തകര്‍ന്നടിഞ്ഞ റിയല്‍ എസ്‌റ്റേറ്റ് 20-05-2015

റബ്ബര്‍ മേഖലകളില്‍ തകര്‍ന്നുവീണ റിയല്‍ എസ്‌റ്റേറ്റ് വിപണിക്ക് ഉടനെയൊന്നും ജീവന്‍വെയ്ക്കില്ല. ആയിരക്കണക്കിനാളുകളുടെ ലക്ഷക്കണക്കിനു രൂപയാണു വീണുപോയത്. ഇത് ഉടനെ വീണ്ടെടുക്കാമെന്ന് ആരും മോഹിക്കുന്നുമില്ല. റബ്ബറിന്റെ പണത്തില്‍ ഈ വിപണിയില്‍ കൈവെയ്ക്കാന്‍ വന്നവര്‍ക്കാണു പൊള്ളിയത്. അവര്‍ക്ക് പണത്തിനുള്ള മറ്റ് ഉറവിടമില്ലാത്തതിനാല്‍ വാങ്ങിയ വസ്തു വിറ്റാലേ നില ഭദ്രമാകൂ.

റബ്ബര്‍ നല്‍കിയ അധികപ്പണമാണ് ഒട്ടേറെപ്പേരെ റിയല്‍ എസ്‌റ്റേറ്റിലേക്കാകര്‍ഷിച്ചത്. പണം നിക്ഷേപിക്കാനും ഇരട്ടിപ്പിക്കാനും അത് നല്ലവഴിയായിരുന്നു. എന്നാല്‍, കൈമാറ്റം നിലച്ചതോടെ വാങ്ങിയിട്ടവര്‍ കുടുങ്ങി. മൈലപ്ര സ്വദേശി വിജയകുമാര്‍ എന്ന വ്യക്തി ഏഴേക്കര്‍ റബ്ബര്‍ത്തോട്ടമാണ് റബ്ബറിന്റെ നല്ലകാലത്തു വാങ്ങിയത്. സെന്റിന് 30,000 രൂപ പ്രകാരം 2 കോടി 10 ലക്ഷം രൂപ മുടക്കി. ഇതു കൈമാറാനൊരുങ്ങുമ്പോഴാണ് റബ്ബറിന്റെ വിലത്തകര്‍ച്ച വന്നത്. ബാങ്കില്‍നിന്ന് കടംവാങ്ങിയ പണമാണിറക്കിയത്. ഇപ്പോഴതിന്റെ പലിശയടയ്ക്കാന്‍ കഴിയുന്നില്ല. റബ്ബര്‍കൊണ്ട് ക്രമേണ കടംവീട്ടാം എന്ന പ്രതീക്ഷ നശിച്ചു. വില്‍ക്കാന്‍ ചെന്നപ്പോഴാണു കുടുങ്ങിയത്. വില സെന്റിന് 15,000 വരെ മാത്രം. ഒരു കോടിയെങ്കിലും കിട്ടിയാല്‍ വില്‍ക്കാം എന്ന അവസ്ഥയിലാണിപ്പോളദ്ദേഹം. റാന്നിയിലെ പ്രസാദ് കുഴിക്കാലയും സുഹൃത്തുക്കളും ചെന്നുപെട്ടത് ഇതിലും വലിയ പ്രതിസന്ധിയിലാണ്. നാലുപേര്‍ ചേര്‍ന്ന് ഉതിമൂട്ടില്‍ 4.75 ഏക്കര്‍ തോട്ടം വാങ്ങി. ഇതവര്‍ വീടിനുള്ള പ്ലോട്ടാക്കിമാറ്റി. 30 പ്ലോട്ടുകള്‍ തയ്യാറാക്കിയിട്ടു. 12 എണ്ണം വിറ്റുപോയി. വിപണിയില്‍ മാന്ദ്യം വന്നതോടെ ബാക്കി കച്ചവടം മുടങ്ങി. ബാങ്കില്‍നിന്ന് വായ്പയെടുത്താണ് ഇവര്‍ സംരംഭം തുടങ്ങിയത്. 10 ലക്ഷം രൂപയാണ് വര്‍ഷം പലിശയിനത്തിലടയ്ക്കുന്നത്. കഴിഞ്ഞ ഒരുകൊല്ലംകൊണ്ട് വിപണി വീണു. ഇതോടെ ബാങ്കിലെ തിരിച്ചടവുപോലും പ്രശ്‌നത്തിലാണ്. ഒരു പ്ലോട്ട് വാങ്ങിയിടാമെന്ന് സാധാരണക്കാരന്‍ വിചാരിച്ചാല്‍ ഇപ്പോള്‍ സ്ഥലത്തിനു വിലയിടിഞ്ഞ സാഹചര്യത്തില്‍ പറ്റേണ്ടതാണ്. പക്ഷേ, റബ്ബറിനു വിലയില്ലാത്തതിനാല്‍ പറ്റുന്നില്ല. വിദേശമലയാളികളാരെങ്കിലും വന്ന് സ്ഥലം വാങ്ങുമെന്ന പ്രതീക്ഷ മാത്രമാണു സംരംഭകര്‍ക്കുള്ളത്.

റാന്നി, ഇടക്കുളം, മന്ദമരുതി, വാളിപ്ലാക്കല്‍, മഞ്ഞാടി, ഇരവിപേരൂര്‍, കറിക്കാട്ടൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഇത്തരം പ്ലോട്ട് പരീക്ഷണം പാളിയതു കാണാം. തോട്ടവുമില്ല, പ്ലോട്ട് വില്‍പ്പനയുമില്ല എന്നനിലയായി. ഫെയര്‍ വാല്യു നിശ്ചയിച്ചപ്പോള്‍ മുമ്പുനടന്ന വില്‍പ്പനകളുടെ അടിസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് വിലയിടിഞ്ഞാലും നല്ലകാലത്തെ വിലയിലേ രജിസ്‌ട്രേഷന്‍ നടക്കൂ. കൈവശമുള്ള തോട്ടമോ മറ്റു പുരയിടമോ ഇപ്പോഴത്തെ കുറഞ്ഞവിലയ്ക്കാണെങ്കിലും വില്‍ക്കാനോ വാങ്ങാനോ പറ്റാത്ത അവസ്ഥയായി.

നെടുമങ്ങാട് തിരുവനന്തപുരത്തെ ഭൂമിവില്‍പ്പനക്കാരുടെ ഇഷ്ടയിടമായിരുന്നു. അവിടെയും റബ്ബറിന്റെ വീഴ്ചയുണ്ടാക്കിയ ആഘാതം കാണാം. സെന്‍റിന് 10 ലക്ഷത്തിനു വാങ്ങിയ ഭൂമി അഞ്ചുലക്ഷത്തിനുപോലും വില്‍ക്കാന്‍കഴിയാതെ കിടക്കുന്നുണ്ട്. പരസ്യ ഏജന്‍സികള്‍ നല്‍കുന്ന കണക്കുപ്രകാരം ആഴ്ചയില്‍ 40 ക്ലാസിഫൈഡ് പരസ്യങ്ങള്‍ സ്വീകരിച്ചയിടത്ത് ഇപ്പോള്‍ 23 വസ്തുവില്‍പ്പനപ്പരസ്യം വന്നെങ്കിലായി.
പരീക്ഷണങ്ങള്‍
കോതമംഗലത്ത് 25 പ്രവാസികള്‍ ചേര്‍ന്ന് ടയര്‍ കമ്പനി എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. കൃഷിക്കാരില്‍നിന്ന് റബ്ബര്‍ സംഭരിച്ചാണിതു നടത്താനുദ്ദേശിച്ചത്. പക്ഷേ, വിജയംകണ്ടില്ല. പാലായിലെ പാലാഴി ഫാക്ടറിയും സ്വപ്നം മാത്രമായി.
പാലായിലെ രണ്ട് പ്രമുഖ സഹകരണസ്ഥാപനങ്ങള്‍ ബ്ലോക്ക് റബ്ബര്‍ ഉത്പാദിപ്പിച്ച് ടയര്‍ കമ്പനികള്‍ക്കു നല്‍കിയിരുന്നതാണ്. വിദേശത്ത് ബ്ലോക്ക് റബ്ബറിന്റെ വിലകുറഞ്ഞത് അവരെ വല്ലാതെ വലച്ചു. 13 ശതമാനംവരെ പലിശനല്‍കി നിക്ഷേപം സ്വീകരിച്ച് അതു മൂലധനമാക്കി പ്രവര്‍ത്തിച്ചതായിരുന്നു ഈ സ്ഥാപനങ്ങള്‍.
റബ്ബര്‍ക്കറശേഖരണം മുതലുള്ള എല്ലാരംഗത്തും കൃഷിക്കാരന് പ്രതീക്ഷനല്‍കിയ സ്ഥാപനങ്ങള്‍ വിലത്തകര്‍ച്ചയില്‍ പ്രതിസന്ധിയിലാണ്. നല്ല ശമ്പളംനല്‍കി ജീവനക്കാരെ ആകര്‍ഷിച്ച സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നു.
കൊടുമണ്ണിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മറ്റു കൃഷികളില്‍ ശ്രദ്ധിക്കുന്നത് ഈ പ്രതിസന്ധിഘട്ടത്തിലെ ചില രക്ഷാമാര്‍ഗങ്ങള്‍ തേടിയാണ്. 15 ഹെക്ടറില്‍ അവര്‍ പച്ചക്കറിക്കൃഷി തുടങ്ങി. റമ്പുട്ടാന്‍, മീന്‍കൃഷി എന്നിവയും അവരുടെ പ്രതീക്ഷകളാണ്.
കൊടുമണ്‍ മേഖലയില്‍ ചെറുകിട കൃഷിക്കാര്‍ ഭക്ഷ്യവിളകളിലേക്കു മാറുന്ന കാഴ്ചയുമുണ്ട്. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, വാഴ എന്നിവ മടങ്ങിവരുന്നു. ഇത് വിഷമില്ലാത്ത ഭക്ഷണമെങ്കിലും കഴിക്കാമെന്ന പ്രത്യാശ രൂപപ്പെടുത്തുന്നു. തൊഴില്‍പോയ ടാപ്പിങ്ങുകാരും ഇത്തരം കൃഷിപ്പണികളിലേക്കു നീങ്ങുന്നു.
കോന്നി ഐരവണ്‍ പായിപ്പാവീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ ഈ ജനവരിയില്‍ 60 സെന്റ് പുരയിടത്തില്‍ റബ്ബര്‍ വെട്ടിമാറ്റി വാഴയും ചേനയും കപ്പയും കൃഷിയിറക്കി. മികച്ച ലാഭമാണ് അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞത്.

നത്തോലി കോട്ടയത്തും ചെറിയ മീനല്ല

പാലായിലും കാഞ്ഞിരപ്പള്ളിയിലും മൂന്നുവര്‍ഷം മുമ്പുവരെ പുലരുംമുമ്പ് പടിഞ്ഞാറുനിന്ന് പാഞ്ഞെത്തിയ മീന്‍വണ്ടികളില്‍ കരിമീനും നെന്മീനും ചെമ്മീനും നിറഞ്ഞിരുന്നു. 10 മണിക്കുമുമ്പ് മാര്‍ക്കറ്റുകളില്‍ അത് വിറ്റുതീര്‍ന്നു. മത്തിയും അയലയും കള്ളുഷാപ്പുകളിലേക്കും ചെറു ഹോട്ടലുകളിലേക്കും പോയി. നത്തോലിയൊന്നും ആര്‍ക്കും വേണ്ടായിരുന്നു. ഇപ്പോള്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ക്ക് നത്തോലി ചെറിയ മീനല്ല. ഡിമാന്‍ഡ് കൂടി. വാങ്ങാനാളില്ലാതെ കരിമീനും നെന്മീനും വരവുകുറഞ്ഞു.
മാന്നാറിലും കിട്ടും നെന്മീന്‍
കിഴക്കന്‍ പ്രദേശങ്ങള്‍ ‘റബ്ബറിട്ട് മീന്‍പിടിച്ചുതിന്ന’കാലത്ത് പടിഞ്ഞാറന്‍ തീരഗ്രാമങ്ങളില്‍ മുന്തിയയിനം മത്സ്യങ്ങള്‍ കിട്ടിയിരുന്നില്ല. കൂടുതല്‍ വിലതേടി അതെല്ലാം കിഴക്കോട്ടു വണ്ടികയറിപ്പോയി. എന്നാലിപ്പോള്‍ കടലോരഗ്രാമങ്ങളില്‍ മികച്ചയിനം മത്സ്യങ്ങള്‍ നിറച്ച പാത്രങ്ങളുമായി വില്പനക്കാരികള്‍ വീടുകള്‍തോറും കയറിയിറങ്ങുന്നു. മാന്നാറിലും മാവേലിക്കരയിലും ന്യായവിലയ്ക്ക് നല്ല മീന്‍ കിട്ടുന്നു.

ചെറുകിട റബ്ബര്‍ ഫാക്ടറികള്‍ക്കും തിരിച്ചടി

ബ്ലോക്ക് റബ്ബറിനാണ് ടയര്‍ വ്യവസായമേഖലയില്‍ പ്രിയമേറെ. ഇറക്കുമതിയും ഇതിനാണു കൂടുതല്‍. എന്നാല്‍, കേരളത്തില്‍ ബ്ലോക്ക് റബ്ബര്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടാനും വയ്യ തുടരാനും വയ്യ എന്ന നിലയിലായി.
പാലാ മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ കോലടി പറയുന്നു:
”സൊസൈറ്റി ഉത്പാദിപ്പിക്കുന്ന ബ്ലോക്ക് റബ്ബര്‍ ടയര്‍ കമ്പനികള്‍ക്കിപ്പോള്‍ വേണ്ട. നമ്മുടെ ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയില്‍ വന്‍തോതില്‍ ഇറക്കുമതിചെയ്ത് അവര്‍ സൂക്ഷിച്ചിട്ടുണ്ട്. ടാപ്പിങ് പലരും ഉപേക്ഷിച്ചതിനാല്‍ ഒരുവര്‍ഷമായി ആവശ്യത്തിന് റോ മെറ്റീരിയല്‍സ് കിട്ടുന്നില്ല. ഉത്പാദനശേഷിയുടെ 25 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ. ശമ്പളവും മറ്റു ചെലവുകളും എല്ലാമാകുമ്പോള്‍ വന്‍ പ്രതിസന്ധിയാണ്.” റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് 3.30 ലക്ഷം ടണ്‍ ബ്ലോക്ക് റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കു ശേഷിയുണ്ട്. നിലവില്‍ 1.60 ലക്ഷം ടണ്‍ മാത്രമാണ് ഉത്പാദനം.

ബാങ്കുകള്‍ക്കുമുണ്ട് കദനം പറയാന്‍

റബ്ബര്‍മേഖലകളില്‍ ബാങ്കുവായ്പകള്‍ വര്‍ധിക്കുന്നു, തിരിച്ചടവ് കുറയുന്നു. എന്നാല്‍, നിക്ഷേപത്തിലിടിവില്ല; വര്‍ധനയുണ്ടുതാനും. എന്താണിതിനു പിന്നില്‍?
പാലായ്ക്കു സമീപത്തെ ഒരു സഹകരണ ബാങ്ക് സെക്രട്ടറി പറയുന്നു: ”2011ല്‍ 14 കോടി വായ്പ നല്‍കിയിടത്ത് 2014ല്‍ 16 കോടി നല്‍കി. എന്നാല്‍, കുടിശ്ശിക അടുത്തകാലത്ത് കൂടി. ഏഴു ശതമാനത്തില്‍നിന്ന് 13 ശതമാനമായാണ് കുടിശ്ശിക വര്‍ധിച്ചത്. റിയല്‍ എസ്‌റ്റേറ്റുള്‍പ്പെടെയുള്ള മേഖലകളില്‍നിന്ന് പണം പിന്‍വലിയുന്നതാണ് നിക്ഷേപമാകുന്നത്.”
കരൂര്‍ പഞ്ചായത്തിലെ ഒരു പ്രമുഖ സഹകരണബാങ്കിന്റെ നിക്ഷേപത്തിലും വര്‍ധനയുണ്ട്. വായ്പയിലെ വര്‍ധന എട്ടുകോടിയിലേറെ രൂപ. എന്നാല്‍, വായ്പക്കുടിശ്ശിക ഇരട്ടിയായി; അഞ്ചു ശതമാനത്തില്‍നിന്ന് 10 ശതമാനത്തിലേക്ക്. കാര്‍ഷികവായ്പകളുടെ തിരിച്ചടവാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ഇത് സഹകരണബാങ്കുകളെയാണ് ഏറെ ചുറ്റിക്കുന്നത്. പലിശയിളവു നല്‍കിയിട്ടും പിഴപ്പലിശ ഒഴിവാക്കിയിട്ടും തിരിച്ചടവ് കുറയുന്നതേയുള്ളൂ. പല ബാങ്കുകളും ഒരുശതമാനം പലിശയിളവു പ്രഖ്യാപിച്ചാണ് തിരിച്ചടവു പ്രോത്സാഹിപ്പിക്കുന്നത്. വായ്പാതിരിച്ചടവ് കാലാവധി ആറുമാസം നീട്ടിയും കൊടുക്കുന്നുണ്ട്.
ദിവസേനയുള്ള പണസമാഹരണംവഴി ബാങ്കുകള്‍ നടത്തിയിരുന്ന ചിട്ടികളും പ്രതിസന്ധിയിലാണ്. മാസത്തവണചിട്ടികള്‍ക്കും നല്ലകാലമല്ല. ഇക്കാരണത്താല്‍ വന്‍ സലയുള്ള ചിട്ടികള്‍ പുതുതായി തുടങ്ങുന്നില്ല. ഒരുലക്ഷത്തിന്റെ ചിട്ടികള്‍ക്കുപോലും വരിക്കാരെ കണ്ടെത്താന്‍ വിഷമം.

200 രൂപയ്ക്കു മുകളിലായാലേ തോട്ടംമേഖല രക്ഷപ്പെടൂ

റബ്ബര്‍ കിലോയ്ക്ക് 200 രൂപയ്ക്കു മുകളിലായാലേ തോട്ടംമേഖല രക്ഷപ്പെടൂവെന്ന് മലങ്കര എസ്‌റ്റേറ്റ് മാനേജരുടെ ചുമതലവഹിക്കുന്ന അസി. മാനേജര്‍ ബിജോ ബാബു. ചെറുകിടകര്‍ഷകരെപ്പോലെയല്ല തോട്ടങ്ങള്‍. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍കൂടിയാകുമ്പോള്‍ ഉത്പാദനച്ചെലവ് കൂടും. ഭൂനികുതി അഞ്ചിരട്ടിയോളം വര്‍ധിച്ചതും തോട്ടം മേഖലയെ വിഷമത്തിലാക്കുന്നു.
245 സ്ഥിരം തൊഴിലാളികളും 18 താത്കാലികക്കാരുമാണ് 1710 ഏക്കറുള്ള മലങ്കര എസ്‌റ്റേറ്റില്‍ ജോലിചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പിരിഞ്ഞുപോകാനാവശ്യപ്പെട്ട് കമ്പനി തൊഴിലാളികള്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. പുറത്തു വലിയ പ്രതിഷേധമുണ്ടായി. തോട്ടം പൂട്ടുന്നെന്ന തോന്നല്‍ പരന്നതോടെ തൊഴിലാളികള്‍ ഭയപ്പെടുകയും ചെയ്തു. എന്നാല്‍, പിരിച്ചുവിടലല്ല, സ്വയംവിരമിക്കല്‍ പദ്ധതിയാണു നടപ്പാക്കാനുദ്ദേശിച്ചതെന്ന് മാനേജര്‍ പറയുന്നു. നഷ്ടം സഹിച്ചാണ് ഇപ്പോഴും ടാപ്പിങ് നടത്തുന്നത്. എസ്‌റ്റേറ്റിലെ റബ്ബര്‍ ക്രമ്പായാണ് കൂടുതലും വില്‍ക്കുന്നത്. ആര്‍.എസ്.എസ്. 4നേക്കാള്‍ പത്തുരൂപയേ ഇതിനു കൂടുതല്‍ കിട്ടൂ. അത് ക്രമ്പാക്കുന്നതിനുള്ള ചെലവുകാശ് മാത്രമേയാകുന്നുള്ളൂവെന്നും ബിജോ ബാബു പറഞ്ഞു.


പഠനവും വിവാഹവും മുടക്കുന്ന റബ്ബര്‍വീഴ്ച

ഏഷ്യയിലെത്തന്നെ ആദ്യത്തെ മാതൃകാ റബ്ബര്‍ത്തോട്ടങ്ങളൊരുക്കിയത് കോതമംഗലത്തെ പാലമറ്റത്താണ്. അടുത്തകാലംവരെ അതില്‍ ചില മരങ്ങള്‍ അവിടെ കാണാനുണ്ടായിരുന്നു. പക്ഷേ, അവിടെയിപ്പോള്‍ റബ്ബര്‍ കുടിയൊഴിയാന്‍പോകുന്ന കാഴ്ചയാണ്. തെങ്ങുകൃഷിയിലേക്കു മാറുന്നവരുണ്ട്. കൈതച്ചക്കകൃഷിക്ക് സ്ഥലം വിട്ടുകൊടുത്തവരുമുണ്ട്. കണ്ണൂരിലും മറ്റും കശുമാവിന് വഴിമാറിയ റബ്ബര്‍ത്തോട്ടങ്ങളുണ്ട്.

ഇവിടത്തുകാര്‍ റബ്ബറിനെ കൈവിടണമെങ്കില്‍ അവര്‍ക്കു നേരിട്ട തിരിച്ചടി അത്രമേല്‍ മാരകമാകണമെന്ന് കൃഷിക്കാര്‍ പറയുന്നു. റബ്ബറാണിവിടത്തെ ജീവിതത്തെ വര്‍ണശബളമാക്കിയത്. എന്നാല്‍, വിലയിടിവ് ആ ജീവിതത്തെ തകര്‍ത്തു. വിവാഹങ്ങളെവരെയിതു ബാധിച്ചു. റബ്ബറിന്റെ സീസണില്‍ പ്രതീക്ഷവെച്ച് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്ന രീതിയാണുള്ളത്. വിവാഹം, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം പണം കണ്ടെത്തുന്നത് ഈ രീതിയിലായിരുന്നു പലയിടത്തും. പക്ഷേ, ബാങ്കുകളില്‍നിന്ന് ജപ്തിനോട്ടീസുകളുടെ പ്രവാഹമാണിപ്പോള്‍. കടംവീട്ടാന്‍ ത്രാണിയില്ലാതെ കൃഷിക്കാര്‍ വലയുന്നു. ആഡംബരമില്ലാതെ വിവാഹം നടത്തുന്നവരുടെ എണ്ണം കൂടുന്നു. വിവാഹാലോചനകള്‍ മുന്നോട്ടു മാറ്റിവെച്ച വീടുകളുമുണ്ട്.

ഈയവസ്ഥ മലയോരപ്രദേശങ്ങളിലെല്ലായിടവുമുണ്ട്. റബ്ബര്‍മേഖലയിലേക്കുള്ള വിവാഹാലോചനകളില്‍ കാര്യമായ ഇടിവുണ്ടെന്ന് ബ്യൂറോകളും ഇടനിലക്കാരും പറയുന്നു. തോട്ടമുള്ള വീടാണെന്നുപറഞ്ഞാല്‍ വരനു ജോലിയുണ്ടോയെന്ന ചോദ്യം മുമ്പുയര്‍ന്നിരുന്നില്ല. ഇപ്പോള്‍ തോട്ടമുള്ളത് ആര്‍ക്കും ആകര്‍ഷണമാകുന്നില്ല. വിദ്യാഭ്യാസരംഗത്തും മാറ്റം കാണാം. പാലായിലും പരിസരത്തുമുള്ള എട്ട് പബ്ലിക് സ്‌കൂളുകളില്‍നിന്ന് രണ്ട് അധ്യയനവര്‍ഷങ്ങളിലായി ഏറെ കുട്ടികള്‍ സംസ്ഥാന സിലബസ് സ്‌കൂളുകളിലേക്കു മാറി. വലിയ ഫീസ് താങ്ങാന്‍ സാധാരണക്കാര്‍ക്കു പറ്റാതായതാണു കാരണം.

തയ്യാറാക്കിയത്:
എസ്.ഡി. സതീശന്‍ നായര്‍
ഡി. അജിത് കുമാര്‍, ജോസഫ് മാത്യു,
കെ.ആര്‍. പ്രഹ്ലാദന്‍, ഹരി ആര്‍. പിഷാരടി

പ്രതികരണങ്ങള്‍
www.mathrubhumi.com-ല്‍ രേഖപ്പെടുത്തുക

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: