Archive for മേയ് 21st, 2015|Daily archive page

കുന്നുപോലെ ഇറക്കുമതി റബ്ബര്‍ 21-05-2015

ലോക വ്യാപാരസംഘടന(ഡബ്ല്യു.ടി.ഒ.)യില്‍ അംഗമായിരിക്കുകയും ഗാട്ട് കരാറില്‍ ഒപ്പിടുകയും ചെയ്തതോടെ റബ്ബറിന്റെ ഇറക്കുമതി തടയാന്‍ രാജ്യത്തിന് കഴിയില്ല. ഇറക്കുമതിയുടെ അളവും നിയന്ത്രിക്കാന്‍ കഴിയില്ല. മനുഷ്യസസ്യമൃഗജൈവ നാശം, ദേശീയ സുരക്ഷാ പ്രതിസന്ധി തുടങ്ങിയവയില്‍ ഏതെങ്കിലും ചൂണ്ടിക്കാട്ടിയാലേ ഇളവ് ലഭിക്കുകയുള്ളൂ. വിലത്തകര്‍ച്ചയൊന്നും ഇറക്കുമതി നിയന്ത്രിക്കാവുന്ന ഒരു കാരണമേയല്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നത്തിന് ചുമത്താവുന്ന കസ്റ്റംസ് തീരുവ(അപ്ലൈഡ് റേറ്റ് ഓഫ് ബേസിക് കസ്റ്റംസ് ഡ്യൂട്ടി)യ്ക്കും പരിധിയുണ്ട്. സ്വാഭാവിക റബ്ബറിന്റെ എല്ലാ ഉണങ്ങിയ രൂപങ്ങള്‍ക്കും ഇപ്പോഴത്തെ ബൗണ്ട് റേറ്റ് 25 ശതമാനമാണ്. എന്നിട്ടും രണ്ടാഴ്ച മുമ്പുവരെ ഇന്ത്യ 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയേ ഈടാക്കിയിരുന്നുള്ളൂ. കേരളത്തില്‍നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്ന കാലത്തായിരുന്നു ഇതെന്ന് ഓര്‍ക്കണം.
കിലോയ്ക്ക് 25 ശതമാനം അല്ലെങ്കില്‍ 30 രൂപ, ഏതാണോ കുറവ് അതാണ് മെയ് മുതല്‍ തീരുവയായി ഈടാക്കുന്നത്. റബ്ബര്‍ കര്‍ഷകരെ സംബന്ധിച്ച് അല്‍പ്പം ആശ്വാസമുണ്ടാക്കുന്ന തീരുമാനമാണിത്. ഇന്ത്യയില്‍ റബ്ബര്‍ കുന്നുകൂടുന്നെന്ന് (ഡമ്പിങ്) സ്ഥാപിക്കാന്‍ രണ്ട് സാഹചര്യങ്ങളേയുള്ളൂ: ഒന്നുകില്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്ന രാജ്യത്തെ വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് അവര്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതെന്ന് തെളിയിക്കണം. അല്ലെങ്കില്‍ അവിടത്തെ ഉത്പാദനച്ചെലവിനെക്കാള്‍ കുറഞ്ഞവിലയ്ക്കാണ് അവര്‍ കയറ്റുമതിചെയ്യുന്നതെന്ന് കാണിക്കണം. ഉദാഹരണത്തിന് ബാങ്കോക്കില്‍ ഉത്പാദനച്ചെലവോ വിലയോ കിലോയ്ക്ക് നൂറുരൂപയെന്ന് കരുതുക. അവര്‍ 90 രൂപയ്ക്കാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതെങ്കില്‍ വ്യത്യാസം വരുന്ന നിരക്ക് തീരുവയായി ചുമത്താന്‍ ഇന്ത്യക്ക് കഴിയും. ഇതുപക്ഷേ, വളരെ അവ്യക്തമായ ഒരു വ്യവസ്ഥയാണ്. അവരുടെ ഉത്പാദനച്ചെലവ് എത്രയെന്ന് അവര്‍ പറയുന്നത് വിശ്വസിക്കാനേ കഴിയൂ.
റബ്ബര്‍പ്പാലിന് (ലാറ്റക്‌സ്) നാം ബൗണ്ട് റേറ്റൊന്നും ലോകവ്യാപാര സംഘടനയ്ക്ക് നല്‍കിയിട്ടില്ല. അതിനാല്‍ ഇതിനുള്ള ഇറക്കുമതിത്തീരുവ എത്രവേണമെങ്കിലും കൂട്ടാം. ഇപ്പോഴിത് കിലോയ്ക്ക് 70 ശതമാനം അല്ലെങ്കില്‍ 49 രൂപ, ഏതാണോ കുറവ് അതാണ്. എന്നാല്‍, ഇന്ത്യ കാര്യമായതോതില്‍ ലാറ്റക്‌സ് ഇറക്കുമതി ചെയ്യുന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ഒക്ടോബര്‍ കാലയളവില്‍ മൊത്തം ഇറക്കുമതി ചെയ്യപ്പെട്ട 2,63,700 ടണ്‍ സ്വാഭാവിക റബ്ബറില്‍ ലാറ്റക്‌സിന്റെ വിഹിതം വെറും 3600 ടണ്‍ മാത്രമാണെന്ന് ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതിയംഗവും മുന്‍ എം.എല്‍.എ.യുമായ പി.സി. ജോസഫ് പറയുന്നു.

കൂനിപ്പോകുന്നത് കര്‍ഷകന്‍

ഇന്ത്യയ്ക്ക് ആവശ്യമായതിലധികം റബ്ബര്‍ ഇറക്കുമതിചെയ്ത് സംഭരിച്ച് ആഭ്യന്തരവിപണിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന തന്ത്രമാണ് വന്‍കിട വ്യവസായികള്‍ സ്വീകരിച്ചുവരുന്നത്. വാങ്ങാനാളില്ലാതെവരുമ്പോള്‍ സ്വാഭാവികമായും വില കുറയും. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വ്യത്യാസം കേവലം ഒരു ലക്ഷം ടണ്‍ മാത്രമായിരിക്കെയാണ് 2014’15ല്‍ 4.15 ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതിചെയ്തത്. 2013’14ല്‍ ഇത് 3.60 ലക്ഷം ടണ്ണായിരുന്നു. കുറഞ്ഞവിലയ്ക്ക് ഇറക്കുമതിചെയ്യുന്ന റബ്ബര്‍ ആവശ്യത്തില്‍ കൂടുതല്‍ സ്‌റ്റോക്ക്‌ചെയ്താല്‍ ഇവിടത്തെ റബ്ബര്‍ ആരുവാങ്ങും? റബ്ബര്‍ വാങ്ങാനാളില്ലാതായതോടെ പലരും ടാപ്പിങ് നിര്‍ത്തി. ഒരു റബ്ബര്‍ വെട്ടി പാലെടുക്കാന്‍ രണ്ടുമുതല്‍ രണ്ടര രൂപവരെയാണ് കൂലി. ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് വെട്ടുകൂലി കൊടുക്കാന്‍ കര്‍ഷകന്‍ കഷ്ടപ്പെടും. അതിനാലാണ് പലരും വെട്ടുനിര്‍ത്തിയത്.

വരവിനും പോക്കിനും ഇടയില്‍

ഇറക്കുമതിചെയ്യുന്ന റബ്ബര്‍ എത്രയാണോ അത് ഉത്പന്നമാക്കി മാറ്റിയശേഷം കയറ്റിയയയ്ക്കുമ്പോള്‍ കൊണ്ടുവന്ന റബ്ബറിന്റെ അളവിന് തുല്യമായ റബ്ബറിന് ഡ്യൂട്ടി ഒഴിവാക്കിനല്‍കാറുണ്ട്. ഇറക്കുമതിക്കും കയറ്റുമതിക്കും ഇടയിലുള്ള കാലയളവ് ഇതുവരെ 18 മാസമായിരുന്നത് ആറുമാസമാക്കി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ആറുമാസമായിരുന്നത് യു.പി.എ. സര്‍ക്കാറാണ് 18 മാസമാക്കിയത്. അധികമായി റബ്ബര്‍ ഇറക്കുമതിചെയ്ത് സൂക്ഷിക്കുന്ന വന്‍കിട വ്യവസായികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് ഇപ്പോഴത്തേത്. കാരണം, കൊണ്ടുവരുന്ന റബ്ബര്‍ എത്രയുംവേഗം ടയറോ മറ്റ് റബ്ബര്‍ ഉത്പന്നങ്ങളോ ആക്കിമാറ്റി കയറ്റുമതിചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇത് ആഭ്യന്തര വിപണിയില്‍നിന്ന് റബ്ബര്‍ വാങ്ങാന്‍ അവരെ പ്രേരിപ്പിച്ചേക്കാം.
കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഘടനയില്‍വന്ന മാറ്റം തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും ഉത്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ സ്വാഭാവിക റബ്ബറുത്പാദനം 2013’15ല്‍ 7,74,000 ടണ്ണായി കുറഞ്ഞു. കേരളത്തില്‍ അതേവര്‍ഷം 6,48,220 ടണ്ണായി ഉത്പാദനം കുറഞ്ഞെന്നാണ് റബ്ബര്‍ബോര്‍ഡിന്റെ കണക്ക്.
മധ്യകേരളത്തിന്റെ രാഷ്ടീയ ഭാഗധേയം നിര്‍ണയിക്കുന്നത് റബ്ബറാണ്. എന്നിട്ടും കര്‍ഷകരോദനങ്ങള്‍ ആരും ചെവിക്കൊള്ളാതെപോയത് എന്തുകൊണ്ടാണ്? റബ്ബര്‍പ്രശ്‌നം ചോദിച്ചാല്‍ സാധാരണ രാഷ്ട്രീയക്കാര്‍ പറയുന്ന ഒരു കാര്യമുണ്ട്’വളരെ വിലകുറച്ച് റബ്ബര്‍ പുറത്തുനിന്ന് കൊണ്ടുവരാമെങ്കില്‍പ്പിന്നെ എന്തുചെയ്യാനാണ്? വിലകുറഞ്ഞത് കിട്ടിയാല്‍ ആരാണ് വാങ്ങാത്തത്’ എന്നാണ് ന്യായം. പക്ഷേ, എങ്ങനെ ഈ സാഹചര്യമുണ്ടായി എന്നാണ് വിലയിരുത്തപ്പെടേണ്ടത്; ഇനി എന്തുചെയ്യാനാവുമെന്നും.

ഗുണം കൂട്ടാം നമുക്കാദ്യം; വിസ്തൃതി പിന്നെപ്പോരേ?

നിലവിലെ സാഹചര്യത്തില്‍ കൃഷിവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഉദ്യമത്തെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഉത്പാദിപ്പിക്കുന്ന റബ്ബറിന്റെ ഗുണനിലവാരവര്‍ധന, ഉത്പന്നവികസനം, വിപണിവികസനം, കയറ്റുമതി എന്നിവയ്ക്കാണ്. എന്നാല്‍, റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നേരേ തിരിച്ചാണ്. 11ാം പഞ്ചവത്സര പദ്ധതിക്കാലത്ത് റബ്ബര്‍ത്തോട്ട വികസനത്തിന് 240 കോടി കണക്കാക്കിയയിടത്ത് 309.45 കോടി ചെലവിട്ടു. ഗവേഷണത്തിന് 60 കോടി അനുമതിയായപ്പോള്‍ 85.94 കോടി ചെലവഴിച്ചു. മാനവശേഷി വികസനത്തിന് 42 കോടി കണക്കാക്കിയതിനെക്കാള്‍ മൂന്നുകോടി കൂടുതല്‍ ചെലവാക്കി. വടക്കുകിഴക്കന്‍ മേഖലയിലെ റബ്ബര്‍ വികസനത്തിന് 150 കോടി വേണ്ടിവരുമെന്ന് കരുതിയിട്ട് 163 കോടിയായി.
അതേസമയം, റബ്ബറിന്റെ ഗുണനിലവാരവര്‍ധന, ഉത്പന്നവികസനം, പ്രൊസസിങ് എന്നിവയ്ക്ക് 44 കോടിയേ കണക്കാക്കിയുള്ളൂ. അതില്‍ത്തന്നെ ചെലവായത് 27.42 കോടി.
വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനും 11ാം പദ്ധതിയില്‍ 44 കോടി ഉള്‍ക്കൊള്ളിച്ചതില്‍ 33.57 കോടിയേ ചെലവഴിച്ചുള്ളൂ.
നിലവിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത്തരത്തിലാണെങ്കില്‍ ഉത്പന്നഗുണനിലവാരം ഉയരുകയും വിപണിയില്‍ ഇന്ത്യന്‍ റബ്ബര്‍ മുന്നോട്ടുകുതിക്കുകയും ചെയ്യുന്നത് എളുപ്പമല്ല.

വിലസ്ഥിരതാ ഫണ്ട് 1011.69 കോടി; കര്‍ഷകര്‍ക്ക് നല്‍കിയത് 1.53 കോടി

റബ്ബര്‍, ചായ, കാപ്പി, പുകയില തുടങ്ങിയവയുടെ ആഗോള, ദേശീയ വില താഴുമ്പോള്‍ കര്‍ഷകര്‍ക്ക് സഹായംനല്‍കാന്‍ ലക്ഷ്യമിട്ട് 2003ല്‍ വാജ്‌പേയി സര്‍ക്കാര്‍ ഉണ്ടാക്കിയ വിലസ്ഥിരതാഫണ്ടില്‍ ഇപ്പോള്‍ 1011.69 കോടി രൂപയുണ്ട്. എന്നാല്‍, 10 വര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ഇതില്‍നിന്ന് നല്‍കിയത് വെറും 1.53 കോടി രൂപ. രാജ്യസഭയില്‍ മന്ത്രി നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തിയതാണിത്.
സര്‍ക്കാറിന്റെ ഒറ്റത്തവണത്തെ സംഭാവനയായിരുന്നു 435 കോടി രൂപ. പദ്ധതിയില്‍ അംഗങ്ങളായ ചെറുകിട കര്‍ഷകര്‍ പ്രവേശനഫീസായി 500 രൂപ അടയ്ക്കുകയും പ്രത്യേക സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു. നാല് ഹെക്ടറോ അതില്‍ത്താഴെയോ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് സഹായം നല്‍കുകയായിരുന്നു ലക്ഷ്യം. ഏഴുവര്‍ഷത്തെ അന്താരാഷ്ട്രവില കണക്കാക്കി ഓരോ കാര്‍ഷികവിളയ്ക്കും വിലനിലവാര ബാന്‍ഡ് നിശ്ചയിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ദുരിതമുണ്ടാകുന്ന വര്‍ഷം ഒരു കര്‍ഷകന് 1,000 രൂപ എന്നതോതില്‍ നിധിയിലേക്ക് സര്‍ക്കാര്‍ പണമടയ്ക്കാനും സ്‌കീമില്‍ വിഭാവനംചെയ്തിരുന്നു.
പദ്ധതി പുനരവലോകനംചെയ്ത് ഇന്‍ഷുറന്‍സ് അധിഷ്ഠിതമായ പുതിയൊരു പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്.

ധനശാസ്ത്രതത്ത്വത്തിനും പിടിതരാതെ

ആവശ്യത്തിനൊത്ത് ലഭ്യതയില്ലെങ്കില്‍ ഏതൊരു വസ്തുവിന്റെയും വില കൂടും എന്നതാണ് സാമാന്യ സാമ്പത്തികതത്ത്വം. എന്നാല്‍, സ്വാഭാവിക റബ്ബറിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി കൗതുകകരമാണ്. രാജ്യത്തെ വ്യവസായങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ 50,000 മുതല്‍ 60,000 വരെ ടണ്‍ റബ്ബര്‍ കുറവാണ് ആഭ്യന്തര ഉത്പാദനം. എന്നിട്ടും വില കുറയുന്നു. ഇതിനുകാരണം ആഭ്യന്തരവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അന്താരാഷ്ട്രവിപണിയില്‍നിന്ന് ഇറക്കുമതിചെയ്യാനാവുന്നു എന്നതാണ്. അതായത് ആഭ്യന്തര ഉത്പാദനം കുറവാണെങ്കിലും സ്വാഭാവിക റബ്ബറിന്റെ ലഭ്യതയ്ക്ക് കുറവില്ല.
ഇതിന്റെ നേരനുപാതത്തില്‍ത്തന്നെയാണ് ഇന്ത്യയിലെ റബ്ബര്‍ വ്യവസായമേഖലയുടെ കൗതുകകരമായ അവസ്ഥയും. അസംസ്‌കൃതവസ്തുക്കള്‍ക്ക് വില കുറഞ്ഞാല്‍ ഏതൊരു ഉത്പന്നത്തിന്റെയും വില കുറയണം. പക്ഷേ, ആഭ്യന്തരവിപണിയിലും ആഗോളവിപണിയിലും റബ്ബര്‍വില 60 ശതമാനംവരെ കുറഞ്ഞിട്ടും ഇന്ത്യയില്‍ ടയര്‍ ഉള്‍പ്പെടെ ഒരു റബ്ബറുത്പന്നത്തിന്റെയും വില കുറയുന്നില്ല.
ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. സ്വാഭാവിക റബ്ബര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകന് അതിന്റെ വിലനിര്‍ണയത്തിന് യാതൊരു അവകാശവുമില്ല. കിട്ടുന്ന വിലയ്ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. അതേസമയം, ഉത്പന്നങ്ങളുണ്ടാക്കുന്ന വ്യവസായികള്‍തന്നെയാണ് അതിന്റെ വില നിശ്ചയിക്കുന്നത്. അവര്‍ക്ക് തോന്നിയ വിലയ്ക്ക് മാത്രമേ വില്‍ക്കൂ. ചുരുക്കത്തില്‍ സ്വാഭാവിക റബ്ബറിന്റെയും റബ്ബറുത്പന്നങ്ങളുടെയും വിലനിയന്ത്രണം വ്യവസായികളുടെ കൈയില്‍ത്തന്നെയാണ്. സ്വാഭാവിക റബ്ബറിന് പരമാവധി വിലയിടിച്ച് കര്‍ഷകന്റെ ചെലവില്‍ അമിതലാഭം കൊയ്യുകയാണ് വ്യവസായികള്‍ എന്ന ആരോപണം ഉയരുന്നത് ഇവിടെയാണ്.


തുറമുഖം തുറന്ന കര്‍ഷകസ്‌നേഹം

2001 ഡിസംബര്‍. ഡല്‍ഹിയിലെ ഒരു തണുത്ത പ്രഭാതത്തില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലിനെ കാണാന്‍ കേരളത്തില്‍നിന്ന് ഏതാനും കര്‍ഷകപ്രതിനിധികള്‍ എത്തുന്നു. ഫ്രാന്‍സിസ് ജോര്‍ജും പി.സി. തോമസും അന്ന് എം.പി.മാരാണ്. ഇവരെക്കൂടി കൂട്ടിയാണ് കര്‍ഷകപ്രതിനിധികള്‍ രാജഗോപാലിനെ കാണാനെത്തുന്നത്. റബ്ബര്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലം. റബ്ബറിന്റെ ഇറക്കുമതി ഒന്നോ രണ്ടോ തുറമുഖങ്ങളില്‍ക്കൂടി മാത്രമാക്കണം എന്നതാണ് ആവശ്യം. അന്താരാഷ്ട്ര കരാറുകള്‍ നിലവിലുള്ളതിനാല്‍ ഇറക്കുമതി നിയന്ത്രിക്കുക സാധ്യമല്ല. പക്ഷേ, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ചുള്ള ഗുണനിലവാരം നിഷ്‌കര്‍ഷിക്കാം. ഇറക്കുമതിചെയ്യുന്ന റബ്ബറിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ റബ്ബര്‍ ബോര്‍ഡിന് കഴിയും. ഒന്നോ രണ്ടോ തുറമുഖങ്ങള്‍വഴി മാത്രമാണ് റബ്ബര്‍ എത്തുന്നതെങ്കില്‍ പരിശോധന കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുംആവശ്യത്തിനുപിന്നിലെ കാരണമതാണ്. ഏതായാലും മന്ത്രി സഹായിച്ചു. 2001 ഡിസംബര്‍ 12ന് ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ബി.ഐ.എസ്. നിബന്ധനകള്‍ പാലിച്ചുള്ളവയാകണമെന്ന ഉത്തരവിറങ്ങി. ഒരാഴ്ചയ്ക്കുശേഷം 19ന് കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളില്‍ക്കൂടി മാത്രമേ ഇറക്കുമതി പാടുള്ളൂ എന്ന ഉത്തരവും ഉണ്ടായി. തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നാണ് പ്രധാന ഇറക്കുമതിയെന്നതിനാലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള തുറമുഖങ്ങള്‍ തിരഞ്ഞെടുത്തത്.
ഇതുകൊണ്ട് പല നേട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഗുണനിലവാരം ഉറപ്പാക്കപ്പെടുന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. തീരുവ കൊടുത്ത് കൊല്‍ക്കത്തയിലോ വിശാഖപട്ടണത്തോ ഇറക്കുമതി ചെയ്യുന്ന റബ്ബര്‍, വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തുമ്പോള്‍ ഗതാഗതം ഉള്‍പ്പെടെയുള്ള ചെലവുകളും ഉണ്ടാകും. ഇതിനെക്കാള്‍ ലാഭം ആഭ്യന്തരവിപണിയില്‍നിന്ന് റബ്ബര്‍ വാങ്ങുന്നതാണ് എന്ന സ്ഥിതിവരും.
ഇതിനെതിരെ പ്രമുഖ ടയര്‍ കമ്പനി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുറമുഖ നിയന്ത്രണം എടുത്തുകളയണം എന്നായിരുന്നു അവരുടെ ആവശ്യം. ഗുണനിലവാര പരിശോധന വൈകുന്നതിനാല്‍ യഥാസമയം ഉത്പാദനം നടത്താന്‍ കഴിയുന്നില്ലെന്നും ഇവര്‍ വാദിച്ചു. എന്നാല്‍, കേസ് കോടതി തള്ളി. ഇതിനെതിരെ കമ്പനി സുപ്രീംകോടതിയിലെത്തി. 2004ല്‍ അധികാരത്തില്‍വന്ന യു.പി.എ. സര്‍ക്കാര്‍ എല്ലാ തുറമുഖങ്ങളും ഇറക്കുമതിക്ക് തുറന്നുകൊടുത്തതായി ഇന്‍ഫാം നേതാവ് ഡോ. എം.സി. ജോര്‍ജ് പറയുന്നു. റബ്ബര്‍ മേഖലയ്‌ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു അത്.

തയ്യാറാക്കിയത്:
എസ്.ഡി. സതീശന്‍ നായര്‍
ഡി. അജിത് കുമാര്‍, ജോസഫ് മാത്യു,
കെ.ആര്‍. പ്രഹ്ലാദന്‍, ഹരി ആര്‍. പിഷാരടി


പ്രതികരണങ്ങള്‍
www.mathrubhumi.com-ല്‍ രേഖപ്പെടുത്തുക