Archive for മേയ് 24th, 2015|Daily archive page

വാറ്റ് ഒഴിവാക്കിയതും ചീറ്റിപ്പോയി 24-05-2015

അല്ലാതെ പറ്റില്ല 7

റബ്ബര്‍ വ്യവസായികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ച നടത്തിയാണ് റബ്ബറിന് മൂല്യവര്‍ധിത നികുതി(വാറ്റ്)യായി ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് ശതമാനം പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഈ തീരുമാനവും വന്‍കിടക്കാര്‍ സംഘടിച്ച് പൊളിച്ചു. ഇറക്കുമതിച്ചെലവും വാറ്റും ഒഴിവാകുമ്പോള്‍ വ്യവസായികള്‍ ഇവിടെ നിന്ന് റബ്ബര്‍ വാങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാറ്റിന് ചെലവാകുന്ന തുകകൂടി കര്‍ഷകന് നല്‍കണമെന്നായിരുന്നു ധാരണ.
അന്ന് ബാങ്കോക്കിലെ ആര്‍.എസ്.എസ്. 3 റബ്ബറിന്റെ വില കിലോയ്ക്ക് 135 രൂപയായിരുന്നു. അത് ഇന്ത്യയിലെ തുറമുഖത്തെത്തണമെങ്കില്‍ 11 രൂപ കൈകാര്യച്ചെലവ് വരും. 20 ശതമാനമായിരുന്നു ഇറക്കുമതിത്തീരുവ. 115ന്റെ 20 ശതമാനം 23 രൂപ. വാറ്റ് അഞ്ച് ശതമാനം. ഏതാണ്ട് അഞ്ചര രൂപ. എല്ലാംകൂടി കൂട്ടുമ്പോള്‍ ഏകദേശം 155 രൂപ കിലോയ്ക്ക് കിട്ടുമായിരുന്നു. എന്നാല്‍, എത്ര റബ്ബര്‍ സംഭരിക്കുമെന്ന് വ്യവസായികളില്‍നിന്ന് ഉറപ്പുവാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകാഞ്ഞത് തിരിച്ചടിയായി. ആദ്യഘട്ടത്തില്‍ വ്യവസായികള്‍ 46,650 ടണ്‍ റബ്ബര്‍ വാങ്ങി. എന്നാല്‍, പിന്നീട് അവര്‍ വിപണിയില്‍നിന്ന് പിന്‍വാങ്ങി. മാത്രമല്ല, അപ്പോഴേക്കും വിപണിയില്‍ റബ്ബര്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. വീണ്ടും വില കുറയുമെന്ന പ്രചാരണവുമുണ്ടായി. ഇതോടെ അല്‍പ്പമെങ്കിലും കൈയില്‍ സൂക്ഷിച്ചിരുന്നവര്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്തു.

റബ്ബര്‍ കാര്‍ഷികോത്പന്നമല്ല

ഇന്ത്യയില്‍ നിയമംകൊണ്ട് നിലനില്‍ക്കുന്ന ഏക കൃഷിയാണ് റബ്ബറെന്ന് ഇന്‍ഫാം നേതാവ് ഡോ. എം.സി. ജോര്‍ജ് പറയുന്നു. റബ്ബര്‍ ആക്ടിലെ 13ാം വകുപ്പനുസരിച്ച് റബ്ബറിന് കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കേണ്ടത് റബ്ബര്‍ ബോര്‍ഡാണ്. റബ്ബറിനെ കാര്‍ഷികോത്പന്നമായി കണക്കാക്കാത്തതാണ് അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന്. ഇപ്പോള്‍ വ്യാവസായിക അസംസ്‌കൃത വസ്തുവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 2011ലെ സെന്‍സസിനുള്ള നിര്‍ദേശങ്ങളില്‍ തേയില, കാപ്പി, തേങ്ങ, അടയ്ക്ക, റബ്ബര്‍ എന്നിവ കൃഷി ചെയ്യുന്നവരെ കൃഷിക്കാരെന്നല്ല, മറ്റു ജോലിയുള്ളവര്‍ എന്ന് രേഖപ്പെടുത്താനാണ് പറഞ്ഞിരുന്നത്. അതിന്റെയര്‍ഥം സര്‍ക്കാറിന്റെ വാര്‍ഷികപദ്ധതികളില്‍ കര്‍ഷകരുടെ ഗണത്തില്‍ ഇവര്‍ വരില്ല. ഫണ്ടും നീക്കിവെക്കില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ( ഇന്ത്യയില്‍ നിര്‍മിക്കുക) മാത്രം പറയാതെ ഗ്രോ ഇന്‍ ഇന്ത്യ (ഇന്ത്യയില്‍ നട്ടുവളര്‍ത്തുക) കൂടി പറയണമെന്ന് ഡോ. എം.സി. ജോര്‍ജ് ആവശ്യപ്പെടുന്നു.

മാറുന്ന വ്യവസായഘടന

ഇന്ത്യയിലെ മിക്ക റബ്ബര്‍ വ്യവസായങ്ങളുടെയും ഘടന ഇപ്പോഴും സ്വാഭാവിക റബ്ബര്‍ ഉപയോഗിക്കാവുന്നവിധമാണ്. അതിനാല്‍ 62 ശതമാനം അസംസ്‌കൃതവസ്തുവും സ്വാഭാവിക റബ്ബര്‍തന്നെ. വ്യവസായങ്ങളുടെ ഘടന സിന്തറ്റിക് റബ്ബര്‍ ഉപയോഗിക്കുംവിധം പരിഷ്‌കരിക്കപ്പെട്ടാല്‍ സ്വാഭാവിക റബ്ബറിന് വീണ്ടും ക്ഷീണമാകും.

ഇന്ത്യയിലും ഉത്പാദനം ഏറുന്ന സിന്തറ്റിക് റബ്ബര്‍

കേടാവാത്തതിനാല്‍ സിന്തറ്റിക് റബ്ബര്‍ എത്രവേണമെങ്കിലും ശേഖരിച്ച് സൂക്ഷിക്കാം. സ്വാഭാവികറബ്ബര്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ഇതിനില്ല. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ റിലയന്‍സും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സിന്തറ്റിക് റബ്ബര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ ഇറക്കുമതി വേണ്ടെന്ന സ്ഥിതിയാണ്. സ്വാഭാവിക റബ്ബറില്‍നിന്ന് വ്യത്യസ്തമായി സിന്തറ്റിക് റബ്ബറിന് സെസ്സില്ല.

ഭീഷണിയാകാന്‍ ഷെയ്ല്‍ ഓയിലും

ഷെയ്ല്‍ ഓയിലിന്റെ വരവോടെ ലോകം പുതിയൊരു രാസവിപ്ലവത്തിലേക്ക് നീങ്ങുകയാണ്. അമേരിക്ക ഷെയ്ല്‍ ഓയിലിന്റെ വന്‍ നിക്ഷേപം മുതലാക്കാന്‍ തുടങ്ങിയത് പരമ്പരാഗത എണ്ണയുത്പാദക രാജ്യങ്ങളെ ജാഗ്രതയിലാക്കി. വിപണി കൈവിട്ടുപോകാതിരിക്കാനാണ് അവരുടെ ശ്രമം. എണ്ണ ഉത്പാദനം കുറയ്‌ക്കേണ്ടെന്നും വില കൂട്ടേണ്ടെന്നുമാണ് ‘ഒപെക്’ തീരുമാനം. ഇതെല്ലാം കൃത്രിമ റബ്ബറിന്റെ ഉത്പാദനം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കും. അത് സ്വാഭാവിക റബ്ബറിനെ കൂടുതല്‍ ബാധിക്കും.ചൈനയുടെ
കുതിപ്പിന് ബ്രേക്ക്?
ചൈനയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞവര്‍ഷങ്ങളിലെ കുതിപ്പുവിട്ട് മന്ദഗതി പ്രാപിച്ചതോടെ അവരുടെ വ്യവസായരംഗത്തിനും ശോഭ മങ്ങുന്നു. പരമാവധി സിന്തറ്റിക് റബ്ബറിലേക്ക് അവര്‍ ചുവടുമാറുന്നു. സ്വാഭാവിക റബ്ബറിന്റെ ആവശ്യകത കുറയുന്നു.

സ്ഥിതിയുംവിവരവും അറിയാത്ത കണക്ക്

സ്ഥിതിവിവരക്കണക്കുകളാണ് ആസൂത്രണത്തിന്റെ അടിസ്ഥാനം. ശരിയായ സ്റ്റാറ്റിസ്റ്റിക്‌സ് കൈവശമുണ്ടെങ്കിലേ ശരിയായ നയവും പദ്ധതിയും രൂപപ്പെടുത്താനാവൂ. ഇന്ത്യയില്‍ റബ്ബറിന്റെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് വരുത്തിയ വീഴ്ച അക്ഷന്തവ്യമാണ്. അഞ്ച് വര്‍ഷത്തിനിടെ ഉത്പാദനം, ഉപഭോഗം, കയറ്റുമതി, ഇറക്കുമതി, സ്റ്റോക്ക് എന്നിവ സംബന്ധിച്ച് റബ്ബര്‍ ബോര്‍ഡ് തയ്യാറാക്കിയ കണക്ക് തട്ടിക്കൂട്ടായിരുന്നെന്ന വസ്തുത ഇതിനകം വെളിയില്‍വന്നിട്ടുണ്ട്. തെറ്റു തിരുത്താനെന്ന പേരില്‍ ഇപ്പോള്‍ പുതിയ കണക്കുകള്‍ അവതരിപ്പിക്കുന്നു. സ്ഥിതിവിവരക്കണക്കുകളിലും റബ്ബര്‍ബോര്‍ഡില്‍ത്തന്നെയും ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികം.

തൊട്ടാല്‍ പൊള്ളും; തൊടാതിരിക്കാം

കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികദിനത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രങ്ങള്‍ക്ക് നല്‍കിയ ലേഖനങ്ങളിലോ അഭിമുഖങ്ങളിലോ റബ്ബറിന്റെ കാര്യം ഇടംപിടിച്ചില്ല. മുഖ്യമന്ത്രിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ കാര്യങ്ങളിലോ, ആഗ്രഹിച്ചിട്ടും വേണ്ടത്ര വിജയിക്കാത്ത പദ്ധതികളിലോ അത് കണ്ടില്ല. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തില്‍ തൊടാതിരിക്കാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയായാലും കെ.എം. മാണിയായാലും ശ്രദ്ധിക്കുന്നത്.


തയ്യാറാക്കിയത്:
എസ്.ഡി. സതീശന്‍ നായര്‍,
ഡി. അജിത് കുമാര്‍,
ജോസഫ് മാത്യു,
കെ.ആര്‍. പ്രഹ്ലാദന്‍,
ഹരി ആര്‍. പിഷാരടി


പ്രതികരണങ്ങള്‍
www.mathrubhumi.com -ല്‍ രേഖപ്പെടുത്തുക