു പറയുമ്പോള്‍ നമുക്കു കാര്യങ്ങള്‍ വ്യക്തമാകും. ”ആളൊന്നുക്ക് മൊബൈല്‍ഫോണുള്ള നാടാണു കേരളം. എന്നാല്‍, ജനപ്രിയ പാക്കേജുകളുപയോഗിച്ച് വീട്ടിലെ എല്ലാവരും വിളിക്കാന്‍ ഒരു ഫോണ്‍ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ കാണാം. മറ്റുള്ള ഫോണുകളില്‍ ഇന്‍കമിങ് മാത്രം സ്വീകരിക്കുന്നു.” കൂപ്പണുകളുടെ വില്പനയില്‍ 50 ശതമാനം വരെ കുറവുവന്നതായി അദ്ദേഹം പറയുന്നു. ആഡംബരഫോണുകള്‍ മാസംതോറും മാറിവാങ്ങുന്ന രീതിയൊക്കെ പോയി. നൂറുകിലോ റബ്ബര്‍ഷീറ്റ് കൊടുത്താല്‍ ഒരു നല്ല മൊബൈല്‍ഫോണ്‍ വാങ്ങാവുന്ന കാലം പോയി.

കനമില്ലാത്ത പോക്കറ്റും രുചിപോയ മീനും

നെടുമങ്ങാട്ടെ മീന്‍ചന്തയില്‍ ലോഡ് വരുന്നത് കുറഞ്ഞതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസം അഞ്ചു ലോഡ് വന്നിരുന്നത് ഇപ്പോള്‍ രണ്ടായി. രാവിലെ ആറുമുതല്‍ മീനുമായി പെട്ടിയോട്ടോകളും ബൈക്കുകളും റോഡുകളില്‍ക്കൂടി പാഞ്ഞിരുന്നു. പറയുന്നവിലയ്ക്ക് ആളുകള്‍ മീന്‍വാങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. മീന്‍ ഒന്നായിവാങ്ങുന്നവരും കുറഞ്ഞു. കഷ്ണമാക്കി വാങ്ങാന്‍ ജനം ശീലിക്കുന്നു. കാരണം മറ്റൊന്നുമല്ല, റബ്ബറിന്റെ പണം പഴയതുപോലെയില്ല.
കേരളത്തിന്റെ തെക്കേയറ്റത്തെ ചിത്രമാണിത്. അങ്ങു വടക്കെത്തിയാലും കാര്യം ഇതേപോലെതന്നെ. ഇരിട്ടിയില്‍ മീന്‍ മാര്‍ക്കറ്റില്‍ കച്ചവടം മുമ്പൊക്കെ ഉച്ചയ്ക്ക് 12ന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ വൈകിട്ട് നാലുമണിയായാലും സാധനം ബാക്കിയാണ്. കയറിവരുന്ന ലോഡും വളരെ കുറഞ്ഞിട്ടുണ്ട്. വിലകൂടിയ മീന്‍ വാങ്ങാന്‍ ആളെക്കിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഇരിട്ടിയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായതിനുദാഹരണം രണ്ടു വസ്ത്രശാലകള്‍ പൂട്ടിയതുതന്നെ. ഓണത്തിനും വിഷുവിനും പോലും വസ്ത്രംവാങ്ങാന്‍ തിരക്കില്ല. വാണിജ്യനിരക്കില്‍ വൈദ്യുതിച്ചാര്‍ജും മറ്റുചെലവുകളും കഴിച്ച് മിച്ചമില്ല.


എന്തുപറ്റി, പഴയ ലോഞ്ചിങ് പാഡുകള്‍ക്ക്

എന്തായിരുന്നു അക്കാലം! റബ്ബര്‍മേഖലകളില്‍ കച്ചവടം പൊടിപൊടിച്ചിരുന്ന പഴയനാളുകളെയോര്‍ത്ത് വാഹനനിര്‍മാതാക്കളും ഇപ്പോള്‍ ദീര്‍ഘനിശ്വാസംവിടുകയാണ്. ആഡംബരക്കാറുകളുടെ ലോഞ്ചിങ് പാഡുകള്‍തന്നെയായിരുന്നു കേരളത്തിലെ ചില കൊച്ചുപട്ടണങ്ങള്‍.
ഏതു പുതിയ വാഹനം രാജ്യത്ത് അവതരിക്കപ്പെട്ടാലും അതൊക്കെ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം കോട്ടയംപാലാതൊടുപുഴ റോഡിലും കോട്ടയംകാഞ്ഞിരപ്പള്ളികുമളി റോഡിലും ഓടിത്തുടങ്ങുമായിരുന്നു. റബ്ബറിന്റെ പണക്കിലുക്കത്തില്‍ വാഹനങ്ങള്‍ മാറിമാറിയെടുക്കുന്ന പ്രവണത ഇല്ലാതായെന്ന് കണ്ണൂര്‍ ആലക്കോട്ടെ വില്പന ഏജന്‍സിയിലെ എക്‌സിക്യൂട്ടീവ് നിഖില്‍ പറയുന്നു. ബാങ്കുകളിലെ വാഹനവായ്പക്കണക്കിന്റെ ഗ്രാഫും താഴേക്കാണ്. നേരത്തേ വായ്പയെടുത്ത് കൃത്യമായി തുകയടച്ചുവന്നതു പലതും കുടിശ്ശികവരുത്തിയിരിക്കുന്നു. പലരും വാഹനങ്ങള്‍ വിറ്റൊഴിക്കാന്‍നോക്കുന്നു. എന്നാല്‍, പഴയ വാഹനങ്ങളുടെ മാര്‍ക്കറ്റും വല്ലാതെ ഇടിഞ്ഞുപോയി. വണ്ടികളുടെ രണ്ടാം കച്ചവടവും മോശമല്ലാത്ത വരുമാനമാണെന്നു കരുതി സ്വന്തംനിലയില്‍ യൂസ്ഡ് കാര്‍ കടകള്‍ തുടങ്ങിയവര്‍ വാങ്ങിയിട്ട വണ്ടികള്‍ എന്തുചെയ്യണമെന്നറിയാതെ ത്രിശങ്കുവിലാണ്. വാഹനങ്ങളുടെ പുത്തന്‍ മോഡലുകളെ ചുവപ്പുപരവതാനിവിരിച്ച് മലയോരം സ്വീകരിച്ചിരുന്നകാലമൊക്കെ മാറിപ്പോയിരിക്കുന്നു.

രുചിയുള്ള സാമ്പാറിന് നട്ടും ബോള്‍ട്ടും വേണ്ട

ഒഡിഷയിലെ ജോലിയുപേക്ഷിച്ചുവന്നാണ് മധുസൂദനന്‍നായര്‍ പത്തനംതിട്ട ചുങ്കപ്പാറയില്‍ എം.എസ്. ഓട്ടോമൊബൈല്‍സ് എന്നപേരില്‍ സ്‌പെയര്‍പാര്‍ട്‌സ് കട തുടങ്ങിയത്. രണ്ടുപതിറ്റാണ്ട് മുമ്പാണ്. അന്നൊക്കെ വാഹനങ്ങള്‍ കേടുവന്നാല്‍ തൊട്ടടുത്ത വര്‍ക്ക്‌ഷോപ്പിലാണു പണിയിക്കുക. അനുബന്ധമായി സ്‌പെയര്‍പാര്‍ട്‌സ് കച്ചവടവും നടക്കും.
റബ്ബറിന് വിലയുയര്‍ന്നപ്പോള്‍ പഴയ വണ്ടികള്‍ നന്നാക്കി ഉപയോഗിക്കുന്ന രീതി മാറി. പഴയതുവിറ്റ് പുതിയതിനു പിന്നാലെ ആളുകള്‍ പോയി. ഗ്രാമീണ വര്‍ക്ക്‌ഷോപ്പുകള്‍ മിക്കതും പൂട്ടി. സ്‌പെയര്‍പാര്‍ട്‌സ് കച്ചവടം കുറഞ്ഞു. മധുസൂദനന്‍നായര്‍ ഇപ്പോള്‍ എം.എസ്. കാറ്ററേഴ്‌സ് എന്നപേരില്‍ സദ്യകള്‍ കരാറിനെടുത്തു നടത്തിക്കൊടുക്കുകയാണ്. ”അധ്വാനം കൂടി. എങ്കിലും രുചിയുള്ള സദ്യ വിളമ്പിയാലേ വീട്ടുകാര്യങ്ങള്‍ നടത്താനാവൂ.” നട്ടും ബോള്‍ട്ടും വിറ്റ കൈകളില്‍ ചട്ടുകംപിടിച്ച് തലയില്‍ തോര്‍ത്തുംകെട്ടി അടുപ്പിനരികെയാണിദ്ദേഹം.

കട പൂട്ടുന്ന കച്ചവടക്കാര്‍

”താലൂക്കിലെ 250 റബ്ബര്‍ക്കടകളില്‍ 75 എണ്ണം അടച്ചുപൂട്ടി. ദിവസം 800മുതല്‍ 1000വരെ ടണ്‍ റബ്ബര്‍ഷീറ്റ് കയറ്റിപ്പോയിരുന്നിടത്ത് ഇപ്പോള്‍ 200 ടണ്‍ മാത്രമാണു ലോഡാകുന്നത്” റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി ഷാജി പറയുന്നു.
റബ്ബറിന്റെ വില ഉയര്‍ന്നുനിന്നപ്പോഴാണ് ഉണ്ണിക്കൃഷ്ണന്‍നായര്‍ മണ്ണംപ്ലാവില്‍ റബ്ബര്‍ക്കട തുടങ്ങിയത്. അന്ന് ആഴ്ചയില്‍ ആറും ഏഴും ലോഡ് കയറ്റിവിട്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരുടണ്‍പോലും പോകുന്നില്ലെന്ന് അദ്ദേഹവും പറയുന്നു.
വിലകുറഞ്ഞതോടെ കര്‍ഷകര്‍ ടാപ്പിങ് ഉപേക്ഷിച്ചതാണ് റബ്ബര്‍വരവു കുറച്ചത്. ചെറുകിടകച്ചവടക്കാരന് മുറിയുടെ വാടകയും തൊഴിലാളികളുടെ ശമ്പളവുമൊക്കെയായി ബാധ്യതയേറി. അതോടെ പലരും കട നിര്‍ത്തി. കടകളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന തൊഴിലാളികള്‍ മറ്റു തൊഴില്‍ തേടിപ്പോയി.

റബ്ബര്‍ക്കടകള്‍ തുടരുന്ന പലരും അത് നടത്തിക്കൊണ്ടുപോകുന്നുവെന്നേയുള്ളൂ. ചിലര്‍ക്ക് വര്‍ഷങ്ങളായുള്ള ശീലമുപേക്ഷിച്ച് വീട്ടിലിരിക്കാന്‍ വയ്യ. വേറെ ജോലിയുമില്ല. മറ്റുചിലരാകട്ടെ, ബിസിനസ് പെട്ടെന്നു നിര്‍ത്തിയാല്‍ വരുന്ന നഷ്ടമോര്‍ത്ത് നില്‍ക്കുന്നു. പലവിധത്തില്‍ പലരുടെ കൈയില്‍പ്പോയ പണം കുറച്ചെങ്കിലും തിരിച്ചുകിട്ടാന്‍ കട തുടരുകയല്ലാതെ മാര്‍ഗമില്ല.
”സത്യം പറയാമല്ലോ, ആരെങ്കിലും റബ്ബറുമായി വരുന്നെന്നുകേട്ടാല്‍ ഞാനിവിടെനിന്നു മുങ്ങുകയാണു പതിവ്. വാങ്ങിവെച്ചാല്‍ നഷ്ടംവരും. റബ്ബര്‍ബോര്‍ഡ് വിലകിട്ടണമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍, മാര്‍ക്കറ്റുവില അതിലും താഴെയാണ്. മാര്‍ക്കറ്റുവിലയെക്കാള്‍ രണ്ടും മൂന്നും രൂപ കുറച്ചാണ് കമ്പനികള്‍ റബ്ബര്‍ മേടിക്കുന്നത്. പിന്നെ ഷീറ്റിന്റെ ഗുണനിലവാരപരിശോധനയും അവര്‍ കര്‍ശനമാക്കി. കച്ചവടക്കാരന്‍ കുത്തുപാളയെടുക്കും” പേരു വെളിപ്പെടുത്തരുതെന്നു പറയുന്ന ഈ വ്യാപാരിക്ക് താന്‍ സാമ്പത്തികമായി ക്ഷീണിതനാണെന്ന് ലോകരെ അറിയിക്കുന്നതില്‍ അഭിമാനക്ഷതമുണ്ട്.
കടപ്ലാമറ്റത്തെ റബ്ബര്‍ക്കച്ചവടക്കാരന്‍ ഐങ്കലത്തില്‍ ജോയി പറയുന്നതു കേള്‍ക്കുക: ”ഒരു ടണ്ണില്‍ കുറഞ്ഞാല്‍ വന്‍കിടകച്ചടവക്കാര്‍വന്ന് എടുക്കില്ല. ചെറുകിടകച്ചവടക്കാര്‍ക്ക് ശരാശരി 200 കിലോതന്നെ കിട്ടാന്‍ പാടാണ്. ഒരു ടണ്‍ ആകണമെങ്കില്‍ ഒരാഴ്ചയെടുക്കും. അപ്പോഴേക്കും വില പിന്നെയും താഴും. ഇതു വലിയ നഷ്ടമുണ്ടാക്കും. സ്വന്തംനിലയ്ക്ക് ദിവസേന വന്‍കിടകച്ചവടക്കാര്‍ക്കെത്തിച്ചാല്‍ വണ്ടിക്കൂലി തികയില്ല. ലോഡിങ് കൂലിയും കൊടുക്കണ്ടേ?”

കപ്പയും വീണു,മറ്റു കാര്‍ഷികവിളകളും

റബ്ബറുമായുള്ള ബന്ധവും കേരളത്തിനു പ്രധാനമാണ്. റബ്ബര്‍ ലാഭകരമായ കൃഷിയും ദൈനംദിനവരുമാനവുമാണെന്നു കണ്ടപ്പോള്‍ കറിവേപ്പു വെട്ടിയും റബ്ബര്‍ നട്ടു. മറ്റു കൃഷികള്‍ കുറഞ്ഞു. അവയുടെ ഉത്പാദനം കുറഞ്ഞപ്പോള്‍ വിലകൂടി. അടുക്കളത്തോട്ടം പോലും കേരളത്തില്‍ അപ്രത്യക്ഷമായി.
റബ്ബറിന് നല്ല വില കിട്ടിയപ്പോള്‍ ഭക്ഷ്യോത്പന്നങ്ങള്‍ കൂടുതല്‍വിലകൊടുത്തു വാങ്ങാന്‍ ആളുകള്‍ക്കു കഴിഞ്ഞു. അതും അവയുടെ വിലയെ സഹായിച്ചു. പച്ചക്കപ്പയ്ക്ക് 40 രൂപ വരെ വിലവന്നത് ഈ രീതിയിലാണ്. എന്നാല്‍, റബ്ബറിനു വിലകുറഞ്ഞപ്പോള്‍ കര്‍ഷകന്റെ വാങ്ങല്‍ശേഷി കുറഞ്ഞത് മറ്റു കാര്‍ഷികോത്പന്നങ്ങളുടെ വിലയെയും ബാധിച്ചു. പലരും റബ്ബറിനുപകരം മറ്റു കൃഷികള്‍ തുടങ്ങി. ഇപ്പോള്‍ പത്തു രൂപയ്ക്കും കപ്പ കിട്ടും.
ഈയിടെയായി അടുക്കളത്തോട്ടങ്ങള്‍ കേരളത്തില്‍ തിരിച്ചുവരുന്നുണ്ട്. പച്ചക്കറിവിലയില്‍ കുറവുമുണ്ട്.

പട്ടിണിക്ക് ബോണക്കാടിനെ അത്രമേലിഷ്ടമോ?
പ്രതികരണങ്ങള്‍
ംംം.ാമവേൃൗയവൗാശ.രീാല്‍ രേഖപ്പെടുത്തുക
പട്ടിണിമരണത്തിലൂടെ കേരളത്തിന്റെ മനഃസാക്ഷിയെ സ്പര്‍ശിച്ച നാടാണു ബോണക്കാട്. റബ്ബര്‍ എസ്റ്റേറ്റുകളുടെ നാട്. ഇതിനടുത്തുള്ള പട്ടണമാണ് വിതുര. റബ്ബറിന്റെ വിലയിടിവ് ഇപ്പോള്‍ ഈനാട്ടില്‍ വീണ്ടും പ്രതിസന്ധിതീര്‍ത്തിരിക്കുന്നു. ഏറെ സജീവമായിരുന്ന പട്ടണം ശോഭമങ്ങിയ നിലയിലാണ്. കൃഷിക്കാരും വ്യാപാരികളും തൊഴിലാളികളും വിഷാദത്തിലാണ്.

തലസ്ഥാനജില്ലയിലെ ഈ പട്ടണത്തില്‍ 20 കടകളാണ് സമീപകാലത്തു പൂട്ടിയത്. പണം വായ്പയെടുത്ത് കച്ചവടംനടത്താനിറങ്ങി കൈപൊള്ളിയവരാേണറെയും. കടനിര്‍ത്തിയാല്‍ പണം മടക്കിച്ചോദിക്കാന്‍ ആളുവരുമെന്നു ഭയന്ന് സ്ഥാപനം ഇപ്പോഴും വെറുതെ തുറന്നിരിക്കുന്നവരുമുണ്ട്. രാത്രി 10വരെ കടകള്‍ തുറന്നിരുന്ന ഇവിടെയിപ്പോള്‍ അങ്ങനെയല്ല. ഏഴരയ്ക്കപ്പുറത്തേക്ക് കടകളില്ല. ജനം ചെലവുചുരുക്കിയിരിക്കുന്നു. ഇവിടെ രണ്ട് മിനി സൂപ്പര്‍മാര്‍ക്കറ്റുകളുണ്ട്. നടത്തിപ്പുകാരോടു ചോദിച്ചാല്‍ മാറ്റം പറയും. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ മാത്രം വാങ്ങുന്നു. ആഡംബരസാധനങ്ങള്‍ക്കു വില്പനയില്ല.

ബഹുരാഷ്ട്രകമ്പനികളുടെ സാധനങ്ങളുമായിവരുന്ന പ്രതിനിധികളോടു ചോദിച്ചാല്‍ അവരും പറയും ടാര്‍ജറ്റ് തികയ്ക്കാന്‍ കഴിയുന്നില്ലെന്ന്. റബ്ബറിന്റെ വിലയിടിവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലായിടത്തും ബാക്കിയാണ്. ചന്തമുക്കിലെ സ്വകാര്യ എസ്റ്റേറ്റില്‍ തൊഴിലാളികളോട് കൂടുതല്‍ മരം ടാപ്പ് ചെയ്യണമെന്ന് ഉടമകളാവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ല.
തൊഴിലാളികള്‍ പട്ടിണിമൂലം മരിച്ച ബോണക്കാട് എസ്റ്റേറ്റില്‍ ഉടമ ഇനിയും മടങ്ങിവന്നിട്ടില്ല. കാരണം നഷ്ടംതന്നെ. ഇപ്പോള്‍ യൂണിയനുകള്‍ തോട്ടം നടത്തുന്നു. പഴയ തൊഴിലാളികള്‍ അതുകൊണ്ട് ഒരുവിധം ജീവിക്കുന്നു. പക്ഷേ, പുതിയ തലമുറക്കാര്‍ തോട്ടത്തെ ആശ്രയിക്കാന്‍ നില്‍ക്കുന്നില്ല. അവര്‍ പണിതേടി സ്ഥലംമാറിപ്പോകുന്നു. തോട്ടംമേഖലകളില്‍ നാണ്യവിളകളെ ആശ്രയിച്ച് തൊഴില്‍ രൂപപ്പെടുത്തുന്ന രീതി ഇല്ലാതാകുന്നതാണ് വിതുരയിലും ഇരിട്ടിയിലുമെല്ലാം കാണുന്നത്.
തയ്യാറാക്കിയത്:

എസ്.ഡി. സതീശന്‍ നായര്‍
സഹായം: ഡി. അജിത് കുമാര്‍, ജോസഫ് മാത്യു,
കെ.ആര്‍. പ്രഹ്ലാദന്‍, ഹരി ആര്‍. പിഷാരടി

പ്രതികരണങ്ങള്‍
www.mathrubhumi.com-ല്‍ രേഖപ്പെടുത്തുക