വയലും വീടും 22-06-2015

വയലും വീടും 22-06-2015

റബ്ബര്‍: 150 രൂപയില്‍ കുറവുള്ള തുക നല്‍കാമെന്ന് സര്‍ക്കാര്‍

*ഉപസമിതി രൂപവത്കരിച്ചു; രണ്ടാഴ്ചയ്ക്കകം തീരുമാനം

തിരുവനന്തപുരം: റബ്ബറിന് കിലോയ്ക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്നതിനുള്ള ഫോര്‍മുല സര്‍ക്കാര്‍ മുന്നോട്ടുെവച്ചു. റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയും തറവിലയായ 150 രൂപയും തമ്മില്‍ വ്യത്യാസം വരുന്ന തുക, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന സൂത്രവാക്യമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. റബ്ബര്‍ വിലയിടിവ് നേരിടുന്നതിന് കര്‍ഷകസംഘടനാ ഭാരവാഹികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ നിര്‍ദ്ദേശം മുന്നോട്ടുെവച്ചത്.

കര്‍ഷകസംഘടനാ പ്രതിനിധികള്‍ റബ്ബര്‍ സംഭരണമടക്കമുള്ള മറ്റുചില നിര്‍ദ്ദേശങ്ങളും ഉന്നയിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഉപസമിതിക്ക് രൂപംനല്‍കാന്‍ യോഗം തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം മന്ത്രി കെ.എം.മാണി പറഞ്ഞു.

സ്‌ക്രാപ്പ് റബ്ബര്‍ ഒഴികെയുള്ള എല്ലാ റബ്ബറിനും 150 രൂപ ഉറപ്പാക്കുന്നതാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. 300 കോടി രൂപയാണ് റബ്ബര്‍ സംഭരണത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ചായിരിക്കും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുക. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകരെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

കര്‍ഷകര്‍ റബ്ബര്‍ ഉല്പാദകസംഘങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അക്ഷയ സെന്റര്‍ വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ നടത്താം. അവര്‍ അംഗീകൃത വ്യാപാരികള്‍ക്ക് വില്‍ക്കുന്ന റബ്ബറിന്റെ അളവ് സംഘം പ്രസിഡന്റും റബ്ബര്‍ ബോര്‍ഡിന്റെ ഫീല്‍ഡ് ഓഫീസറും സാക്ഷ്യപ്പെടുത്തണം. ഇത് അടിസ്ഥാനമാക്കി സഹായധനം നല്‍കാം. സര്‍ക്കാര്‍ മുന്നോട്ടുെവച്ച നിര്‍ദ്ദേശത്തിന്റെ കാതലിതാണ്.

കര്‍ഷകര്‍ക്ക് 150 രൂപയെങ്കിലും ഉറപ്പാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ വഴി റബ്ബര്‍ സംഭരിക്കണമെന്ന നിര്‍ദ്ദേശം പി.സി.സിറിയക് മുന്നോട്ടുെവച്ചു. ആര്‍.എസ്.എസ്. നാല് വിഭാഗത്തില്‍പ്പെടുന്ന റബ്ബര്‍ ഈവിധം സംഭരിച്ചാല്‍ മറ്റ് വിഭാഗങ്ങള്‍ക്കും വില താനേ കൂടും. 30 കോടി രൂപയ്ക്ക് സംഭരണം നടത്തിയാല്‍ത്തന്നെ അതിന്റെ ചലനം വിപണിയില്‍ ഉണ്ടാകും. റബ്ബര്‍ത്തടി വ്യാപാരത്തെ വാറ്റ് നികുതിയിലും മറ്റും ഇളവുനല്‍കി പ്രോത്സാഹിപ്പിക്കണം. റബ്ബര്‍ത്തടിയെ കാര്‍ഷിക ഉത്പന്നമായി കണകാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോട് പല കര്‍ഷകസംഘടനാ ഭാരവാഹികളും യോജിച്ചു.

എന്നാല്‍, സംഭരണത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാരിന് ഗോഡൗണുകള്‍ ഇല്ലാത്തത് പ്രധാന പോരായ്മയാണ്. സംഭരിക്കുന്ന റബ്ബര്‍ ഏറെനാളിരുന്നാല്‍ നശിക്കും. മുന്‍ കാലങ്ങളില്‍ സംഭരണം നടത്തിയത് പരാജയപ്പെട്ട അനുഭവങ്ങളും കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഹെക്ടറില്‍നിന്ന് 1800 കിലോ റബ്ബര്‍ ഉല്പാദനമെന്ന തോതില്‍ ധനസഹായം നല്‍കണമെന്ന് പി.കെ.ചിത്രഭാനു നിര്‍ദ്ദേശിച്ചു. എന്നാല്‍, ഉല്പാദനത്തില്‍ വ്യത്യസ്തതയുള്ളതിനാല്‍ ഇങ്ങനെ കണകാക്കുന്നത് ശാസ്ത്രീയമാകില്ലെന്ന അഭിപ്രായമുയര്‍ന്നു.

ധനസഹായം നല്‍കുന്ന പദ്ധതിക്കുപുറമെ, റബ്ബര്‍ സംഭരണത്തിനുള്ള സാധ്യതയും ആരായണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ് നിര്‍ദ്ദേശിച്ചു.

അഞ്ച് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വിപണിവിലയും തറവിലയും തമ്മിലുള്ള അന്തരം ധനസഹായമായി നല്‍കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. എന്നാല്‍, ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഇതുമൂലം കുറയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജോസ് കെ.മാണി എം.പി., അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, പി.ആര്‍.മുരളീധരന്‍, വിവിധ കര്‍ഷക സംഘടനാ ഭാരവാഹികള്‍, റബ്ബര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Courtesy : Mathrubhumi

റബ്ബര്‍: ഒരുലക്ഷം ടണ്ണെങ്കിലും സംഭരിച്ചാലേ വിപണി ചലിക്കൂ

തൊടുപുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍സംഭരണം സംബന്ധിച്ച് ആശങ്കകള്‍ ഇപ്പോഴും ബാക്കി. കര്‍ഷകര്‍ റബ്ബറുല്പാദകസംഘങ്ങളില്‍(ആര്‍.പി.എസ്.) രജിസ്റ്റര്‍ ചെയ്യണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. സംസ്ഥാനത്ത് 2500ഓളം ആര്‍.പി.എസ്. ഉണ്ടെങ്കിലും സജീവമായി പ്രവര്‍ത്തിക്കുന്നവ നാനൂറോളമേ വരൂ. ഇല്ലാത്ത സ്ഥലങ്ങള്‍ ഏറെ. ഇനി രജിസ്‌ട്രേഷന്‍ ആരംഭിക്കാമെന്നുവച്ചാലും സമയമെടുക്കും. റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന ഒമ്പതിനായിരത്തോളം കച്ചവടക്കാര്‍വഴിയാണ് റബ്ബര്‍ ശേഖരിക്കുക. എന്നാല്‍ റബ്ബര്‍ പ്രതിസന്ധിയുണ്ടായകാലത്ത് ഇതില്‍ 20 ശതമാനത്തോളംപേര്‍ രംഗംവിട്ടിരുന്നു. ബാക്കിയുള്ളവരില്‍ എത്രപേര്‍ക്ക് മതിയായ സംഭരണസൗകര്യങ്ങളുണ്ടെന്നതും പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനാവില്ലെങ്കിലും ഇതില്‍ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. റബ്ബര്‍ വിറ്റാല്‍ 150രൂപ കിട്ടുമെങ്കില്‍ കര്‍ഷകന്‍ സൂക്ഷിച്ചുവെക്കാതെ വിറ്റോളും എന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ കച്ചവടക്കാരന് ഇവിടെ മറ്റൊരു സാധ്യതയുണ്ട്. ഭേദപ്പെട്ട നിലയിലുള്ളവര്‍ ഇനിയും വിലകയറുമെന്നു പ്രതീക്ഷിച്ച് റബ്ബര്‍ വിപണിയില്‍ എത്തിക്കാതിരിക്കാം. ഇത് മാര്‍ക്കറ്റില്‍ വീണ്ടും റബ്ബര്‍ലഭ്യത കുറയ്ക്കും. ടയര്‍ കമ്പനികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാര്‍ക്കറ്റില്‍ റബ്ബര്‍ യഥേഷ്ടം ഉണ്ടായിരിക്കുകയാണു വേണ്ടത്. ഇല്ലെങ്കില്‍ അവര്‍ക്ക് ആവശ്യത്തിന് ഇറക്കുമതി ചെയ്യാനാകും. കര്‍ണാടകത്തിലുംമറ്റും കൃഷി നടത്തുന്നവര്‍ റബ്ബര്‍ ഇവിടെയെത്തിച്ച് സബ്‌സിഡി നേട്ടമുണ്ടാക്കുമോയെന്ന സംശയവുമുണ്ട്. അവിടെ കൃഷിചെയ്യുന്നവരില്‍ കൂടുതല്‍ മലയാളികളായതിനാല്‍ അത് കുഴപ്പമില്ലെന്നു വാദിക്കുന്നവരുമുണ്ട്. സംഭരിക്കുന്ന റബ്ബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ ഇച്ഛാശക്തി കാട്ടേണ്ടിവരും. ഡ്യൂട്ടിയടച്ച് കൊണ്ടുവരുന്ന റബ്ബറിന്റെ അതേവിലയ്ക്ക് ഇവിടെ റബ്ബര്‍ എത്രവേണമെങ്കിലും നല്‍കാമെന്ന് കമ്പനികള്‍ക്ക് ഉറപ്പുകൊടുക്കേണ്ടിവരും. ഒരുലക്ഷം ടണ്‍ റബ്ബറെങ്കിലും വിപണിയില്‍നിന്ന് ഇപ്പോള്‍ സംഭരിച്ചാലേ വിലയില്‍ സ്ഥായിയായ എന്തെങ്കിലും മാറ്റംവരൂ. സംഭരണമല്ല, വിപണിയിടപെടലാണു വേണ്ടതെന്ന് ആവശ്യപ്പെടുന്നവരുണ്ട്. വിപണിയിലെത്തുന്ന റബ്ബര്‍ പൊതുവെ സ്വീകാര്യമായ തുകയ്ക്ക് വാങ്ങുകയും ചെലവും ലാഭവും കൂട്ടി ആവശ്യക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്നതാണ് വിപണിയിടപെടല്‍. ഗോഡൗണ്‍സൗകര്യവും റബ്ബര്‍ കൈകാര്യംചെയ്തു പരിചയവുമുള്ള വെയര്‍ഹൗസിങ് കോര്‍പ്പറേഷനെ ഇതിനുപയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം. ടയര്‍ കമ്പനികള്‍ ഇറക്കുമതിചെയ്യുന്ന റബ്ബറിന്റെ വിലയോടൊപ്പം 25 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും കൈകാര്യച്ചെലവും കൂടുന്ന വില കണക്കാക്കി ഒരാഴ്ചത്തെ ശരാശരിവില നിശ്ചയിക്കണമെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്നത്. ആ വിലയ്ക്ക് അടുത്തയാഴ്ചയാദ്യം റബ്ബര്‍ വാങ്ങുകയും ആഴ്ചയവസാനത്തിനുമുമ്പ് ഡെലിവറി എടുക്കുകയും വേണം. ഓരോ ആഴ്ചയും ഏജന്‍സി വാങ്ങുന്ന റബ്ബര്‍ അടുത്തയാഴ്ച വില്പനയ്ക്കുവെക്കാം. എല്ലാ ചെലവുകളും ചേര്‍ത്തുവരുന്ന വില പ്രഖ്യാപിക്കാം. ലൈസന്‍സുള്ള കച്ചവടക്കാരനോ ടയര്‍ കമ്പനികള്‍ക്കോ നല്‍കാം. വാങ്ങാന്‍ രണ്ടുകൂട്ടര്‍ ഉണ്ടാകുന്നതിനാല്‍ മത്സരമുണ്ടാകുകയും മെച്ചപ്പെട്ട ഓഫര്‍ ലഭിക്കുകയുംചെയ്യും. അവലംബം – മാതൃഭൂമി rubber.pro മാതൃഭൂമി ക്ലിപ്പ് –  http://digitalpaper.mathrubhumi.com/c/5552518