Archive for മേയ് 23rd, 2015|Daily archive page

സംഭരണത്തില്‍ സംഭവിച്ചത് 23-05-2015

റബ്ബര്‍വില കുത്തനെ താഴോട്ടു പോയപ്പോഴാണ് സര്‍ക്കാര്‍ സംഭരണം പ്രഖ്യാപിച്ചത്. ആര്‍.എസ്.എസ്.(റിബ്ഡ് സ്‌മോക്ഡ് ഷീറ്റ്)4ന്റെ കോട്ടയത്തെ വിലയെക്കാള്‍ രണ്ടുരൂപ കൂട്ടി സംഭരിക്കാനായിരുന്നു ആദ്യതീരുമാനം. റബ്ബര്‍, ജനറല്‍ മാര്‍ക്കറ്റിങ് ഫെഡറേഷനുകളെയാണ് ചുമതലയേല്‍പ്പിച്ചത്. സര്‍ക്കാറിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെട്ട തീരുമാനമായിരുന്നു ഇത്. റബ്ബര്‍വില 125 രൂപയിലെത്തിയപ്പോഴാണ് സംഭരണം പ്രഖ്യാപിച്ചത്. രണ്ടുരൂപവീതം കൂട്ടി സംഭരിച്ചാല്‍ ദിവസേന രണ്ടുരൂപവീതം വിലകയറുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, നഗരങ്ങളില്‍ മാത്രമുള്ള സംഭരണകേന്ദ്രങ്ങളിലേക്ക് റബ്ബറുമായി കര്‍ഷകര്‍ വന്നില്ല. നാട്ടിന്‍പുറങ്ങളില്‍നിന്ന് വണ്ടിവിളിച്ചോ സ്വന്തം വാഹനത്തിലോ വേണം റബ്ബര്‍ കൊണ്ടുവരാന്‍. നൂറുകിലോ കൊണ്ടുചെന്നാലും മാര്‍ക്കറ്റ് വിലയെക്കാള്‍ ഇരുനൂറുരൂപയേ കിട്ടൂ. ഇതു വണ്ടിക്കൂലിക്കു തികയില്ലെന്നുവന്നതോടെയാണ് സംഭരണത്തിന്റെ ആദ്യഘട്ടം പൊളിഞ്ഞത്; കൂടാതെ സ്ഥിരം സര്‍ക്കാര്‍ കലാപരിപാടികളും. കരംകെട്ടിയ രസീത്, റബ്ബര്‍ ബോര്‍ഡ് രജിസ്‌ട്രേഷന്‍ തുടങ്ങി നിബന്ധനകള്‍ നീണ്ടു. തൂക്കിലേറ്റിയവനെ വെടിവെച്ചും കൊല്ലുന്ന സ്ഥിതി. കര്‍ഷകരെ തത്കാലമൊന്നു പ്രീണിപ്പിച്ചുനിര്‍ത്താനുള്ള ഒരു നടപടിമാത്രമായി ഇതു ചുരുങ്ങി. മാത്രമല്ല, റബ്ബര്‍ സംഭരിക്കുന്നതിന് ഏജന്‍സികള്‍ കയറ്റിറക്കുകൂലി കൈയില്‍നിന്നു മുടക്കേണ്ടിവരികയും ചെയ്തു. ഇപ്പോഴും പലര്‍ക്കും കുടിശ്ശിക തീര്‍ത്തുകിട്ടാനുണ്ട്.
ഇക്കാലയളവില്‍ അന്താരാഷ്ട്ര റബ്ബര്‍വില വീണ്ടും താഴേക്കുപോയി. റബ്ബര്‍മേഖലകളില്‍നിന്ന് വീണ്ടും സമ്മര്‍ദമുണ്ടായി. അഞ്ചുരൂപ കൂട്ടിസംഭരിക്കാമെന്നായി സര്‍ക്കാര്‍. പക്ഷേ, ആ തീരുമാനവും മുമ്പത്തെപ്പോലെ ചീറ്റിപ്പോയി. അപ്പോഴേക്കും റബ്ബര്‍വെട്ടില്‍നിന്ന് കര്‍ഷകര്‍ പലരും പിന്തിരിഞ്ഞിരുന്നു. ആഭ്യന്തരമാര്‍ക്കറ്റില്‍ ലഭ്യത കുറയുകയും ചെയ്തു.


ഉണ്ടാക്കാന്‍ ചെലവ് കൂടുതല്‍; ഉണ്ണാന്‍ വക കിട്ടില്ല

റബ്ബര്‍ ഒരു വൃക്ഷവിളയാണ്. ആറുമുതല്‍ എട്ടുവരെ വര്‍ഷം പരിചരിച്ച് പാകമായശേഷമേ വിളവെടുപ്പിനു തയ്യാറാകൂ. ഇടയ്ക്ക് വിലയിടിഞ്ഞാല്‍ മരങ്ങള്‍വെട്ടി വേറെ കൃഷിചെയ്യാന്‍ കര്‍ഷകന് പെട്ടെന്നു കഴിയില്ല. കാരണം, കുറേ ലക്ഷങ്ങള്‍ അതിനകം മുടക്കിയിരിക്കും. വിലയിടിവ് ഒരു ചാക്രികപ്രതിഭാസമാണെന്ന് റബ്ബര്‍ ബോര്‍ഡും പറയുന്നു. അതിനെ വിശ്വസിച്ച് വിലയിടിയുമ്പോഴും ഭാവിയില്‍ വിലകൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ കഴിയുന്നു.
*2009ല്‍ ചെറുകിടകര്‍ഷകന് ഒരു കിലോ റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ 51 രൂപ ചെലവുവന്നിരുന്നു
*അന്ന്, ഒരു ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ത്തൈകള്‍ നട്ട് ആറുവര്‍ഷം പരിപാലിച്ച് വെട്ടുപ്രായമാക്കിയെടുക്കുമ്പോള്‍ 98,000 രൂപ ചെലവായിരുന്നു.
*ഇന്ന് ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കി ആറുവര്‍ഷം പരിപാലിക്കുമ്പോള്‍ 2,73,000 രൂപയാണു ചെലവ്.
*കര്‍ഷകത്തൊഴിലാളികളുടെ കൂലി അഞ്ചുവര്‍ഷംകൊണ്ട് 300ല്‍നിന്ന് 600 ആയി വര്‍ധിച്ചു.
*ടാപ്പിങ് കൂലി രണ്ടിരട്ടി കൂടി. 2008ല്‍ വെട്ടുകൂലി 80 പൈസയായിരുന്നത് 2015ല്‍ രണ്ടുരൂപയിലെത്തി.
(റബ്ബര്‍ ഏഷ്യ ജേര്‍ണല്‍)
വളം, കീടനാശിനി, ചിരട്ട, കമ്പി, ആസിഡ്, പാത്രങ്ങള്‍, റെയിന്‍ ഗാര്‍ഡ്, റോളര്‍ചെലവ്, പുകയ്ക്കല്‍ ചെലവ്, വാഹനച്ചെലവ് എന്നിങ്ങനെ ഉത്പാദനത്തിനുവേണ്ടിവരുന്ന മുതല്‍മുടക്ക് പലതരത്തിലാണ്.
രണ്ടരയേക്കര്‍ കൃഷിയുള്ള ഒരാള്‍ക്ക് വീട്ടുചെലവിന് ദിവസം 1000 രൂപയെങ്കിലും കിട്ടണ്ടേ. റബ്ബറിന്റെ വില 150 രൂപയില്‍ കുറഞ്ഞുനിന്നാല്‍ അതു കിട്ടില്ല. ഈ രണ്ടരയേക്കര്‍ മറ്റേതെങ്കിലും കാര്യത്തിനുപയോഗിച്ചാല്‍ കിട്ടുന്ന വരുമാനവുമായി ഒരു താരതമ്യവുമില്ല എന്നോര്‍ക്കണം. ഉത്പാദനത്തിന് ഭീമമായ ചെലവുവരുമ്പോഴും വരുമാനം കുറവാണെങ്കില്‍ വീടുകള്‍ പട്ടിണിയാവാതെ വഴിയില്ല

റബ്ബര്‍ ഗ്രേഡിങ്

പ്രകൃതിദത്ത റബ്ബറിന് ആദ്യമായി തരംതിരിവുകള്‍ നിര്‍ദേശിച്ചത് ന്യൂയോര്‍ക്കിലെ റബ്ബര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആര്‍.എം.എ.) എന്ന സംഘടനയാണ്. 1960ല്‍ നിയമാവലി പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് റബ്ബര്‍ഷീറ്റുകളെ ആറ് ഗ്രേഡുകളാക്കി തരംതിരിച്ചു.
ആര്‍.എസ്.എസ്. 1ഃ, ആര്‍.എസ്.എസ്. 1, ആര്‍.എസ്.എസ്. 2, ആര്‍.എസ്.എസ്. 3, ആര്‍.എസ്.എസ്. 4, ആര്‍.എസ്.എസ്. 5 എന്നിവയാണത്.
ആര്‍.എസ്.എസ്. എന്നാല്‍ റിബ്ഡ് സ്‌മോക്ക്ഡ് ഷീറ്റ് (പുകച്ചുണങ്ങിയ പൊഴികളുള്ള ഷീറ്റ്).
റബ്ബര്‍ഷീറ്റിന്റെ നിറം, കരട്, മറ്റു മാലിന്യങ്ങള്‍ എന്നിവയുടെ തോത്, ഷീറ്റിന്റെ ബലം, പുകയുടെ അളവ്, ഉണക്ക്, കുമിളകള്‍, ഒട്ടല്‍, സുതാര്യത തുടങ്ങിയവയുടെ ഏറ്റക്കുറച്ചിലാണ് റബ്ബര്‍ഷീറ്റ് തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. ഷീറ്റുകള്‍ സൂര്യപ്രകാശത്തിനെതിരെ പിടിച്ചുനോക്കിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.
ആര്‍.എസ്.എസ്. 1 ഃ,
ആര്‍.എസ്.എസ്. 1
നല്ലതുപോലെ ഉണങ്ങിയ, കരടോ മാലിന്യങ്ങളോ ഇല്ലാത്തതും ഒരേയളവില്‍ പുകച്ചതും സുതാര്യവുമായിരിക്കണം ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍. സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആവണം. മങ്ങിയതോ അമിതമായി പുകച്ചതോ ആയ ഷീറ്റുകള്‍ ഈ ഗ്രേഡില്‍ അനുവദനീയമല്ല. ആര്‍. എസ്.എസ്. 1ഃ ഗ്രേഡിന് മാസ്റ്റര്‍ സാമ്പിളുകള്‍ ലഭ്യമല്ല.
ആര്‍.എസ്.എസ്. 2
വളരെ ചെറിയ കുമിളകള്‍, പട്ടയുടെ ഒന്നോ രണ്ടോ പൊടിക്കരടുകള്‍ എന്നിവ അനുവദനീയമാണ്. പക്ഷേ, ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും ബലമുള്ളതും സുതാര്യവുമായിരിക്കണം.
ആര്‍.എസ്.എസ്. 3
പട്ടയുടെ ചെറിയ പൊടിക്കരടുകള്‍, ചെറിയ കുമിളകള്‍ എന്നിവ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ അനുവദനീയമാണ്. അല്പം നിറംമങ്ങിയ ഷീറ്റുകള്‍ ഈ ഗ്രേഡില്‍പ്പെടുത്താം.
ആര്‍.എസ്.എസ്. 4
നേരിയതോതില്‍ പൊടിക്കരടുകള്‍, കുമിളകള്‍, റീപ്പര്‍മാര്‍ക്ക് എന്നിവ അനുവദനീയമാണ്. നേരിയതോതില്‍ ഒട്ടലുള്ള ഷീറ്റുകളും ഈയിനത്തില്‍പ്പെടുത്താം. പുക കൂടുതലുള്ളതാണെങ്കിലും സുതാര്യമാണെങ്കില്‍ ഈയിനത്തില്‍പ്പെടുത്താം. പൊള്ളിയതോ ഉരുകിയതോ ബലക്കുറവുള്ളതോ കരിഞ്ഞതോ ആയ ഷീറ്റുകള്‍ പാടില്ല.
ആര്‍.എസ്.എസ്. 5
ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ ചെറിയ കരടുകള്‍, കുമിളകള്‍, റീപ്പര്‍ മാര്‍ക്ക്, ഒട്ടല്‍ എന്നിവ അനുവദനീയമാണ്. പുകക്കൂടുതലുള്ള ഷീറ്റുകള്‍, ഉരുകിയ ഷീറ്റുകള്‍, സുതാര്യമല്ലാത്ത ഷീറ്റുകള്‍, കറുത്ത ഷീറ്റുകള്‍ എന്നിവയും ഈ ഇനത്തില്‍ ഉള്‍പ്പെടുത്താം.

കൃത്രിമറബ്ബര്‍ അഥവാ സിന്തറ്റിക് റബ്ബര്‍

രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രകൃതിദത്ത റബ്ബറിന് ക്ഷാമമനുഭവപ്പെട്ടതോടെയാണ് കൃത്രിമറബ്ബര്‍ വികസിപ്പിച്ചെടുത്തത്. ഇവയെ ജനറല്‍ പര്‍പ്പസ് റബ്ബര്‍ എന്നും സ്‌പെഷ്യാലിറ്റി റബ്ബര്‍ എന്നും തരംതിരിച്ചിട്ടുണ്ട്. 14 ഇനം കൃത്രിമറബ്ബറുകള്‍ നിലവിലുണ്ട്. ക്രൂഡ് ഓയിലാണ് കൃത്രിമറബ്ബര്‍ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മൂന്ന് കൃത്രിമറബ്ബര്‍ ഫാക്ടറികളാണുള്ളത്. ആഗോളവിപണിയിലുപയോഗിക്കുന്ന റബ്ബറിന്റെ 70 ശതമാനവും സിന്തറ്റിക് റബ്ബര്‍ ആണ്.
ടെക്‌നിക്കലി സ്‌പെസിഫൈഡ് റബ്ബര്‍ (ബ്ലോക്ക് റബ്ബര്‍)
പ്രകൃതിദത്ത റബ്ബറിന് വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കൃത്രിമറബ്ബറിനൊപ്പം ആകര്‍ഷകമായ രൂപവും സാങ്കേതികമായ തരംതിരിവും ആവശ്യമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ടെക്‌നിക്കലി സ്‌പെസിഫൈഡ് റബ്ബര്‍ എന്ന, സാങ്കേതികമായി ഗുണനിര്‍ണയം നടത്താവുന്ന പ്രകൃതിദത്ത റബ്ബര്‍ വികസിപ്പിച്ചെടുത്തത്. നൂതനസംസ്‌കരണരീതികളുപയോഗിച്ച് ബ്ലോക്കുകളായാണ് ടി.എസ്.ആര്‍. അഥവാ ബ്ലോക്ക് റബ്ബര്‍ നിര്‍മിക്കുന്നത്.
ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് നാച്വറല്‍ റബ്ബര്‍ അഥവാ ഐ.എസ്.എന്‍.ആര്‍., സ്റ്റാന്‍ഡേഡ് മലേഷ്യന്‍ റബ്ബര്‍ അഥവാ എസ്.എം.ആര്‍. എന്നിവ ഈ ഗണത്തില്‍പ്പെടുന്നവയാണ്.
ബി.ഐ.എസ്. മാനദണ്ഡങ്ങളനുസരിച്ച് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് നാച്വറല്‍ റബ്ബറിനെ ഐ.എസ്.എന്‍.ആര്‍. 3 സി.വി., ഐ.എസ്.എന്‍.ആര്‍. 3 എല്‍., ഐ.എസ്.എന്‍.ആര്‍. 5, ഐ.എസ്.എന്‍.ആര്‍. 10, ഐ.എസ്.എന്‍.ആര്‍. 20, ഐ.എസ്.എന്‍.ആര്‍. 50 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
എസ്.എം.ആര്‍. 10, എസ്.എം.ആര്‍. 20 എന്നിവയും ടയര്‍നിര്‍മാണത്തിനുപയോഗിക്കുന്ന ടെക്‌നിക്കലി സ്‌പെസിഫൈഡ് റബ്ബര്‍ ഇനങ്ങളാണ്.
ലാറ്റക്‌സില്‍നിന്ന് നിര്‍മിക്കുന്ന ബ്ലോക്ക് റബ്ബറിന് ഗുണം കൂടും. കേരളത്തില്‍ ചില ഫാക്ടറികള്‍ ഒട്ടുപാലില്‍നിന്നാണ് ബ്ലോക്ക് റബര്‍ നിര്‍മിക്കുന്നത്.

ക്രെയ്പ് റബ്ബര്‍

ഉറകൂടിയ റബ്ബര്‍പാലോ ഒട്ടുപാലോ (വള്ളിപ്പാല്‍, ചിരട്ടപ്പാല്‍, മണ്‍പാല്‍) ക്രെയ്പുമില്ലിലെ ഭാരമേറിയ റോളറുകളില്‍ക്കൂടി കടത്തിവിട്ട് ചുളുങ്ങിയ േലയ്‌സുപോലുള്ള റബ്ബറാക്കിമാറ്റാന്‍ കഴിയും. ഈ ലേയ്‌സുകള്‍ വായുവില്‍ ഉണക്കിയെടുക്കുന്നതാണ് ക്രെയ്പ് റബ്ബര്‍. നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളെ അടിസ്ഥാനമാക്കി ക്രെയ്പ് റബ്ബറിനെ ഏഴാക്കി തരംതിരിച്ചിട്ടുണ്ട്.


അജന്‍ഡയില്‍ അവസാനത്തേത്

പ്രതികരണങ്ങള്‍
ംംം.ാമവേൃൗയവൗാശ.രീാല്‍ രേഖപ്പെടുത്തുക
ബാര്‍ കോഴക്കേസ് കത്തിനില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി തിരുവനന്തപുരത്തു നടക്കുകയാണ്. യോഗം തീരാറായപ്പോള്‍ അംഗങ്ങളില്‍ ചിലര്‍ ചോദിച്ചു: ”ഇങ്ങനെപോയാല്‍ മതിയോ? റബ്ബര്‍പ്രശ്‌നം ആളിക്കത്തുകയാണ്. പാര്‍ട്ടിയുടെ ഹീമോഗ്ലോബിനാണ് റബ്ബര്‍ കര്‍ഷകര്‍. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പണിപാളും. കസ്തൂരിരംഗന്‍പ്രശ്‌നം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടാക്കിയ ക്ഷീണം മാറിയിട്ടില്ല”. പിന്നെ ഒട്ടും അമാന്തിച്ചില്ല, റബ്ബര്‍വിഷയം ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കോട്ടയത്ത് റബ്ബര്‍ ബോര്‍ഡിനുമുന്നില്‍ സമരപരിപാടികള്‍ അരങ്ങേറുകയുംചെയ്തു. ഇപ്പറഞ്ഞത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം.
വില ഇത്രയുമിടിഞ്ഞിട്ടും റബ്ബര്‍ ആര്‍ക്കും മുഖ്യ അജന്‍ഡയല്ല. മറ്റെല്ലാ വിഷയങ്ങള്‍ക്കും ശേഷംമാത്രം ചര്‍ച്ചചെയ്യേണ്ട ഒന്ന്. വോട്ടുകിട്ടണമെങ്കില്‍ കര്‍ഷകന്റെ കണ്ണില്‍പ്പൊടിയിടാനുള്ളതെങ്കിലും ചെയ്യണമല്ലോ.

തയ്യാറാക്കിയത്:
എസ്.ഡി. സതീശന്‍ നായര്‍,
ഡി. അജിത് കുമാര്‍, ജോസഫ് മാത്യു,
കെ.ആര്‍. പ്രഹ്ലാദന്‍, ഹരി ആര്‍. പിഷാരടി

പ്രതികരണങ്ങള്‍
www.mathrubhumi.com -ല്‍ രേഖപ്പെടുത്തുക